റിഡ്ലി സ്‌കോട്ട് പോർക്കളം ഒരുക്കുന്നു; 24 വർഷത്തിന് ശേഷം ഗ്ലാഡിയേറ്ററിന് രണ്ടാം ഭാഗം

റിഡ്ലി സ്‌കോട്ട് പോർക്കളം ഒരുക്കുന്നു; 24 വർഷത്തിന് ശേഷം ഗ്ലാഡിയേറ്ററിന് രണ്ടാം ഭാഗം
Published on

ഗ്ലാഡിയേറ്റർ മല്ലയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രതികാര കഥയിലൂടെ വിസ്മയിപ്പിച്ച 'ഗ്ലാഡിയേറ്ററി'ന് 24 വർഷത്തിന് ശേഷം രണ്ടാം ഭാഗം. റിഡ്ലി സ്കോട്ടിന്റെ സംവിധാനത്തിൽ റസ്സൽ ക്രോവിനെ നായകനാക്കി 2000 ൽ പുറത്തിറങ്ങിയ എപിക് ഹിസ്റ്റോറിക്കൽ ഡ്രാമ ചിത്രമായിരുന്നു ഗ്ലാഡിയേറ്റർ. ബോക്സ് ഓഫീസിൽ വലിയ വിജയമായ ചിത്രം ഓസ്കാർ ഉൾപ്പെടെ ധാരാളം പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. മാക്സിമസ് ഡെസിമസ് മെറിഡിയസ് എന്ന നായക കഥാപാത്രമായി എത്തിയ റസല്‍ ക്രോ മികച്ച നടനുള്ള ഓസ്കാർ സ്വന്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗവും വിസ്മയിപ്പിക്കാനെത്തുകയാണ്. ആദ്യ ഭാഗത്തിന്റെ സംവിധായകനായ റിഡ്ലി സ്‌കോട്ട് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. നവംബർ 22 ന് ചിത്രം പ്രദർശനത്തിനെത്തും.

'ഗ്ലാഡിയേറ്റർ 2 ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആവേശമുളവാക്കുന്ന ട്രെയ്‌ലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗ്ലാഡിയേറ്ററിലെ സംഭവവികാസങ്ങൾ നടന്ന് രണ്ടു പതിറ്റാണ്ടിനു ശേഷമുള്ള കാലത്താണ് 'ഗ്ലാഡിയേറ്റർ 2 ' വിലെ കഥ നടക്കുന്നത്. ചക്രവർത്തിയെ പോലും അട്ടിമറിക്കാൻ കെൽപ്പുള്ള ആളാണ് ഗ്ലാഡിയേറ്റർ എന്ന് നേരത്തെ പുറത്തിത്തിറങ്ങിയ സിനിമയിൽ നിന്ന് വ്യക്തമാണ്. ട്രൈലർ നൽകുന്ന സൂചന അനുസരിച്ച് ചക്രവർത്തിയും ഗ്ലാഡിയേറ്ററും തമ്മിലുള്ള മല്ലയുദ്ധമായിരിക്കും രണ്ടാം ഭാഗത്തിലുമുണ്ടാവുക. റോമിന്‍റെ മുന്‍ ചക്രവര്‍ത്തി മാര്‍കസ് ഒറിലിയസിന്‍റെ പുത്രൻ ലൂഷ്യസ് വെറുസ് ആണ് പുതിയ ചിത്രത്തിലെ നായക കഥാപാത്രം. പോള്‍ മെസ്കലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലൂഷ്യസ് ആയി വേഷമിടുന്നത്. പെഡ്രോ പാസ്കല്‍, കോണി നീല്‍സെന്‍, ഡെന്‍സല്‍ വാഷിംഗ്ടണ്‍, ജോസഫ് ക്വിൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

350 മില്യൺ ഡോളറാണ് ഗ്ലാഡിയേറ്റർ 2 വിന്റെ നിർമ്മാണ ചെലവ്. ആക്ഷനും ഡ്രാമയ്ക്കും പ്രാധാന്യമുള്ള രീതിയിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നതെന്ന് ട്രൈലർ സൂചിപ്പിക്കുന്നു. വലിയ യുദ്ധരംഗങ്ങളും വിസ്മയിപ്പിക്കുന്ന ആക്ഷനും ചിത്രത്തിലുണ്ടാവുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. പീറ്റർ ക്രെയ്‌ഗും ഡേവിഡ് സ്‌കാർപ്പയും ചേർന്നെഴുതിയ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയത് ഡേവിഡ് സ്കാർപ്പ തന്നെയാണ്. പാരമൗണ്ട് പിക്ചേഴ്സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. 'ഗ്ലാഡിയേറ്റർ 2' വിനെ കുറച്ച് അസൂയയോടെയാണ് നോക്കി കാണുന്നതെന്ന് മുൻ നായകനായ റസ്സൽ ക്രോ നേരത്തെ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in