ആദ്യ ദിന കളക്ഷനിൽ 100 കോടി രൂപ പെരുപ്പിച്ച് കാണിച്ചു, ​ഗെയിം ചേഞ്ചറിനെ ട്രോളി സോഷ്യൽ മീഡിയ

ആദ്യ ദിന കളക്ഷനിൽ 100 കോടി രൂപ പെരുപ്പിച്ച് കാണിച്ചു, ​ഗെയിം ചേഞ്ചറിനെ ട്രോളി സോഷ്യൽ മീഡിയ
Published on

ആ​ഗോള ബോക്സ് ഓഫീസിൽ ആദ്യ ദിനം 186 കോടി കടന്ന് രാം ചരൺ ചിത്രം ​ഗെയിം ചേഞ്ചർ. രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ഗെയിം ചേഞ്ചർ. 400 കോടി മുതൽ മുടക്കിൽ എത്തിയ ചിത്രം ആദ്യ ദിനം തന്നെ 186 കോടി കടന്നുവെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ കളക്ഷൻ അണിയറ പ്രവർത്തകർ പെരുപ്പിച്ച് കാണിച്ചിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ മുഴുവനായി ഉയരുന്ന വിമർശനം. നിരവധി എക്സ് ഹാൻഡിലുകൾ ഇത് ചൂണ്ടിക്കാണിച്ചു കൊണ്ട് രം​ഗത്ത് വന്നിട്ടുണ്ട്.

അണിയറപ്രവർത്തകർ പുറത്തു വിട്ട കണക്കുകൾ വ്യാജമാണെന്നും യഥാർത്ഥത്തിൽ 86 കോടി മാത്രമാണ് സിനിമയുടെ കളക്ഷൻ എന്നും അണിയറപ്രവർത്തകർ നൂറ് കോടിയിലധികം രൂപ പെരുപ്പിച്ച് കാണിച്ചെന്നും സമൂഹ മാധ്യമങ്ങളിലൂടെ പലരും വിമർശിച്ചു. ഇത്തരത്തിൽ കോടികൾ കളക്ട് ചെയ്തുവെന്ന് വ്യാജമായി സ്ഥാപിക്കാൻ ശ്രമിക്കുന്നത് തെലുങ്ക് ഇൻഡസ്ട്രിക്ക് തന്നെ നാണക്കേടാണെന്ന് പലരും എക്സിൽ കുറിച്ചു. മുമ്പും ഇത്തരത്തിൽ പല താരങ്ങളുടെയും സിനിമാ കളക്ഷൻ പത്തും പതിനഞ്ചും ശതമാനം ഉയർത്തികാട്ടിയിട്ടുള്ള പോസ്റ്ററുകൾ പുറത്തു വന്നിട്ടുണ്ട്.

ഇന്ത്യൻ 2 വിന് ശേഷം റിലീസിനെത്തിയ ഷങ്കർ ചിത്രമാണ് ​ഗെയിം ചേഞ്ചർ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ഇന്ത്യൻ 2 വിനെക്കാൾ മികച്ചതാണ് എന്ന അഭിപ്രായമാണ് ചിത്രത്തിനെക്കുറിച്ച് വ്യാപകമായി പ്രചരിക്കുന്നത്. കേരളത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ്. വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തിയത്.

തെലുങ്ക് പതിപ്പ് മാറ്റി നിർത്തിയാൽ ചിത്രത്തിന്റെ മറ്റു പതിപ്പുകൾക്കെല്ലാം മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മോശം പ്രതികരണങ്ങൾക്കിടയിലും രാം ചരണിന്റെ പ്രകടനത്തിനും തമന്റെ സംഗീതത്തിനും മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. കിയാര അദ്വാനിയാണ് ചിത്രത്തിൽ രാം ചരണിന്റെ നായികയായി എത്തുന്നത്. അഞ്ജലി, എസ് ജെ സൂര്യ, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ, ജയറാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ശങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'.

Related Stories

No stories found.
logo
The Cue
www.thecue.in