സമീപിക്കാതെ തന്ന സഹായത്തിന് നന്ദി, മോഹന്‍ലാലിനും മഞ്ജുവിനും നന്ദിയറിയിച്ച് ഫെഫ്ക

സമീപിക്കാതെ തന്ന സഹായത്തിന് നന്ദി, മോഹന്‍ലാലിനും മഞ്ജുവിനും നന്ദിയറിയിച്ച് ഫെഫ്ക

ലോക്ക് ഡൗണില്‍ സിനിമാ വ്യവസായം സ്തംഭിച്ചപ്പോള്‍ പ്രതിസന്ധിയിലായ ദിവസ വേതനക്കാരായ ചലച്ചിത്ര തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും നന്ദി അറിയിച്ച് ഫെഫ്ക. ഫെഫ്കയുടെ കരുതല്‍ നിധിയിലേക്ക മോഹന്‍ലാല്‍ 10 ലക്ഷം രൂപയും മഞ്ജു വാര്യര്‍ 5 ലക്ഷവും നല്‍കിയിരുന്നു.

തൊഴില്‍ സ്തംഭനം മൂലം ഞങ്ങളുടെ അംഗങ്ങളും ദിവസവേതനക്കാരുമായ തൊഴിലാളികളും, മറ്റ് സാങ്കേതികപ്രവര്‍ത്തകരും യാതനയിലാണെന്നറിഞ്ഞപ്പോള്‍, ഞങ്ങള്‍ താങ്കളെ സമീപിക്കാതെ തന്നെ, ഞങ്ങള്‍ രൂപപ്പെടുത്തുന്ന 'കരുതല്‍ നിധിയിലേക്ക്' 10 ലക്ഷം രൂപയുടെ സംഭാവന വാഗ്ദാനം ചെയ്തതിനു അകമഴിഞ്ഞ നന്ദിയെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍.താങ്കള്‍ തുടങ്ങിവെച്ച മാതൃകയാണ് മറ്റുള്ളവര്‍ പിന്തുടരുന്നതെന്നും ബി ഉണ്ണിക്കൃഷ്ണന്‍. ഉള്ളില്‍ സൂക്ഷിക്കുന്ന തൊഴിലാളി വര്‍ഗ്ഗബോധത്തിന്റേയും സാഹോദര്യത്തിന്റേയും ശക്തമായ മൂല്യങ്ങള്‍ തുണയായി മഞ്ജു വാര്യര്‍ എപ്പോഴും കൂടെ ഉണ്ടാവുമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ലെന്നും ഇരുവര്‍ക്കും നന്ദി അറിയിച്ച് ഫെഫ്ക എഴുതിയ കത്തില്‍ പറയുന്നു.

മോഹന്‍ലാലിന് നന്ദി അറിയിച്ചുള്ള ഫെഫ്കയുടെ കത്ത്

എറ്റവും പ്രിയപ്പെട്ട ശ്രീ.മോഹൻലാൽ ,

തൊഴിൽ സ്തംഭനം മൂലം ഞങ്ങളുടെ അംഗങ്ങളും ദിവസവേതനക്കാരുമായ തൊഴിലാളികളും, മറ്റ്‌ സാങ്കേതികപ്രവർത്തകരും യാതനയിലാണെന്നറിഞ്ഞപ്പോൾ, ഞങ്ങൾ താങ്കളെ സമീപിക്കാതെ തന്നെ, ഞങ്ങൾ രൂപപ്പെടുത്തുന്ന 'കരുതൽ നിധിയിലേക്ക്‌' 10 ലക്ഷം രൂപയുടെ സംഭാവന വാഗ്ദാനം ചെയ്തതിനു അകമഴിഞ്ഞ നന്ദി. താങ്കൾ തുടങ്ങിവെച്ച മാതൃകയാണ്‌ മറ്റുള്ളവർ-- അവർ എണ്ണത്തിൽ അധികമില്ല-- പിന്തുടർന്നത്‌.

ഈ സഹജീവി സ്നേഹവും കരുതലും, സാഹോദര്യ മനോഭാവവും തന്നെയാണ്‌, ഒരു മഹാനടൻ എന്നതിനോടൊപ്പം താങ്കളെ ചലച്ചിത്രവ്യവസായത്തിനാകെ പ്രിയങ്കരനാക്കിത്തീർക്കുന്നത്‌. ഒരോതവണ നമ്മൾ ഫോണിൽ സംസാരിക്കുമ്പോഴും, സന്ദേശങ്ങൾ കൈമാറുമ്പോഴും, നമ്മെ ബാധിച്ചിരിക്കുന്ന മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിനായി എന്തുചെയ്യാൻ കഴിയും എന്ന് മാത്രമാണ്‌ താങ്കൾ ചോദിക്കാറുള്ളത്‌. ഫെഫ്ക്കയിലെ സാധരണക്കാരായ തൊഴിലാളികളോട്‌ കാണിച്ച അതേ സാഹോദര്യവും കരുതലും , ഈ കഴിഞ്ഞ ദിവസങ്ങളിൽ, സമൂഹത്തിലെ മറ്റ്‌ വിഭാഗങ്ങളോടും താങ്കൾ പങ്ക് വെയ്ക്കുന്നത്‌ കണ്ടു. സന്തോഷം. മലയാളത്തിലെ ഏറ്റവും വിലയുള്ള താരമായി നിലനിൽക്കുമ്പോൾ പോലും, സിനിമാ ലൊക്കേഷനുകളിൽ, താങ്കൾ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾ മുതൽ സംവിധായകനോടും സഹഅഭിനേതാക്കളോടും പുലർത്തുന്ന സമഭാവനയും ജനാധിപത്യബോധവും ഞങ്ങളുടെ എല്ലാ യൂണിയനുകളും എപ്പോഴും പരാമർശിക്കാറുള്ളതാണ്‌. താങ്കൾ പുലർത്തി വരുന്ന ആ മൂല്യങ്ങളുടെ തുടർച്ച തന്നെയാണ്‌, ഇപ്പോൾ, ഈ വിഷമസന്ധിയിൽ, താങ്കൾ നൽകിയ സഹായവും. താങ്കളോട്‌, അളവറ്റ നന്ദിയും സ്നേഹവും; കൂടെ നിന്നതിന്‌, കൈ പിടിച്ചതിന്‌.
സ്നേഹത്തോടെ,

ഉണ്ണിക്കൃഷ്ണൻ ബി

മഞ്ജു വാര്യരോട്‌ നന്ദി അറിയിച്ചുള്ള കത്ത്‌

ശ്രീമതി മഞ്ജു വാര്യർ,

കോവിഡ്‌ 19 വ്യാപനത്തെ തുടർന്ന് ആദ്യം നിശ്ചലമായ മേഖലകളിലൊന്നാണല്ലോ, നമ്മൾ പ്രവർത്തിക്കുന്ന ചലച്ചിത്രവ്യവസായം. ഇനിയെന്ന് ചിത്രീകരണം പുന:രാരംഭിക്കാൻ കഴിയുമെന്നും നമ്മുക്കറിയില്ല. മലയാളത്തിൽ മൂവായിരത്തോളം വരുന്ന ദിവസവേതനക്കാരായ സഹപ്രവർത്തകർ നമ്മുക്കുണ്ട്‌; കൂടാതെ, സഹസംവിധായകർ, ഡബിംഗ്‌ ആർട്ടിസ്റ്റുകൾ, നർത്തകർ...അങ്ങിനെ വലിയൊരു വിഭാഗം. അവരൊയെക്കെ എങ്ങിനെ ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ കഴിയും എന്ന ആശങ്കയിൽ ഞങ്ങൾ കൂടിയാലോചന നടത്തുന്ന സമയത്താണ്‌, താങ്കൾ എന്നെ ഇങ്ങോട്ട്‌ ഫോണിൽ വിളിച്ച്‌, ഞങ്ങൾ സമാഹരിക്കുന്ന 'കരുതൽ നിധി'യിലേക്ക്‌, അഞ്ചുലക്ഷം രൂപ സംഭാവന ചെയ്യാനുള്ള സന്നദ്ധത അറിയിച്ചത്‌. തൊട്ടടുത്ത ദിവസം തന്നെ, ആ പണം അയച്ചു തരികയും ചെയ്തു. താങ്കൾ തന്നെയാണ്‌ ഈ ധനസമാഹരണത്തിനു സഹായകമാവും എന്ന ലക്ഷ്യത്തോടെ, കല്യാൺ ജുവലേർസ്സുമായി എന്നെ ബന്ധപ്പെടുത്തുന്നതും. ആ ചർച്ച വികസിച്ചത്‌, ഇന്ത്യയിലെ ദിവസ വേതനക്കാരായ മുഴുവൻ ചലച്ചിത്രതൊഴിലാളികൾക്കും ഒരു മാസത്തേക്കുള്ള അവശ്യ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു കൊടുക്കുന്ന ഒരു സമഗ്രപദ്ധതിയിലേക്കാണ്‌.

ഫെഫ്കയിലെ അംഗങ്ങളോട്‌ കാട്ടിയ സ്നേഹത്തിനും പ്രതിബദ്ധതയ്ക്കും, ഞങ്ങൾക്കു മഞ്ജുവിനോട്‌ നിസ്സീമമായ നന്ദിയുണ്ട്‌. സ്നേഹവും. മഞ്ജുവിന്റെ തുടർയാത്രകളിൽ, ഉള്ളിൽ സൂക്ഷിക്കുന്ന തൊഴിലാളി വർഗ്ഗബോധത്തിന്റേയും സാഹോദര്യത്തിന്റേയും ശക്തമായ മൂല്യങ്ങൾ തുണയായി എപ്പോഴും കൂടെ ഉണ്ടാവുമെന്നതിൽ ഞങ്ങൾക്ക്‌ സംശയമില്ല.
സ്നേഹത്തോടെ,

ഉണ്ണിക്കൃഷ്ണൻ ബി
( ജനറൽ സെക്രറ്ററി, ഫെഫ്ക)

Related Stories

No stories found.
logo
The Cue
www.thecue.in