​'ഗുളികൻ ഇതുവഴി ചൂട്ടും കത്തിച്ച് പോവാറുണ്ടത്രേ'; ഫാന്റസി ഹൊറർ ചിത്രവുമായി ദേവനന്ദയുടെ ​'ഗു' ട്രെയ്ലർ

​'ഗുളികൻ ഇതുവഴി ചൂട്ടും കത്തിച്ച് പോവാറുണ്ടത്രേ'; ഫാന്റസി ഹൊറർ ചിത്രവുമായി ദേവനന്ദയുടെ ​'ഗു' ട്രെയ്ലർ

നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്ത സെെജു കുറുപ്പ് ദേവനന്ദ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഗു' എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ഫാന്‍റസി ഹൊറർ ചിത്രമാണ് ​ഗു. മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രം മെയ് 17 ന് ലോകമെമ്പാടുമുള്ള തീയേറ്റുകളിൽ പ്രദർശനത്തിനെത്തും.

ചിത്രത്തിൽ മിന്ന എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ​ഗുളികൻ എന്ന തെയ്യവും ഒരു കഥാപാത്രമായി എത്തുന്നുണ്ട് എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. സെെജു കുറുപ്പാണ് ചിത്രത്തിൽ ദേവനന്ദയുടെ അച്ഛനായി എത്തുന്നത്. നടി അശ്വതി മനോഹരനാണ് അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ബി.ഉണ്ണികൃഷ്ണന്റെ സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് 'ഗു'. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സംഗീതം: ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ്‌: വിനയൻ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂ‍ർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ: ദിവ്യാ ജോബി, പ്രൊഡക്ഷൻ കൺട്രോളർ‍: എസ്.മുരുകൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: എൻ ഹരികുമാർ‍, വിഎഫ്എക്സ്: കൊക്കനട്ട് ബഞ്ച്, സ്റ്റിൽസ്: രാഹുൽ രാജ് ആർ, ഡിസൈൻസ്: റോക്കറ്റ് സയൻസ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

Related Stories

No stories found.
logo
The Cue
www.thecue.in