റെക്കോര്‍ഡ് തുകയ്ക്ക് ലിയോ കേരളത്തിലെത്തിക്കാന്‍ വിതരണക്കാരുടെ മത്സരം ; മുന്നില്‍ ഗോകുലം മൂവീസ്

റെക്കോര്‍ഡ് തുകയ്ക്ക് ലിയോ കേരളത്തിലെത്തിക്കാന്‍ വിതരണക്കാരുടെ മത്സരം ; മുന്നില്‍ ഗോകുലം മൂവീസ്

ഇതരഭാഷാ താരങ്ങളില്‍ കേരളത്തില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുക ലഭിക്കാറുള്ളത് വിജയ്ക്കാണ്. ഒരു മലയാള ചിത്രത്തിന്റെ ശരാശരി ബജറ്റിന് മുകളില്‍ ചെലവഴിച്ചാണ് വിജയ് ചിത്രങ്ങള്‍ കേരളത്തില്‍ വിതരണത്തിനെടുക്കുന്നത്. ലോകേഷ് കനകരാജും വിജയ്യും ഒന്നിക്കുന്ന 'ലിയോ' കേരളത്തില്‍ വിതരണത്തിനെത്തിക്കാന്‍ വലിയ മത്സരം. 15 കോടിക്ക് മുകളിലാണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിക്കാന്‍ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കൂടുതല്‍ തുകയുമായി വിതരണാവകാശത്തിനായുള്ള മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഗോകുലം ഗോപാലനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. . നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ തന്നെയാവും കേരളത്തില്‍ ലിയോ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

5 പ്രധാന വിതരണക്കാരാണ് ചിത്രം കേരളത്തിലെത്തിക്കാന്‍ മത്സരത്തിലുള്ളത്. നേരത്തെ കേരളത്തിലെ തിയറ്ററുടമകളുടെ സംഘടന ഫിയോക് ചിത്രം കേരളത്തില്‍ വിതരണത്തിനെടുക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഫിയോക് എക്സിക്യൂട്ടിവ് അംഗവും ഷേണോയ്‌സ് ഗ്രൂപ്പ് തിയറ്ററുകളുടെ ഉടമയുമായ സുരേഷ് ഷേണായ് ഈ വാര്‍ത്ത തെറ്റാണെന്നു ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചിരുന്നു. പുറത്തുവരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നഇതരഭാഷചിത്രമാകും വിജയ്യുടെ ലിയോ.

കമല്‍ഹാസന്‍ ചിത്രം വിക്രമിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. ലളിത് കുമാറിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും ജഗദീഷ് പളനിസ്വാമിയുടെ ദ റൂട്‌സും ചേര്‍ന്നാണ് ലിയോ നിര്‍മ്മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, മിഷ്‌കിന്‍, ഗൗതം മേനോന്‍, ബാബു ആന്റണി, മാത്യൂ തോമസ് എന്നിവരാണ് ലിയോയിലെ മറ്റു താരങ്ങള്‍. 'മാസ്റ്റര്‍' എന്ന സിനിമക്ക് ശേഷം ലോകേഷും വിജയ്യും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ലിയോക്കുണ്ട്.

കൈദി, വിക്രം എന്നി സിനിമകളെപോലെ ലിയോയും ലോകേഷ് കനകരാജ് യുണിവേഴ്‌സില്‍ ഉള്‍പ്പെടുമോ ഇല്ലയോ എന്ന് പിന്നീട് അറിയിക്കുമെന്നും സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ അടുത്ത അപ്ഡേറ്റ് വിജയ്യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ ഇരുപത്തി രണ്ടിന് പുറത്തുവിടുമെന്ന് സിനിമയുടെ നിര്‍മ്മാതാവായ ലളിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അനിരുദ്ധ് രവിചന്ദറാണ് മ്യൂസിക്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. ചിത്രം 2023 പൂജ അവധികളോടനുബന്ധിച്ച് ഒക്ടോബര്‍ 19ന് റിലീസിനെത്തും.

മണിരത്‌നം സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. തമിഴിലെ മുന്‍നിര നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചതും ശ്രീകോകുലം മൂവീസ് തന്നെയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in