വ്യാജ മരണവാർത്തകളിൽ പ്രതികരിച്ച് ഗായകൻ ജി വേണുഗോപാൽ. ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയും മരണം തേടിയെത്തിയ വ്യക്തിയായി താൻ മാറിയിട്ടുണ്ടെന്നും ഇനി താൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ജി വേണുഗോപാൽ ചോദിക്കുന്നു. വ്യാജ മരണവാർത്ത പ്രചരിപ്പിച്ച വീഡിയോയുടെ സ്ക്രീൻഷോട്ടും വേണുഗോപാൽ പങ്കുവെച്ചിട്ടുണ്ട്. "മരണം കീഴടക്കി, കണ്ണീരായി ഗായകൻ വേണുഗോപാൽ" എന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതിനെതിരെയാണിപ്പോൾ വേണുഗോപാൽ രംഗത്തെത്തിയിരിക്കുന്നത്.
ജി വേണുഗോപാലിന്റെ പോസ്റ്റ്:
അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എൻ്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ “ ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്....” എന്ന ശീർഷകത്തോടെ അയച്ച് തന്നത്. ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ.
മുമ്പും ഇത്തരത്തിലൊരു വിയോഗവാർത്ത വന്നതിനുപിന്നാലെ ഫോൺകോളുകൾക്ക് മറുപടി പറഞ്ഞ് മടുത്തതിനേക്കുറിച്ച് വേണുഗോപാൽ പറഞ്ഞിട്ടുണ്ട്. ഫോൺ എടുത്ത് ഹലോ എന്നു പറഞ്ഞയുടൻ, ചേട്ടാ ഈ കേൾക്കുന്നത് നേരാണോ എന്ന ചോദ്യമാണ് ഉണ്ടായതെന്നും നേരല്ല എന്ന് ബോധ്യപ്പെടുത്താൻ പ്രയാസപ്പെടേണ്ടി വന്നിരുന്നുവെന്നും വേണുഗോപാൽ മുമ്പ് പറഞ്ഞിരുന്നു.