ഉമ തോമസിനെ ഒന്നു കാണാൻ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല, അവർ എത്രയധികം മനസാക്ഷി ഇല്ലാത്തവരായിപ്പോയി എന്നു നോക്കൂ; ​ഗായത്രി വർഷ

ഉമ തോമസിനെ ഒന്നു കാണാൻ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല, അവർ എത്രയധികം മനസാക്ഷി ഇല്ലാത്തവരായിപ്പോയി എന്നു നോക്കൂ; ​ഗായത്രി വർഷ
Published on

കലൂരിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തിൽ നടി ദിവ്യ ഉണ്ണിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടി ​ഗായത്രി വർഷ. ഉമ തോമസിനെ ഒന്ന് കാണാൻ ദിവ്യ ഉണ്ണി തയാറായില്ലെന്നും സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ പോലും ദിവ്യ ഉണ്ണി തയ്യാറായില്ലെന്നും ​ഗായത്രി വിമർശിച്ചു. മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേര് മറച്ചുവെച്ചുവെന്നും ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവർത്തനത്തിന്റെ ഇരയായി മാറി എന്നും ​ഗായത്രി വർഷ പറഞ്ഞു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിലായിരുന്നു നടിയുടെ വിമർശനം.

ഗായത്രി വർഷ പറഞ്ഞത്:

ദിവ്യ ഉണ്ണിയെപ്പോലെ ഒരു നടി ഇതിൽ ഉപയോ​ഗിക്കപ്പെടുകയാണ്. ഞാൻ ദിവ്യയെ ന്യായീകരിക്കുകയല്ല, ഒരു തരത്തിലുമുള്ള ന്യായീകരണം എന്നെപ്പോലെ ഒരു വ്യക്തിയുടെ ഭാ​ഗത്ത് നിന്നും ആ കുട്ടിക്ക് ഉണ്ടാകില്ല. പക്ഷേ ദിവ്യയുടെ ഇന്റർവ്യൂവിൽ ദിവ്യ പറയുന്നത് കേരളത്തിൽ ഒരു ​ഗിന്നസ് റെക്കോർഡിന് വേണ്ടി നടത്തുന്ന പരിപാടിയിൽ ഒരു മുഖമായി നിൽക്കാമോ എന്നാണ് എന്നോട് ഈ സംഘടന ചോദിച്ചത് എന്നാണ്. അതിനെ മാർക്കറ്റ് ചെയ്യുക. ആ പരിപാടിയ്ക്ക് പി ആർ വാല്യു കിട്ടാനായി ഒരു മുഖമായി നിൽക്കാമോ എന്നാണ് ചോദിച്ചത് എന്നാണ് ദിവ്യയുടെ വാദം. അങ്ങനെ ഒരു സെലിബ്രിറ്റി ഒരു പരിപാടിയുടെ മുഖമായി നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ സാമൂഹിക പ്രതിബന്ധതയെക്കുറിച്ചും ആ കലാകാരിയോ കലാകാരനോ അറിഞ്ഞിരിക്കണം. അത് നിയമവുമാണ്.

ഈ ​ഗിന്നസ് കച്ചവട മാമാങ്കം നടന്ന വേദിയിൽ അത്രയും ഉയരത്തിൽ നിന്ന് വീണ ഒരു സ്ത്രീ അതൊരു എംഎൽഎയോ, അല്ലെങ്കിൽ ഒരു സാധാരണ സ്ത്രീയോ, വീട്ടമ്മയോ എന്തുമാകട്ടെ, അതിനെക്കുറിച്ച് അപലപിക്കാനോ സ്നേഹത്തോടെയും ആർദ്രതയോടും കൂടി നോക്കാനോ ആ ആശുപത്രിയിൽ കിടക്കുന്ന ആ സ്ത്രീയെ ഒന്ന് പോയി കാണാനോ ദിവ്യ ഉണ്ണിക്ക് കഴിഞ്ഞില്ല. എത്രമാത്രം അവർ താഴെപ്പോയി എന്ന് ആലോചിച്ചു നോക്കൂ. നമ്മുടെ കലാകാരന്മാർ സാംസ്കാരികമായി എത്രയധികം മനസാക്ഷി ഇല്ലാത്തവരായിപ്പോയി എന്ന് ആലോചിച്ചു നോക്കൂ. ശ്രീമതി ഉമ തോമസിനെ ഒന്നു പോയി കാണാൻ ആ വേദിയിൽ നടന്ന വലിയൊരു ദുരന്തത്തിനെക്കുറിച്ച് കേരള ജനതയെ നോക്കി, മാധ്യമങ്ങളെ നോക്കി ഇത്തരം ഒരു പ്രശ്നമുണ്ടായതിൽ എന്റെ ഹൃദയം വേദനിക്കുന്നു എന്നു പറയാൻ ഒരു കലാകാരി തയ്യാറാവുന്നില്ലായെങ്കിൽ കേരള സമൂഹം സാംസ്കാരികമായി എത്രയധികം താഴേക്ക് പോയിരിക്കുന്നു എന്നത് സ്വയം വിമർശനാത്മകമായി ഏറ്റെടുക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്. അത്തരം ഒരു കാലഘട്ടത്തിലാണ് നമ്മൾ എത്തിനിൽക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in