ഫെഫ്കയിലെ അനീതിക്കെതിരെ നിരാഹാര സമരം നടത്തുന്ന വനിതാ തൊഴിലാളികൾക്ക് പിന്തുണയുമായി നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്ത ഓൾ കേരളാ സിനി മേക്കപ്പ് ആർട്ടിസ്റ്റ്‌സ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ്‌സ് യൂണിയന്റെ കൊച്ചിയിലെ ഓഫീസിന് മുന്നിൽ നടക്കുന്ന സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. ഫെഫ്കയുടെ ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ നേതൃത്വത്തിന് മുന്നിൽ സർക്കാർ നിസ്സഹരാവുകയാണോ അതോ കണ്ണടക്കുകയാണോ എന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ സാന്ദ്ര തോമസ് ചേദിക്കുന്നു.
സാന്ദ്ര തോമസിന്റെ പോസ്റ്റ്:
കണ്ണ് തുറക്കൂ സർക്കാരേ.... കണ്ണ് തുറക്കൂ
അത്യന്തം ദുഃഖത്തോടെയും വേദനയോടെയുമാണ് ഞാൻ ഈ കുറിപ്പെഴുതുന്നത്. സിനിമമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയ്ക്ക് കീഴിലുള്ള All Kerala cinema Makeup Artists and Hairstylists Union ന്റെ 3 അംഗങ്ങൾ തൊഴിലിടത്തിലെ സുരക്ഷക്കും തൊഴിൽ നിഷേധത്തിനുമെതിരെ നിരഹാരം കിടക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തെഴിലാളി വർഗ്ഗ പാർട്ടിയുടെ ഏറ്റവും ഉന്നതമായ ബോഡിയായ പോളിറ്റ് ബ്യൂറോ അംഗം നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയുള്ള നാടാണ് ഈ കേരളം, ആ കേരളത്തിലാണ് തൊഴിൽ സ്ഥിരതക്ക് വേണ്ടിയും തൊഴിലിടത്തിലെ സുരക്ഷക്ക് വേണ്ടിയും 3 വനിതകൾ അവരുടെ ഓഫീസിന് മുന്നിൽ നിരാഹാരം കിടക്കേണ്ടി വരുന്നത്. കേരളത്തിലെ തൊഴിൽ മന്ത്രിയാകട്ടെ വിദ്യാർത്ഥി നേതാവായിരുന്ന കാലത്ത് ഒട്ടനവധി തീക്ഷണമായ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടേയും നേതൃത്വത്തിലേക്ക് ഉയർന്ന് വന്നയാളാണ്. ഇവരെല്ലാം നേതൃത്വം കൊടുക്കുമ്പോഴാണ് പട്ടിണി പാവങ്ങളായ ഈ സ്ത്രീകൾക്ക് സ്വന്തം മക്കളെ പോലും വീട്ടിലിട്ട് സമരത്തിന് ഇറങ്ങേണ്ടി വന്നത്. FEFKA യുടെ ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ നേതൃത്വത്തിന് മുന്നിൽ സർക്കാർ നിസ്സഹരാവുകയാണോ അതോ കണ്ണടക്കുകയാണോ ?.
ഈ സ്ത്രീകൾ ലക്ഷങ്ങൾ ഫെഫ്കക്ക് നിക്ഷേപം കൊടുത്തിട്ടാണ് മെമ്പർഷിപ് ലഭിച്ചത് എന്നുകൂടി നമ്മൾ ഓർക്കേണ്ടതാണ്. സർക്കാർ ഇവരുടെ വേദനകളെയും പ്രയാസങ്ങളെയും അവഗണിക്കുന്നത് മൊത്തം സ്ത്രീകളോടുള്ള അവഗണയാണ്.
ദിവസങ്ങൾക്കു മുൻപ് ഒരു താരം ഒരു വ്യവസായിക്കെതിരെ പരാതി നൽകിയപ്പോൾ ഞൊടിയിടയിൽ ഇടപെട്ട സർക്കാർ എന്തുകൊണ്ട് ഈ വിഷയത്തിൽ ഇടപെടുന്നില്ല. ഇത് വിവേചനമല്ലേ ?
അതുകൊണ്ട് ഈ വിഷയം കേരളത്തിലെ ജനങ്ങൾ ഒന്നാകെ ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു, അതോടൊപ്പം കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ മുന്നിട്ടു നിൽക്കുന്ന വ്യക്തിത്വങ്ങളും ഈ നിരാലംബർക്കു ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു .
മേക്കപ്പ് ആർട്ടിസ്റ്റുകൾ ആയ രോഹിണി, എയ്ഞ്ചൽ, എലിസബത്ത് എന്നിവരാണ് യൂണിയന്‍ ഓഫീസിന് മുന്നില്‍ സമരം നടത്തുന്നത്. ബി. ഉണ്ണികൃഷ്ണൻ, പ്രദീപ് രംഗൻ എന്നിവർ രാജിവെക്കുക, സിനിമാ തൊഴിൽ മേഖലയിൽ സർക്കാർ ഇടപെടുക, മേക്കപ്പ് വിഭാഗം മേധാവികൾക്ക് കീഴിൽനിന്ന് ഹെയർ സ്‌റ്റൈലിസ്റ്റുകളെ സ്വതന്ത്രരാക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ മുന്നോട്ടുവെച്ചാണ് സമരം.