'ബുദ്ധിമുട്ടി സിനിമ ചെയ്യാന്‍ പറ്റില്ല'; ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗമിനും സിനിമാ സംഘടനകളുടെ വിലക്ക്

'ബുദ്ധിമുട്ടി സിനിമ ചെയ്യാന്‍ പറ്റില്ല'; ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗമിനും സിനിമാ സംഘടനകളുടെ വിലക്ക്

നടന്‍ ഷെയിന്‍ നിഗമിനും ശ്രീനാഥ് ഭാസിയ്ക്കും ഒപ്പം സഹകരിക്കില്ലെന്ന് സിനിമാ സംഘടനകള്‍. ഇരുവര്‍ക്കും എതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ബുദ്ധിമുട്ടി സിനിമ ചെയ്യാന്‍ പറ്റില്ല. എന്നാല്‍ ഇരുതാരങ്ങളെയും വിലക്കുക അല്ലെന്നും നിര്‍മാതാക്കള്‍ക്ക് സ്വന്തം റിസ്‌കില്‍ ഇരുവരെയും അഭിനയിപ്പിക്കാമെന്നും എന്നാല്‍ അതിനുശേഷമുള്ള പരാതികള്‍ സംഘടനകള്‍ കേള്‍ക്കുന്നതല്ലെന്നും പ്രൊഡ്യൂസഴ്‌സ് അസ്സോസ്സിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത് പറഞ്ഞു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയഷന്‍ എന്നിവര്‍ കൊച്ചിയില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് തീരുമാനം.

ഷെയിന്‍ നിഗം ഷൂട്ടിങ്ങിനു കൃത്യമായി എത്തുന്നില്ല. ഷൂട്ട് പാതിയെത്തി നില്‍ക്കുമ്പോള്‍ കൂടുതല്‍ പ്രാധാന്യം വേണമെന്നും എഡിറ്റ് കാണമെന്നും ഇല്ലെങ്കില്‍ ബാക്കി അഭിനയിക്കില്ലെന്നുമെല്ലാം ആവശ്യപ്പെടുന്നു. ശ്രീനാഥ് ഭാസിയാണെങ്കില്‍ ഏതു സിനിമയിലാണ് അഭിനയിക്കുന്നതെന്ന് ഓര്‍മ്മ പോലുമില്ല. ആര്‍ക്കൊക്കെ ഒപ്പിട്ട് കൊടുത്തിട്ടുണ്ടെന്ന് അറിയില്ല, നിര്‍മാതാക്കളുടെ എഗ്രിമെന്റ് കുരുക്കാണെന്നാണ് ശ്രീനാഥ് ഭാസി പറയുന്നതെന്നും അങ്ങനെയുള്ളവരുമായി ഒരുതരത്തിലും സഹകരിക്കാന്‍ പറ്റില്ലെന്നും എം രഞ്ജിത് പറഞ്ഞു. ഇരുവര്‍ക്കെതിരെ ഒരുപാട് പരാതി ലഭിച്ചിട്ടുണ്ടെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.

കൂടാതെ മലയാള സിനിമയില്‍ ഇപ്പൊ ലഹരി ഉപയോഗം കൂടുന്നുവെന്നും സംഘടനകള്‍ പറഞ്ഞു. പണ്ടൊക്കെ ഒളിച്ചും പാത്തുമായിരുന്നു മയക്കുമരുന്ന് ഉപയോഗിച്ചിരുന്നത് ഇപ്പോള്‍ എല്ലാം പരസ്യമാണ്. ആര്‍ക്കു വേണോ ക്യാമറയില്‍ ഷൂട്ട് ചെയ്യാമെന്ന രീതിയില്‍ മാറി കൊണ്ടിരിക്കുകയാണ്. എഗ്രിമെന്റില്‍ വ്യക്തമായി പറയ്യുന്നുണ്ട് ഇത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതിനു ശക്തമായി നടപടി എടുക്കുമെന്ന് അതുകൊണ്ടു തന്നെ പലരും ഈ എഗ്രിമെന്റില്‍ ഒപ്പിടാന്‍ തയാറാകുന്നില്ലെന്നും എം. രഞ്ജിത് പറഞ്ഞു. ചില താരങ്ങള്‍ ഒരു മര്യാദയും പാലിക്കുന്നില്ല അതൊക്കെ സ്വബോധത്തോടെയാണോ എന്ന് പോലും സംശയം ഉണ്ട് എന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

ലഹരി ഉപയോഗിക്കുന്ന പലരും സിനിമയില്‍ ഉണ്ട്. ആ ലിസ്റ്റ് വളരെ വലുതാണ്. മലയാള വ്യവസായത്തെയും നിര്‍മ്മാതാക്കളെയും ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്നും രഞ്ജിത് പറഞ്ഞു

നല്ല ടെക്നീഷ്യന്മാരെയും നല്ല നടീനടന്മാരെയും പ്രോത്സാഹിപ്പിക്കാന്‍ നമ്മള്‍ തയ്യാറാണ് എന്നാല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നവരുമായി സഹകരിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. പേര് പറയാത്ത നിരവധി പേരുണ്ട് പക്ഷെ അവര്‍ക്കെതിരെ പരാതി ഒന്നും ലഭിക്കാത്തതിനാല്‍ പേരുകള്‍ പുറത്തു പറയാന്‍ പറ്റില്ല എന്ന് എം. രഞ്ജിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചിയിൽ നടന്ന യോഗത്തിൽ 'അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ, പ്രൊഡ്യൂസഴ്സ് അസ്സോസ്സിയേഷൻ പ്രസിഡന്റ് എം. രഞ്ജിത് എന്നിവരുൾപ്പടെ പങ്കെടുത്തിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in