'എമ്പുരാൻ' റിലീസ് ദിവസം തന്നെ സിനിമാ സംഘടനകൾ സൂചനാ പണിമുടക്ക് നടത്തുന്നു എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ സിയാദ് കോക്കർ. സിനിമാ സംഘടനകളുടെ ഒരു സൂചനാ പണിമുടക്കും സമരവും ഉണ്ടാകും, പക്ഷേ അതിന്റെ തീയതി തീരുമാനിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ പറയുന്നത് പോലെ ആന്റണി പെരുമ്പാവൂരിനെ സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്യാനുള്ള തരത്തിൽ ചർച്ചകൾ നടക്കുന്നില്ലെന്നും സിയാദ് കോക്കർ വ്യക്തമാക്കി.
മാർച്ച് 27 ന് സിനിമാ സംഘടനകളുടെ സൂചനാ പണിമുടക്ക് നടത്തുന്നു എന്ന തരത്തിൽ പുറത്തു വരുന്ന വാർത്തകൾ വെറും അഭ്യൂഹം മാത്രമാണ്. ഇതുവരെയും സൂചനാ പണിമുടക്ക് നടത്തുന്ന തീയതിയെക്കുറിച്ച് ധാരണയായിട്ടില്ല. പ്രസ്സ് മീറ്റിൽ തന്നെ ഇത് ആവർത്തിച്ചിരുന്നതാണ്. കമ്മറ്റിയൊക്കെ ഇനി കൂടാനുണ്ട്. അതിന് ശേഷം ഒരാഴ്ച്ചയ്ക്കുള്ളിൽ തീയതി അറിയിക്കും. ആന്റണി പെരുമ്പാവൂരിന് സംഘടന നോട്ടീസ് നൽകിയ കാര്യം എല്ലാവർക്കും അറിയാവുന്നതാണെല്ലോ? അതിന് മറുപടി വരുമോ ഇല്ലയോ എന്ന് നോക്കണം, ആ മറുപടി തൃപ്തികരമല്ല, അല്ലെങ്കിൽ മറുപടി വന്നില്ല എങ്കിൽ മാത്രമേല്ലേ മറ്റുള്ള നടപടി ക്രമങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. അല്ലാതെ അതിന് മുമ്പ് എങ്ങനെയാണ് നമ്മൾ സസ്പെൻഡ് ചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുക? എനിക്ക് അറിയില്ല ഇങ്ങനെയൊരു ന്യൂസ് എങ്ങനെ വന്നു എന്ന്. സൂചനാ പണിമുടക്ക് എന്തായാലും ഉണ്ടാകും. അതിൽ മാറ്റമില്ല. അതിന്റെ തീയതി അടുത്ത് തന്നെ ചേമ്പറിൽ നിന്ന് പ്രഖ്യാപിക്കുന്നതായിരിക്കും. ബാക്കി വരുന്ന വാർത്തകളെല്ലാം അടിസ്ഥാന രഹിതമാണ്. സിയാദ് കോക്കർ ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.
അതേസമയം മാർച്ച് 25 മുതൽ റിലീസിന് വരുന്ന സിനിമകളുടെ കരാർ ചേമ്പറിന്റെ അനുമതി ഇല്ലാതെ ഒപ്പിടരുത് എന്ന് ചേമ്പർ അറിയിച്ചിട്ടുണ്ട്. എന്നാൽ അത്തരത്തിൽ ഒരു അറിയിപ്പ് നൽകിയിരിക്കുന്നത് സർക്കാരിനെതിരെ നടത്തുന്ന സമരത്തിന്റെ തീയതി നിശ്ചയിക്കുമ്പോൾ അത് ഏതെങ്കിലും സിനിമകളുടെ റീലിസിനെ ബാധിക്കുമോ എന്ന് അറിയാൻ വേണ്ടിയാണെന്ന് നിർമാതാവ് അനിൽ തോമസും ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.
അതേസമയം സിനിമാ നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു. ഫിലിം ചേംബറിന്റെ നോട്ടീസിന് പിന്നാലെയാണ് ആന്റണിയുടെ പിന്മാറ്റം. മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നും താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നുമായിരുന്നു നിർമാതാക്കൾ നടത്തിയ പ്രസ് മീറ്റിൽ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാർ പറഞ്ഞത്. ഇതിനു പിന്നാലെയാണ് സുരേഷ് കുമാറിനെ വിമര്‍ശിച്ച് ആന്റണി പെരുമ്പാവൂര്‍ ദീര്‍ഘമായ കുറിപ്പ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്.
തിയറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. മറ്റേതെങ്കിലും സംഘടനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരേഷ് കുമാർ ഇതൊക്കെ പറഞ്ഞതെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാൾ കാണിക്കണമെന്നായിരുന്നു ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ പുതിയ ചിത്രമായ 'എമ്പുരാന്റെ' ബജറ്റ് സുരേഷ് കുമാര്‍ വെളിപ്പെടുത്തിയതും ആന്റണിയെ പ്രകോപിപ്പിച്ചിരുന്നു. കൂടാതെ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് നടന്‍മാരായ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.