വാരാന്ത്യ ലോക്ക്ഡൗണ്‍ ഇല്ലെങ്കില്‍ ഹൃദയവും കള്ളന്‍ ഡിസൂസയും നാളെ തിയേറ്ററില്‍ എത്തും: ഫിയോക്ക് പ്രസിഡന്റ്

വാരാന്ത്യ ലോക്ക്ഡൗണ്‍ ഇല്ലെങ്കില്‍ ഹൃദയവും കള്ളന്‍ ഡിസൂസയും നാളെ തിയേറ്ററില്‍ എത്തും: ഫിയോക്ക് പ്രസിഡന്റ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീണ്ടും പ്രതിസന്ധിയിലാകുമോ എന്ന ഭയത്തിലാണ് സിനിമ മേഖല. ഇന്ന് സര്‍ക്കാരിന്റെ അവലോകന യോഗത്തിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാകുമോ എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കുക. നാളെ രണ്ട് സിനിമകള്‍ റിലീസ് ചെയ്യാനിരിക്കെ പൂര്‍ണ്ണമായ ലോക്ക്ഡൗണ്‍ എന്ന തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍.

പ്രണവ് മോഹന്‍ലാലിന്റെ 'ഹൃദയം', സൗബിന്‍ ഷാഹിറിന്റെ 'കള്ളന്‍ ഡിസൂസ' എന്നീ ചിത്രങ്ങളാണ് നാളെ (ജനുവരി 21) റിലീസിന് എത്തുന്നത്. കേരളത്തില്‍ 600ഓളം തിയേറ്ററുകളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ്പ്രഖ്യാപിക്കുകയാണെങ്കില്‍ രണ്ട് സിനിമകളുടെയും റിലീസ് മാറ്റുമെന്ന് കെ വിജയകുമാര്‍ ദ ക്യുവിനോട് പറഞ്ഞു. രാത്രി കാല കര്‍ഫ്യു മാത്രമാണെങ്കില്‍ സര്‍ക്കാര്‍ പറയുന്ന സമയം അനുസരിച്ച് കേരളത്തിലെ തിയേറ്ററുകള്‍ നാല് ഷോകള്‍ തീരുമാനിക്കുമെന്നും വിജയകുമാര്‍.

വിജയകുമാര്‍ പറഞ്ഞത്:

കൊവിഡ് ക്രമാദീതമായി ഉയരുന്നത് കേരളത്തിലെ മാത്രം പ്രശ്‌നമല്ല. ലോകം മുഴുവന്‍ കൊവിഡ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതുകൊണ്ട് ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നത് ആരും തന്നെ മുടക്കിയിട്ടില്ല. നമ്മള്‍ ഏത് രീതിയിലുള്ള മാനദണ്ഡങ്ങള്‍ കൊണ്ടുവന്നാലും കൊവിഡിന്റെ ഈ ഒരു ഉയര്‍ച്ച കുറച്ച ദിവസം കൂടി ഉണ്ടാകും. അതിന് ശേഷം തന്നെയാണ് ഇത് കുറയാന്‍ സാധ്യതയുള്ളു. ലോക്ക്ഡൗണ്‍ വന്നാലും നൈറ്റ് കര്‍ഫ്യു വന്നാലും വീക്കന്റ് ലോക്ക്ഡൗണ്‍ വന്നാലും അതില്‍ മാറ്റം ഉണ്ടാവില്ല.

ഞങ്ങള്‍ നേരത്തെ തന്നെ സിനിമ മന്ത്രിയോട് ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നു. വീക്കന്റ് ലോക്ക്ഡൗണ്‍ വന്നാലാണ് സിനിമയുടെ കാര്യം പ്രശ്‌നമാവുക. അത് ഇല്ലെങ്കില്‍ ഹൃദയവും കള്ളന്‍ ഡിസൂസയും നാളെ തന്നെ റിലീസ് ആകും. അത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന സൂചന കിട്ടിയിരുന്നു. ജനജീവിതം സ്തംഭിക്കും വിധത്തിലുള്ള തീരുമാനം വേണ്ടെന്ന് നേരത്തെ മന്ത്രിസഭയില്‍ തീരുമാനം എടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നു. പിന്നെ ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടക്കുന്ന അവലോകന യോഗത്തിന് ശേഷമെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ കഴിയു. അതിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണ്.

വാരാന്ത്യ ലോക്ക്ഡൗണ്‍ വന്നാല്‍ മാത്രമെ ചിത്രങ്ങളുടെ റിലീസ് മാറ്റി വെക്കു. കാരണം ശനിയും ഞായറും സിനിമ ഇല്ലെങ്കില്‍ അത് പ്രതിസന്ധിയാണ്. രാത്രികാല കര്‍ഫ്യു ആണെങ്കില്‍ സര്‍ക്കാര്‍ പറയുന്ന സമയത്തിനുള്ളില്‍ കേരളത്തിലെ എല്ലാ തിയേറ്ററുകളും നാല് ഷോകള്‍ കളിക്കും. ആ രീതിയിലേക്ക് തിയേറ്ററുകള്‍ എല്ലാം സമയം മാറ്റുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയിലും തിയേറ്ററില്‍ സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിക്കുന്ന നിര്‍മ്മാതാക്കളെ പിന്തുണച്ചുകൊണ്ട് തന്നെയാണ് ഫിയോക്ക് മുന്നോട്ട് പോകുന്നത്. അവര്‍ക്ക് വേണ്ട സാമ്പത്തിക സഹായത്തിന്റെ കാര്യത്തിലായാലും കൂടുതല്‍ സ്‌ക്രീനുകള്‍ അനുവദിച്ച് കൊടുക്കുന്നതിലും ഫിയോക്ക് കൂടെയുണ്ടാവും. കേരളത്തില്‍ ഏകദേശം 600ഓളം തിയേറ്ററുകളിലാണ് നാളെ ഹൃദയവും കള്ളന്‍ ഡിസൂസയും റിലീസ് ചെയ്യുന്നത്. പിന്നെ ഇനിയും സര്‍ക്കാര്‍ പൂര്‍ണ്ണമായൊരു ലോക്ക്ഡൗണിലേക്ക് പോകില്ലെന്നാണ് എന്റെ പ്രതീക്ഷ. കാരണം ഇനിയും ലോക്ക്ഡൗണ്‍ വന്ന് കഴിഞ്ഞാല്‍ സിനിമ എന്ന വ്യവസായം ആകെ തകര്‍ന്നു പോകും. ഈ മേഖലയിലെ തൊഴിലാളികള്‍ വീണ്ടും പ്രതിസന്ധിയിലാകും. കാരണം ഒരു വര്‍ഷത്തില്‍ ഒന്നര മാസം സിനിമ തിയേറ്ററുകള്‍ പ്രവര്‍ത്തിച്ചത് കൊണ്ട് ജീവിക്കാന്‍ സാധിക്കില്ല.

Related Stories

No stories found.
logo
The Cue
www.thecue.in