മതമൗലികവാദികളുടെ ഫണ്ട് വാങ്ങി സിനിമ നിര്‍മ്മിച്ചെന്ന ആരോപണം, എന്‍.ശശിധരന്‍ മാപ്പ് പറയണമെന്ന് ഫെഫ്ക

മതമൗലികവാദികളുടെ ഫണ്ട് വാങ്ങി സിനിമ നിര്‍മ്മിച്ചെന്ന ആരോപണം, എന്‍.ശശിധരന്‍ മാപ്പ് പറയണമെന്ന് ഫെഫ്ക

സിദ്ധാര്‍ത്ഥ ശിവക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത 'എന്നിവര്‍' നിര്‍മ്മിച്ചത് മതമൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചാണെന്ന് ജൂറി അംഗം എന്‍ ശശിധരന്‍ ആരോപിച്ചിരുന്നു. ഈ ആരോപണം എന്ത് അടിസ്ഥാനത്തിലാണെന്ന് എന്‍.ശശിധരന്‍ വ്യക്തമാക്കണമെന്നും അവാര്‍ഡ് ജേതാക്കളെ ആക്ഷേപിക്കുന്ന വസ്തുതാവിരുദ്ധമായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജി.എസ് വിജയന്‍ എന്നിവരുടേതാണ് പ്രസ്താവന.

ഫെഫ്കയുടെ പ്രസ്താവനയില്‍ പറയുന്നത്: 'സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തെ തുടര്‍ന്ന് അവാര്‍ഡ് നിര്‍ണയ സമിതി അംഗം ശ്രീ എന്‍ ശശിധരന്‍ നടത്തിയ ചില പ്രസ്താവനകള്‍ അങ്ങേയറ്റം അപലനീയമാണ്. മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ചിത്രം നിര്‍മ്മിച്ചത് മതമൗലികവാദികളുടെ ഫണ്ടിങ്ങ് ഉപയോഗിച്ചാണെന്ന അദ്ദേഹത്തിന്റെ ആരോപണം എന്ത് അടിസ്ഥാനത്തിലാണ് എന്ന് വിശദീകരിക്കാന്‍ അദ്ദേഹം തന്നെ തയ്യാറാവണം. അവാര്‍ഡ് ജേതാക്കളെ അടച്ച് ആക്ഷേപിക്കുന്ന വസ്തുതാരഹിതമായ തന്റെ പ്രസ്താവനകള്‍ അടിയന്തരമായി പിന്‍വലിച്ച് മാപ്പ് പറയാന്‍ അദ്ദേഹം തയ്യാറാവണം എന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ആവശ്യപ്പെടുന്നു.

അവാര്‍ഡിന് സമര്‍പ്പിക്കുന്ന ചിത്രങ്ങളുടെ മൗലികത സംബന്ധിച്ച് സമീപകാലത്ത് ഉണ്ടായ വിവാദങ്ങളും ചലചിത്ര അക്കാദമി ഗൗരവമായി എടുക്കേണ്ടതുണ്ട്. അവാര്‍ഡ് നിര്‍ണ്ണയ സമിതി അംഗങ്ങള്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പൊതു വേദികളില്‍ അവാര്‍ഡ് സംബന്ധിച്ച വിവാദ പ്രസ്താവനകളോ വെളിപ്പെടുത്തലുകളോ നടത്തുന്നത് നിയന്ത്രിക്കുന്നതിനും കൃത്യമായ ഒരു സംവിധാനം ഉണ്ടാക്കേണ്ടിയിരിക്കുന്നു.

ഈ വിഷയങ്ങളില്‍ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് സാസംസ്‌കാരിക വകുപ്പ് മന്ത്രി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്നിവര്‍ക്ക് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ കത്തയച്ചിട്ടുണ്ട്.'

Related Stories

No stories found.
logo
The Cue
www.thecue.in