
മീശ എന്ന സിനിമയിൽ ഷൈൻ ടോം ചാക്കോ ചെയ്ത കഥാപാത്രം ചെയ്യാൻ തനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു എന്ന് നടൻ ഹക്കീം ഷാജഹാൻ. സംവിധായകൻ കഥ നരേറ്റ് ചെയ്ത് തന്നത് വളരെ രസകരമായാണ്. അപ്പോൾ തന്നെ ഷൈനിന്റെ കഥാപാത്രം കണ്ണിൽ ഉടക്കിയിരുന്നു. പല തവണ താനത് ചെയ്തോട്ടേ എന്ന് ചോദിച്ചിരുന്നെങ്കിലും സംവിധായകൻ അതിന് സമ്മതം മൂളിയില്ല എന്ന് ക്യു സ്റ്റുഡിയോയോട് ഹക്കീം പറഞ്ഞു.
ഹക്കീം ഷാജഹാന്റെ വാക്കുകൾ
ഭയങ്കര രസമായാണ് എംസി ജോസഫ് മീശ എന്ന സിനിമ നരേറ്റ് ചെയ്ത് തന്നത്. അത് കേട്ടപ്പൊ തന്നെ, പിടിക്കാം, നല്ല രസമുള്ള പരിപാടി എന്ന് തോന്നി. ഷൈൻ ടോം ചാക്കോ ചെയ്ത കഥാപാത്രം എനിക്ക് ഭയങ്കര ഇഷ്ടമുള്ള ക്യാരക്ടറായിരുന്നു. അത് കിട്ടുമോ എന്ന് നോക്കാൻ ഞാൻ ചില ശ്രമങ്ങളൊക്കെ നടത്തി നോക്കി. പക്ഷെ, സംവിധായകൻ ആ റോൾ ചെയ്യാൻ ഷൈൻ മതി എന്ന് നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. എന്റെ കഥാപാത്രം പറഞ്ഞ് ഉറപ്പിച്ചിരുന്നെങ്കിലും, ഷൈനിന്റെ കഥാപാത്രം ആരാ ചെയ്യുന്നത് എന്ന് ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കുമായിരുന്നു.
പിന്നെ, അദ്ദേഹം സിനിമയിലൂടെ ഉദ്ദേശിച്ചത് മസ്കുലിനിറ്റെയെ എംബ്രേസ് ചെയ്യുന്ന പരിപാടിയാണ്. അപ്പൊ പുരുഷന്മാരെ മുന്നിൽ നിർത്തിക്കൊണ്ട് അവരിലെ പ്രശ്നങ്ങളെ പുറത്ത് കാണിച്ച് കോൺഫ്ലിക്റ്റുകൾ ഉണ്ടാക്കുകയും ഓരോ ആളുകളിലും ഒളിഞ്ഞിരിക്കുന്ന ഷെയിഡുകൾ പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു സിനിമ നല്ലതായിരിക്കും എന്ന് എനിക്ക് തോന്നി. ആദ്യം കൊമ്പൻ എന്നൊരു പേരാണ് സിനിമയ്ക്ക് ഫിക്സ് ചെയ്തിരുന്നത്. അത് രജിസ്റ്റർ ചെയ്യാൻ പോകുന്ന സമയത്താണ് ആലോചിച്ചത്, കൊമ്പും കൊമ്പനുമെല്ലാം നേരത്തെ ഉണ്ടല്ലോ, വർക്ക് ആവില്ലല്ലോ എന്ന്. അപ്പോൾ അതുമായി ചേർന്ന് നിൽക്കുന്ന, പുരുഷന്മാരുടെ ഒരു സംഗതി എന്നതിനെ അർത്ഥമാക്കിയാണ് മീശ എന്ന ടൈറ്റിലിലേക്ക് എത്തുന്നത്.