'ഞങ്ങളില്ലാതെ ആർടിസ്റ്റിന് പ്രസക്തിയുണ്ടോ?'; അഭിനേതാക്കൾ സിനിമ പൂർത്തിയാക്കുന്നതിൽ തടസം സൃഷ്ടിക്കുന്നുവെന്ന് ഫെഫ്ക

'ഞങ്ങളില്ലാതെ ആർടിസ്റ്റിന് പ്രസക്തിയുണ്ടോ?'; അഭിനേതാക്കൾ സിനിമ പൂർത്തിയാക്കുന്നതിൽ തടസം സൃഷ്ടിക്കുന്നുവെന്ന് ഫെഫ്ക

മലയാള സിനിമയിലെ ചില നടീനടന്മാർ ഒരേ ഡേറ്റ് ഒരേ സമയം പല നിർമ്മാതാക്കൾക്കും സംവിധായകർക്കും കൊടുക്കുന്നുവെന്നും, 'അമ്മ'യും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തീരുമാനിച്ചുറപ്പിച്ച കരാറിൽ ഒപ്പ് വയ്ക്കാൻ വിസമ്മതിക്കുന്നുവെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. കൂടാതെ ചില അഭിനേതാക്കൾ സിനിമയുടെ എഡിറ്റിങ്ങിൽ കൈകടത്തുന്നു എന്നും, അവർക്ക് കണ്ട് തൃപ്തികരമായാൽ മാത്രമേ അവർ സിനിമയുടെ ബാക്കി നിർമ്മാണ പ്രക്രിയകളിലേക്ക് കടക്കാൻ തയ്യാറാകുന്നുള്ളു എന്നും ഫെഫ്ക പറയുന്നു. ഫെഫ്കയുടെ ജനറൽ കൗൺസിൽ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് ബി.ഉണ്ണികൃഷ്ണൻ സംസാരിച്ചത്.

ഒരു അഭിനേതാവിനെ ഹയർ ചെയ്യുമ്പോൾ അവർ ഒപ്പു വയ്ക്കേണ്ട കരാറിനെ പറ്റി ആർട്ടിസ്റ്റ് അസോസിയേഷനോട് ചർച്ച ചെയ്ത് അവരുടെ നിയമപരമായ അഭിപ്രായങ്ങൾ കേട്ടുകൊണ്ടാണ് കരാർ തീർപ്പാക്കിയത് എന്നും, ആ കരാറാണ് ചിലർ ഇപ്പോൾ ഒപ്പ് വയ്ക്കാൻ വിസമ്മതിക്കുന്നത് എന്നും ബി. ഉണ്ണികൃഷ്ണൻ പറയുന്നു. കരാർ ഒപ്പ് വച്ചാൽ കൃത്യമായി തീയതികൾ അറിയാൻ സാധിക്കുമെന്നത് കൊണ്ടാണ് അവർ ഒപ്പ് വയ്ക്കാൻ മടിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തരം പ്രശ്‌നങ്ങൾ നിരന്തരം സൃഷ്ടിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, നിർമ്മാതാക്കൾ ഇല്ലെങ്കിൽ ഒരു ആർട്ടിസ്റ്റിന് ഇവിടെ പ്രസക്തിയുണ്ടോ എന്ന് ആലോചിച്ചു നോക്കുക

ബി ഉണ്ണികൃഷ്ണൻ

വേതനത്തെ സംബന്ധിച്ച് ചർച്ചക്ക് പോകുമ്പോൾ നിലവിൽ രണ്ടു വ്യക്തികൾക്കിടയിലുള്ള വാക്കുകൾ മാത്രമാണ് ഉറപ്പായുള്ളത്. ഒരുപാട് നാളത്തെ ചർച്ചക്ക് ശേഷമാണ് ഇത് സുതാര്യമാക്കാൻ ഒരു ലിഖിത രൂപം ഉണ്ടാക്കണം എന്ന തീരുമാനത്തിൽ എത്തിയത് എന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ചേർന്ന് വളരെ ഡീറ്റൈയ്ൽഡ്‌ ആയിട്ടുള്ള ഒരു എഗ്രിമെന്റിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ.സിനിമയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുമായും കൃത്യമായ കരാറിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രവർത്തിക്കൂ എന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മാത്രമല്ല ഫെഫ്കയുടെ കൂടെ തീരുമാനമാണെന്നും ബി. ഉണ്ണികൃഷ്ണൻ പറയുന്നു. ഛായാഗ്രാഹകർക്കുള്ള കരാർ ഏകദേശം തയ്യാറായി കഴിഞ്ഞിട്ടുണ്ട്. അത് അടുത്ത ദിവസം തന്നെ ഒപ്പ് വയ്ക്കുമെന്നും എഴുത്തുകാരും സംവിധായകരും പ്രൊഡ്യൂസേഴ്സും തമ്മിൽ ഒപ്പുവക്കേണ്ട കരാറും ഒരാഴ്ചക്കുള്ളിൽ തയ്യാറാകുമെന്നും ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

അഭിനേതാക്കൾ, അവർക്കും അവർ പറയുന്നവർക്കും എഡിറ്റ് ചെയ്തത് അപ്പോൾ തന്നെ കാണിച്ചു കൊടുക്കാനും, അവരെ തൃപ്തിപ്പെടുത്തും വരെ മാറ്റി എഡിറ്റ് ചെയ്യാനും ആവശ്യപ്പെടുന്നുവെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. അങ്ങനെ ചെയ്താൽ മാത്രമേ സിനിമയുടെ ബാക്കി കാര്യങ്ങളിലേക്ക് കടക്കാൻ അവർ തയ്യാറാകുന്നുള്ളൂ. എഡിറ്റ് ആരെയെങ്കിലും കാണിച്ച് ബോധ്യപ്പെടുത്തുമെങ്കിൽ അത് പണം മുടക്കിയ നിർമ്മാതാവിനെ മാത്രമായിരിക്കുമെന്നും ബി. ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.

നിലവിൽ ഡബ്ബിങ് നടക്കുന്ന ഒരു സിനിമയിൽ ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്. ആ സിനിമയിലെ ഒരു പ്രധാന നടന് എഡിറ്റിൽ തൃപ്തിയില്ല, മാറ്റി എഡിറ്റ് ചെയ്തില്ലെങ്കിൽ ആ സിനിമ പൂർത്തിയാക്കാൻ അദ്ദേഹം തയ്യാറല്ല എന്നാണ് പറയുന്നത്

ബി. ഉണ്ണികൃഷ്ണൻ

logo
The Cue
www.thecue.in