'ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ, കൊതിയാകുന്നു'; 'തുടരും' കണ്ട് തരുൺ മൂർത്തി ഫാൻ ആയി എന്ന് ജൂഡ് ആന്തണി ജോസഫ്

'ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ, കൊതിയാകുന്നു'; 'തുടരും' കണ്ട് തരുൺ മൂർത്തി ഫാൻ ആയി എന്ന് ജൂഡ് ആന്തണി ജോസഫ്
Published on

'തുടരും' സിനിമയ്ക്ക് അഭിനന്ദനങ്ങളുമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. ഷൺമുഖൻ എന്ന ടാക്സി ഡ്രൈവർ ആയി മോഹൻലാൽ തകർത്താടിയ ചിത്രം ഇപ്പോൾ തിയറ്ററുകൾ നിറയ്ക്കുകയാണ്. ഉള്ളടക്കം തന്നെയാണ് എന്നും മലയാള സിനിമയുടെ മുഖമുദ്ര എന്നു പറയുകയാണ് ഇപ്പോൾ സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. തുടരും എന്ന ചിത്രം കണ്ട് തരുണിന്റെ ആരാധകനായി താൻ മാറി എന്നും ചിത്രത്തിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവരെല്ലാം അതി​ഗംഭീരമാണെന്നും ജൂഡ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ജൂഡ് ആന്തണി ജോസഫ്:

'മോഹന്‍ലാല്‍ തുടരും!! അതെ ലാലേട്ടന്‍ ഇവിടെ തന്നെ തുടരും. അസാധ്യ ചിത്രം. എന്തൊരു ഫിലിം മേക്കർ ആണ് തരുൺ മൂർത്തി താങ്കൾ. ഞാൻ നിങ്ങളുടെ ഒരു ആരാധകൻ ആയി മാറിയിരിക്കുന്നു. കെ ആർ സുനിൽ ചേട്ടാ ദൈവം തന്ന വരമാണ് നിങ്ങൾ. ജേക്സിന്റെ സംഗീതം, ഷാജി ചേട്ടന്റെ ക്യാമറ, വിഷ്ണുവിന്റെ സൗണ്ട് മിക്സിങ് എല്ലാം സൂപ്പർ. പ്രകാശ് വർമ, എന്റെ പൊന്നു ചേട്ടാ ചേട്ടനാണ് ചേട്ടന്‍. ബിനു ചേട്ടന്‍, ശോഭന മാം അങ്ങനെ അഭിനയിച്ചവരും പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരും അതിഗംഭീരം. രജപുത്ര രഞ്ജിത് ഏട്ടനും സിനിമയുടെ അണിയറപ്രവർത്തകർക്കും അഭിനന്ദങ്ങൾ. മലയാള സിനിമയ്ക്ക് ഉള്ളടക്കം തന്നെയാണ് അംബാസിഡർ. ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ. കൊതിയാകുന്നു,'

പെർഫോമർ എന്ന തരത്തിൽ മോഹൻലാലിന്റെ കംബാക്ക് ആണ് തുടരും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മോഹൻലാലിനെക്കൂടാതെ ചിത്രത്തില്‍ ശോഭന, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ എമ്പുരാന്റെ റെക്കോര്‍ഡ് തകര്‍ത്താണ് തുടരും മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച തുടരും ഏപ്രിൽ 25നാണ് റിലീസ് ചെയ്തത്. കെ ആര‍് സുനിലും തരുൺ മൂർത്തിയുമാണ് തിരക്കഥ. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്.

Related Stories

No stories found.
logo
The Cue
www.thecue.in