'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിപിൻ‌ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന വിനുവിന്റെ കല്യാണവുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കല്യാണത്തിനായി ഗൾഫിൽ നിന്ന് നാട്ടിലെത്തുന്ന ബേസിലിന്റെ വിനു എന്ന കഥാപാത്രവും തുടർന്ന് ആ കല്യാണം മുടക്കാൻ നിരവധി പേർ ശ്രമിക്കുന്നതുമാകാം സിനിമയെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്നത്. വിനു കല്യാണം കഴിക്കാൻ പോകുന്ന അഞ്ജലിയുടെ സഹോദരനായ ആനന്ദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്നെ ചിരിപ്പിച്ച ഒരുപാട് മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്. എന്നാൽ ചിരി മാത്രമല്ല കുറെ ആശയക്കുഴപ്പങ്ങളും ഈ സിനിമയുടെ ഭാഗമാണ്. ഇതിന് മുൻപ് നമ്മളൊരു സിനിമയിലോ കഥയിലോ കേട്ടിട്ടില്ലാത്ത ഒരു കാര്യമാണ് ഗുരുവായൂരമ്പല നടയിലിന്റെ ഫൗണ്ടേഷൻ എന്ന് ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രം മെയ് 16 ന് തിയറ്ററുകളിലെത്തും.

ചിത്രത്തിനായി അജു വർഗീസ് ആലപിച്ച കെ ഫോർ കൃഷ്ണ എന്ന ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആദ്യമായാണ് അജു വർഗീസ് ഗായകനാകുന്നത്. ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമ കൊണ്ട് വിശ്വാസികള്‍ക്കോ, അല്ലെങ്കില്‍ അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കോ ഒന്നും ഒരു രീതിയിലും ഉള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല. അത് മാത്രമല്ല, ഒരിക്കലെങ്കിലും ഗുരുവായൂര്‍ അമ്പലത്തില്‍ പോയവര്‍ക്കും അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കും ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപ്പെടുമെന്നും സംവിധായകൻ വിപിൻ ദാസ് മുൻപ് പറഞ്ഞിരുന്നു.

ജയ ജയ ജയ ജയ ഹേ ക്ക് ശേഷം വിപിൻ ദാസ് ഒരുക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, യോഗി ബാബു, സിജു സണ്ണി, ജോമോൻ ജ്യോതിർ, സാഫ്ബോയ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും ഇ4 എന്റര്‍ട്ടെയിന്‍മെന്റിന്റേയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നീരജ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റർ ജോൺകുട്ടി ആണ്. അങ്കിത് മേനോൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in