ഫോറന്‍സിക്കിന്റെ രണ്ടാം ഭാഗമല്ല ; ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറുമായി ടൊവിനോ, ഐഡന്റിറ്റി സെപ്തംബറില്‍ തുടങ്ങും

ഫോറന്‍സിക്കിന്റെ രണ്ടാം ഭാഗമല്ല ;  ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറുമായി ടൊവിനോ, ഐഡന്റിറ്റി സെപ്തംബറില്‍ തുടങ്ങും

ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം സെപ്തംബറില്‍ തുടങ്ങും. ഐഡന്റിറ്റി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഡോണ സെബാസ്റ്റിനാണ് നായിക. രാഗം മൂവിസും സെഞ്ച്വറി ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലും റിലീസിനെത്തും.

ഫോറന്‍സിക്കിന്റെ രണ്ടാം ഭാഗമായാണോ 'ഐഡന്റിറ്റി' എന്ന് പലരും ചോദിക്കുന്നുണ്ട് എന്നാല്‍ ഇത് ഫോറന്‍സിക്കിന്റെ രണ്ടാം ഭാഗമല്ലെന്നും ആക്ഷന്‍ ത്രില്ലര്‍ മോഡിലെത്തുന്ന ചിത്രം സെപ്തംബറിന് ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന്‍ അഖില്‍ പോള്‍ ദ ക്യുവിനോട് പറഞ്ഞു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പുറത്തു നിന്നും ആക്ഷന്‍ ഡയറക്ടറെ കൊണ്ടുവരും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും.

ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ, ദുബായ്, എറണാകുളം എന്നീ സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുക. നിലവില്‍ തൊണ്ണൂറ് ദിവസത്തെ ഷൂട്ടാണ് ചിത്രത്തിനായി തീരുമാനിച്ചിരിക്കുന്നതെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. 2018ന്റെ ക്യാമറമാനായ അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. ചമന്‍ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുക.

നേരത്തെ ഏപ്രിലിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ടൊവിനോയുടെ 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തന്റെ ഷൂട്ടിങ് നീണ്ടു പോയതിനാലായിരുന്നു ചിത്രം വൈകിയത്.

അഖില്‍ പോള്‍ അനസ് ഖാന്‍ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു 'ഫോറന്‍സിക്'. സീരിയല്‍ കില്ലിംഗ് പ്രമേയമാക്കിയ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, സൈജു കുറുപ്പ്, റെബ മോണിക്ക ജോണ്‍, രഞ്ജി പണിക്കര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയില്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനെയായിരുന്നു ടൊവിനോ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in