

ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം ‘പ്രകമ്പനം' റിലീസിന് ഒരുങ്ങുകയാണ്. ഹൊറർ കോമഡി ജോണറിൽ കഥ പറയുന്ന സിനിമയിലേക്ക് തന്നെ ആകർഷിച്ച ഘടകം എന്തെന്ന് പറയുകയാണ് ഗണപതി ഇപ്പോൾ. ഈ ജോണർ തന്നെയാണ് ഈ സിനിമയിലേക്ക് ആകർഷിച്ചതെന്ന് നടൻ പറഞ്ഞു.
'ഹൊറർ-കോമഡി എന്ന ജോണറിൽ ഞാൻ ഇതുവരെ സിനിമ ചെയ്തിട്ടില്ല. അതാണ് ഈ സിനിമയിലേക്ക് എന്നെ ആകർഷിച്ച ഒരു പ്രധാന ഘടകം. അതുപോലെ സാധാരണ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്‍തമായ രീതിയിലാണ് ഇവർ ഈ സിനിമയെ സമീപിച്ചിരിക്കുന്നതും. നല്ല സ്ക്രിപ്റ്റും, ഒപ്പം നല്ല താരനിരയുമാണ് ഈ സിനിമയിലേക്കുള്ള മറ്റൊരു ആകർഷണം,' ഗണപതി പറഞ്ഞു.
ജനുവരി 30-നാണ് പ്രകമ്പനം തിയറ്ററുകളിൽ എത്തുന്നത്. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ഒരുമിച്ചാണ് ‘പ്രകമ്പനം’ അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി’ എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ്: വിവേക് വിശ്വം ഐ. എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഭിജിത്ത് സുരേഷ്.
ചിത്രത്തിന്റെ കഥയും സംവിധായകന്റേതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയാണ് ‘പ്രകമ്പനം’. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ ശീതൾ ജോസഫ് ആണ് നായിക. അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം തുടങ്ങിയ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്.