'ക്രിസ്റ്റ്യൻ ബെയ്‌ലിനുള്ള എന്റെ ട്രിബ്യൂട്ടാണ് ഇത്'; ആടുജീവിതത്തിലെ ഞെട്ടിക്കുന്ന ഫിസിക്കൽ ട്രാൻസ്ഫമേഷൻ ചിത്രം പങ്കുവച്ച് ​ഗോകുൽ

'ക്രിസ്റ്റ്യൻ ബെയ്‌ലിനുള്ള എന്റെ ട്രിബ്യൂട്ടാണ് ഇത്'; ആടുജീവിതത്തിലെ ഞെട്ടിക്കുന്ന ഫിസിക്കൽ ട്രാൻസ്ഫമേഷൻ ചിത്രം പങ്കുവച്ച് ​ഗോകുൽ

‘ആടുജീവിതം’ സിനിമയ്ക്ക് വേണ്ടി നടത്തിയ മേക്കോവർ ചിത്രം പങ്കുവെച്ച് നടൻ ​ഗോകുൽ കെ.ആർ. ആടുജീവിതത്തിൽ ഹക്കീം എന്ന കഥാപാത്രത്തെയാണ് ​ഗോകുൽ അവതരിപ്പിച്ചത്. ഹക്കീം എന്ന കഥാപാത്രത്തിന് വേണ്ടി നടത്തിയ ഫിസിക്കൽ ട്രാൻസ്ഫമേഷന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ​ഗോകുൽ. ഫിസിക്കൽ ട്രാൻസ്ഫമേഷനിൽ ഇങ്ങനെയൊരു ശ്രമം നടത്താൻ തനിക്ക് പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്ൽ ആണെന്ന് ഇൻസ്റ്റ​ഗ്രാമിലൂടെ ചിത്രം പങ്കുവച്ചു കൊണ്ട് ​ഗോകുൽ എഴുതി.

​ഗോകുലിന്റെ പോസ്റ്റ്:

ആടുജീവിതത്തിലെ ഹക്കീം ആകാൻ എനിക്കു പ്രചോദനമായത് ക്രിസ്റ്റ്യൻ ബെയ്‌ലിന്റെ ആത്മസമർപ്പണമാണ്. 2004-ൽ ദി മെഷിനിസ്റ്റ് എന്ന സിനിമയിലെ ട്രവർ റെസ്നിക് എന്ന കഥാപാത്രത്തിനായി അദ്ദേഹം 28 കിലോയാണ് കുറച്ചത്. വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. ഇതെന്നെ ആഴത്തിൽ പ്രചോദിപ്പിച്ചു. ആ സിനിമയിൽ ബെയ്‌ലിന്റെ പ്രകടനം മൂലമാണ് ആ സിനിമ അറിയപ്പെട്ടതു തന്നെ. അദ്ദേഹത്തിൻ്റെ ആരാധകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ കഴിവിനും കലാസൃഷ്ടിക്കും ഞാൻ ഇത് സമർപ്പിക്കുന്നു.

ആടുജീവിതത്തിന് വേണ്ടി മൂന്ന് ദിവസത്തോളം വാട്ടർ ഡയറ്റ് എടുത്തിരുന്നു എന്നും മൂന്നാമത്തെ ദിവസം വീട്ടിൽ ബോധം കെട്ടു വീണു എന്നും മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ​ഗോകുൽ വെളിപ്പെടുത്തിയിരുന്നു.

ഗോകുൽ പറഞ്ഞത്:

ഹക്കീമാകാനായി മെല്ല ഭക്ഷണം കുറച്ച് കൊണ്ടു വന്നിരുന്നു. ഭാരം ഒരു അമ്പത്തി രണ്ട് കിലോയിൽ എത്തി നിൽക്കുന്ന സമയത്താണ് നാല് മാസത്തേക്ക് ഹാർഡ് ഡയറ്റിം​ഗ് സ്റ്റാർട്ട് ചെയ്തത്. അങ്ങനെ ഭക്ഷണം അഞ്ഞൂറ് കാലറി വരെയാക്കി കുറച്ചു. അതിന് ശേഷമാണ് ഞാൻ മേക്ക് അപ് ടെസ്റ്റിന് പോകുന്നത്. എന്റെ കവിളിന് നല്ല തുടിപ്പുണ്ടായിരുന്നു. അന്ന് ബ്ലെസി സാറും രഞ്ജിത്ത് ഏട്ടനും ഒക്കെ ചോദിച്ചു ആ തുടിപ്പ് മാറ്റാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന്. അങ്ങനെ ഞാൻ വീട്ടിൽ പോയി വാട്ടർ ഡയറ്റ് എടുക്കാൻ തീരുമാനിച്ചു. വെള്ളവും കാപ്പിയും മാത്രം കുടിച്ചുകൊണ്ടുള്ള ഡയറ്റായിരുന്നു അത്. മൂന്ന് ദിവസം തുടർച്ചായായി അത് മാത്രം കഴിച്ചു. വെെകുന്നേരങ്ങളിൽ ഓടാൻ പോയി. ഈ മൂന്ന് ദിവസം കഴിഞ്ഞ് രാത്രി ഞാൻ ബോധം കെട്ടു വീണു. അമ്മയുടെയും അച്ഛന്റെയും റൂം താഴെയായിരുന്നു. എന്റേത് മുകളിലും. അതുകൊണ്ട് വീട്ടിലെ ആരും അറിഞ്ഞിരുന്നില്ല ഞാൻ റൂമിൽ ബോധം കെട്ട് വീണ കാര്യം. ഒരു പത്ത് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് ഏഴുന്നേറ്റപ്പോൾ കുറേ വെള്ളം എടുത്ത് കുടിച്ചു. ഒരു പഴം എടുത്ത് കഴിച്ചു. അന്നാണ് എനിക്ക് മനസ്സിലായത് ഈ ഒരു സിനിമ ചെയ്യാൻ നമ്മൾ ജീവനോടെ വേണമെന്ന്.

ചിത്രത്തിലെ ഗോകുലിന്റെ പ്രകടനത്തെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്നുണ്ട്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം. മാർച്ച് 28 ന് റിലീസിനെത്തിയ ചിത്രം ഒമ്പത് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഇതോടെ ഏറ്റവും വേ​ഗത്തിൽ നൂറ് കോടി ക്ലബ്ബ് കയറുന്ന മലയാള ചിത്രമായി പൃഥ്വിരാജ് സുകുമാരന്റെ 'ആടുജീവിതം' മാറി. നൂറ് കോടി നേടുന്ന ആറാമത്തെ മലയാള ചിത്രം കൂടിയാണ് ആടുജീവിതം. റിലീസ് ചെയത് ഒമ്പത് ദിവസത്തിൽ 53.5 കോടി രൂപ ഇന്ത്യയിൽ നിന്നും, വിദേശത്ത് നിന്നും 46.5 കോടി രൂപയുമാണ് ആടുജീവിതം നേടിയത്. വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Related Stories

No stories found.
logo
The Cue
www.thecue.in