'അത് ആരോ പടച്ചുവിട്ട വാചകങ്ങള്‍', തന്റെ പേരില്‍ ഈശോ ചിത്രത്തിനെതിരെ നടക്കുന്ന പ്രചരണം വ്യാജമെന്ന് ഗോപിനാഥ് മുതുകാട്

'അത് ആരോ പടച്ചുവിട്ട വാചകങ്ങള്‍', തന്റെ പേരില്‍ ഈശോ ചിത്രത്തിനെതിരെ നടക്കുന്ന പ്രചരണം വ്യാജമെന്ന് ഗോപിനാഥ് മുതുകാട്

നാദിര്‍ഷാ ചിത്രം 'ഈശോ'ക്കെതിരെ തന്റെ പേരില്‍ നടക്കുന്ന പ്രചരണം വ്യാജമെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. തന്റെ പേരില്‍ പ്രചരിക്കുന്നത് മറ്റാരുടെയോ വാചകങ്ങളാണെന്നും, സ്വന്തം അഭിപ്രായങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ മറ്റൊരാളെ അയാളുടെ സമ്മതമില്ലാതെ വലിച്ചിഴക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ഗോപിനാഥ് മുതുകാട് പറയുന്നു.

'മനുഷ്യന് ദൈവമായി തീരാനുള്ള വാതിലാണ് ബൈബിള്‍ എങ്കില്‍, ആ വാതില്‍ നമുക്കായി തുറക്കുന്നവന്‍ യേശു എങ്കില്‍, ഭൂമിയിലെ എത്ര മഹനീയമായ കലാസൃഷ്ടിക്കുപോലും ഈശോ എന്ന് പേരിടുന്നത് അവഹേളനമാണ്. ആരുടെ ഏത് സൃഷ്ടിക്കാണ് സ്വര്‍ഗ്ഗത്തില്‍നിന്ന് രക്ഷക്കായി നല്‍കപ്പെട്ട അവന്റെ വ്യക്തിത്വത്തിന്റെ നാമം വഹിക്കാന്‍ യോഗ്യമായിട്ടുള്ളത്', ഇങ്ങനെയായിരുന്നു ഗോപിനാഥ് മുതുകാടിന്റെ പേരില്‍ പ്രചരിച്ച സന്ദശം. അദ്ദേഹത്തിന്റെ ചിത്രവും വ്യാജപ്രചരണത്തോടൊപ്പം പങ്കുവെക്കപ്പെട്ടിരുന്നു.

'എന്റെ ചിത്രത്തോടൊപ്പം ആരോ പടച്ചുവിട്ട ഈ വാചകങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നു. ഇതുമായി എനിക്ക് ഒരു ബന്ധവുമില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു. സ്വന്തം അഭിപ്രായങ്ങള്‍ സ്ഥാപിച്ചെടുക്കുവാന്‍ മറ്റൊരാളെ അയാളുടെ സമ്മതമില്ലാതെ ദയവായി വലിച്ചിഴക്കരുത്', വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയായി ഗോപിനാഥ് മുതുകാട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നാദിര്‍ഷ-ജയസൂര്യ ചിത്രത്തിന് യേശു എന്ന് പേര് നല്‍കിയത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം. ചിത്രത്തിന്റെ പേര് മാറ്റണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in