"മീശ സിനിമയിലെ കഥ പോലെത്തന്നെയായിരുന്നു അതിന്‍റെ ഷൂട്ടിങ്ങും, ഞങ്ങള്‍ക്കത് മറക്കാനാകാത്ത അനുഭവം"

"മീശ സിനിമയിലെ കഥ പോലെത്തന്നെയായിരുന്നു അതിന്‍റെ ഷൂട്ടിങ്ങും, ഞങ്ങള്‍ക്കത് മറക്കാനാകാത്ത അനുഭവം"
Published on

ഒരുപാട് പ്രതിസന്ധികൾ മറികടന്നാണ് മീശ സിനിമയുടെ ഷൂട്ടിങ് തീർത്തതെന്ന് നടന്മാരായ സുധി കോപ്പ, ഹക്കീം ഷാജഹാൻ, ഉണ്ണി ലാലു. ഏറ്റെടുത്ത പരിപാടി ചെയ്ത് തീർക്കുക എന്ന വിചാരത്തിലാണ് എല്ലാവരും സിനിമയ്ക്കായി പ്രവർത്തിച്ചത്. ഒരുമിച്ച് നിന്ന്, പരാതിയും പരിഭവവും പറയാതെ സിനിമ ഷൂട്ട് തീർക്കുക എന്ന നിലപാടായിരുന്നു മുന്നോട്ട് നയിച്ചതെന്നും ഹക്കീം, സുധി, ഉണ്ണി ലാലു എന്നിവർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഹക്കീം ഷാജഹാന്റെ വാക്കുകൾ

ഒരുപാട് ആളുകളുടെ കാലിൽ അട്ട കടിച്ച്, വീണ്, ഒടിഞ്ഞ് ഒക്കെയാണ് മീശ സിനിമയിലെ ആ പോർഷൻ കംപ്ലീറ്റ് ചെയ്തത്. പക്ഷെ, അവസാനം ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് നടത്തിയെടുക്കുക എന്നത്. സിനിമയിൽ ഒരു സീനുണ്ട്. ഷൂട്ട് ചെയ്യുന്നത് ഒരു കൊക്കയുടെ അടുത്താണ്. അവിടേക്ക് നടന്മാരായ ഞങ്ങൾക്ക് എളുപ്പം വരാം. അധികം ജോലിയും ഇല്ല. പക്ഷെ, ഈ പ്രൊഡക്ഷനിലെ ആളുകൾ അത്രയും വെയ്റ്റും താങ്ങി ആ കാട്ടിലേക്ക് വരുന്നതൊക്കെ വലിയ എഫർട്ടാണ്. അതിന് കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ ഒരു പ്രൊഡ്യൂസറുമുണ്ടായിരുന്നു.

പൊതുവെ ആണുങ്ങൾക്കുള്ള ആറ്റിറ്റ്യൂട് ആണ് 'Just Get it Done'. പരിപാടി ഏറ്റിട്ടുണ്ടെങ്കിൽ അത് തീർത്ത് കൊടുക്കുക. ഈ സിനിമയിലും അങ്ങനെയായിരുന്നു. ഒരു കാര്യം തുടങ്ങിക്കഴിഞ്ഞാൽ അത് അവസാനിപ്പിക്കുക. അല്ലാതെ, അതിനിടയിൽ ഒരു പരിഭവം പറച്ചിലോ, പിണങ്ങി പോക്കോ, വയ്യാതിരിക്കുകയോ ഒന്നുമില്ല. ഇത്തരത്തിൽ ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു മീശയുടെ ഷൂട്ടിങ് സമയം. ഹക്കീം ഷാജഹാൻ പറഞ്ഞു.

എംസി ജോസഫ് സംവിധാനം ചെയ്ത് കതിർ, ഹക്കീം ഷാജഹാൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയാണ് മീശ. ആൺ സൗഹൃദങ്ങളുടെ കഥ പറയുന്ന സിനിമ എന്നാണ് ചിത്രത്തെക്കുറിച്ച് എഴുത്തുകാരനും സംവിധായകനുമായ എംസി ജോസഫ് പറഞ്ഞിരുന്നത്. സജീർ ​ഗഫൂറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in