ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു
Published on

പ്രശസ്ത ചലച്ചിത്ര നിർമാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്ന ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. അസുഖത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 'ഇത്തിരി നേരം ഒത്തിരി കാര്യം' ആയിരുന്നു ആദ്യമായി നിർമിച്ച സിനിമ. തുടർന്ന് 30ൽ പരം സിനിമകളുടെ നിർമാണവും വിതരണവും നടത്തി. സംവിധായകൻ പത്മരാജനൊപ്പം നിരവധി ചിത്രങ്ങൾ ചെയ്ത ഗാന്ധിമതി ബാലൻ അദ്ദേഹത്തിന്റെ മരണത്തോടെ പതിയെ സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യം ആയിരുന്നു ബാലൻ.

ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികൾ, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താംമുദയം തുടങ്ങിയവയൊക്കെ അദ്ദേഹം നിർമിച്ച സിനിമകളാണ്. സ്ഫടികം, കിലുക്കം എന്നിവയുടെ നിർമാണ ചുമതലകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമ കൂടിയായിരുന്നു.

മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. 2015 നാഷണൽ ഗെയിംസ് ചീഫ് ഓർഗനൈസർ കൂടിയായിരുന്നു ഗാന്ധിമതി ബാലൻ.

Related Stories

No stories found.
logo
The Cue
www.thecue.in