നാല് വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയം: ഹൈക്കോടതി വിധിയില്‍ ഗീതു മോഹന്‍ദാസ്

നാല് വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയം: ഹൈക്കോടതി വിധിയില്‍ ഗീതു മോഹന്‍ദാസ്

ഡബ്ല്യു.സി.സിയുടെ ഹര്‍ജിയില്‍ സിനിമ സെറ്റുകളില്‍ ആഭ്യന്തര പരിഹാര സംവിധാനം വേണമെന്ന ഹൈക്കോടതി വിധിയെ പ്രശംസിച്ച് സംവിധായിക ഗീതു മോഹന്‍ദാസ്. വിധിയില്‍ ഡബ്ല്യുസിസിക്ക് ഗീതു മോഹന്‍ദാസ് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

'സിനിമ സെറ്റുകളില്‍ ആഭ്യന്തര പരിഹാര സംവിധാനം വേണമെന്ന ഹൈക്കോടതി വിധിയില്‍ ഡബ്ല്യുസിസിക്ക് അഭിനന്ദനങ്ങള്‍. കഴിഞ്ഞ നാല് വര്‍ഷമായി നമ്മള്‍ ഇതിന് വേണ്ടി പൊരുതുകയായിരുന്നു. അവസാനം അത് സംഭവിച്ചിരിക്കുകയാണ്. ഇത് ചരിത്ര വിജയമാണ്.', എന്നാണ് ഗീതു മോഹന്‍ദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഒരു സെറ്റില്‍ ഷൂട്ടിങ് തുടങ്ങി അവസാനിക്കുന്നത് വരെ ആ സിനിമയുമായി ബന്ധപ്പെട്ട ഒരു വനിത ഉള്‍പ്പടെയുള്ള ഒരു കമ്മിറ്റി വേണം എന്നതായിരുന്നു ഡബ്ല്യു.സി.സിയുടെ ആവശ്യം. ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായിരിക്കുന്നത്.

തൊഴിലിടങ്ങളില്‍ ആഭ്യന്തര പരിഹാര സെല്‍ വേണമെന്ന സുപ്രീംകോടതി ഉത്തരവ് വര്‍ഷങ്ങളായി നിലവിലുണ്ട്. എന്നാല്‍ സിനിമ മേഖലയില്‍ ഇത് നടപ്പിലായിരുന്നില്ല. ഒരു ലൊക്കേഷനില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു കമ്മിറ്റി പ്രായോഗികമല്ലെന്നും, സിനിമ മേഖല സ്ഥിരം തൊഴിലല്ല എന്നുമായിരുന്നു ഇത് നടപ്പിലാക്കുന്നതിനെതിരെ ഉയര്‍ന്നിരുന്ന വാദം. എന്നാല്‍ വനിത കൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാന വനിത കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. കമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഹര്‍ജിയില്‍ ഹൈക്കോടതി കക്ഷി ചേര്‍ത്തത്.

മലയാള സിനിമ രംഗത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമ നിര്‍മാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് കഴിഞ്ഞ ദിവസം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടും, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഉടനടി പഠിച്ച് നിയമ നിര്‍മാണമുണ്ടാകും. വല്ലാത്ത ചൂഷണമാണ് പലപ്പോഴും സിനിമ രംഗത്ത് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നതെന്നും, ഇതിനെ നേരിടാന്‍ നിയമ നിര്‍മാണം അത്യാവശ്യമാണെന്നും സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in