'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരംമ്പല നടയിൽ’' എന്ന ചിത്രത്തിന്റെ റിലീസ് ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന വിനു കല്യാണം കഴിക്കാൻ പോകുന്ന അഞ്ജലിയുടെ സഹോദരനായ ആനന്ദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്റെ ഒരു അനുഭവത്തിൽ ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല എന്ന ബേസിലിന്റെ സംഭാഷാണത്തിൽ തുടങ്ങുന്ന ടീസറിൽ മുൻപ് പുറത്തുവിട്ട ട്രെയിലറിന് വിപരീതമായി എല്ലാവരെയും തല്ലുകയും ദേഷ്യപ്പെടുകയും ചെയ്യുന്നൊരു പൃഥ്വിരാജ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സർപ്രൈസ് ഫാക്ടർ പൃഥ്വിരാജ് ആയിരിക്കുമെന്നും ഒരു പുതിയ പൃഥ്വിരാജിനെ ആകും സിനിമയിലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നതെന്നും ഗലാട്ടക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ വിപിൻ‌ ദാസ് വെളിപ്പെടുത്തിയിരുന്നു.

ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന വിനുവിന്റെ കല്യാണവുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കല്യാണത്തിനായി ഗൾഫിൽ നിന്ന് നാട്ടിലെത്തുന്ന ബേസിലിന്റെ വിനു എന്ന കഥാപാത്രവും തുടർന്ന് ആ കല്യാണം മുടക്കാൻ നിരവധി പേർ ശ്രമിക്കുന്നതുമാകാം സിനിമയെന്ന സൂചനയാണ് ചിത്രത്തിന്റെ മുൻപ് പുറത്തിറങ്ങിയ ട്രെയ്‌ലർ നൽകിയത്. ചിത്രം മെയ് 16 ന് തിയറ്ററുകളിലെത്തും.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, യോഗി ബാബു, സിജു സണ്ണി, ജോമോൻ ജ്യോതിർ, സാഫ്ബോയ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും ഇ4 എന്റര്‍ട്ടെയിന്‍മെന്റിന്റേയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നീരജ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റർ ജോൺകുട്ടി ആണ്. അങ്കിത് മേനോൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in