ദുല്‍ഖര്‍ സല്‍മാന്‍റെ വിലക്ക് പിന്‍വലിച്ച് ഫിയോക്

ദുല്‍ഖര്‍ സല്‍മാന്‍റെ വിലക്ക് പിന്‍വലിച്ച് ഫിയോക്

ദുൽഖർ സൽമാന്റെ വിലക്ക് പിൻവലിച്ച് തിയേറ്റർ സംഘടനകൾ. സല്യൂട്ട് എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് താരം നൽകിയ വിശദീകരിണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത ദുൽഖർ സൽമാൻ വഞ്ചിക്കുകയായിരുന്നെന്ന് ഫിയോക്ക് ആരോപിച്ചിരുന്നു. സിനിമ ആദ്യം തീയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതായിരുന്നു, എന്നാൽ ഒമിക്രോൺ വ്യാപനം കാരണമാണ് ഇക്കാര്യത്തിൽ മാറ്റമുണ്ടായതെന്നും ദുല്‍ഖറിന്‍റെ വേഫറര്‍ ഫിലിംസ് തിയേറ്റര്‍ ഉടമകള്‍ക്ക് വിശദീകരണം നല്‍കിയിരുന്നു.

ജനുവരിയിൽ തിയേറ്റർ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രമായിരുന്നു സല്യൂട്ട്. എന്നാൽ ഒമിക്രോൺ ഭീഷണിയെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. ചിത്രം ഒടിടിയ്ക്ക് നൽകുന്നത് തിയേറ്റർ ഉടമകളോട് ചെയ്യുന്ന ചതിയാണെന്നും ദുൽഖർ സൽമാൻ അഭിനയിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്ന ഒരു ചിത്രവും ഇനി മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയില്ല എന്നും ഫിയോക് നിലപാട് അറിയിച്ചിരുന്നു. വിലക്കുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് ചൂടേറിയതോടെയാണ് ഫിയോക് തീരുമാനം മാറ്റിയത്.

നേരത്തെ കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ ആദ്യം തിയേറ്റർ റിലീസ് ചെയ്‌ത ബിഗ് ബജറ്റ് ചിത്രം ദുൽഖറിന്റെ 'കുറുപ്പ്' ആയിരുന്നു. മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഉൾപ്പടെ ഒടിടി റിലീസിന് ഒരുങ്ങിയ സമയത്തായിരുന്നു കുറുപ്പിന്റെ റിലീസ്.

Related Stories

No stories found.
logo
The Cue
www.thecue.in