ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞുവെന്ന് മാധ്യമങ്ങളില്‍ പറഞ്ഞത് തെറ്റ്; വിപിന്‍ കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കും; ഫെഫ്ക

ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞുവെന്ന് മാധ്യമങ്ങളില്‍ പറഞ്ഞത് തെറ്റ്; വിപിന്‍ കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കും; ഫെഫ്ക
Published on

ഉണ്ണി മുകുന്ദനുമായുള്ള പ്രശ്‌നത്തില്‍ തര്‍ക്കപരിഹാരം ഉണ്ടായതിന് ശേഷം ധാരണ ലംഘിച്ച വിപിന്‍ കുമാറുമായി സംഘടനാപരമായി സഹകരിക്കില്ലെന്ന് ഫെഫ്ക. വിപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ശനിയാഴ്ച അമ്മ ഓഫീസില്‍ വെച്ച് ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വങ്ങള്‍ വിപിനും ഉണ്ണി മുകുന്ദനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയിലുണ്ടായ ധാരണകള്‍ക്ക് വിപരീതമായി ഒരു ന്യൂസ് ചാനലിന് ചര്‍ച്ചയെക്കുറിച്ച് വിപിന്‍ തെറ്റിദ്ധാരണാ ജനകമായ വിവരങ്ങള്‍ നല്‍കിയെന്നാണ് ഫെഫ്ക വ്യക്തമാക്കുന്നത്. ചര്‍ച്ചയില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞുവെന്ന് വിപിന്‍ ചാനലിനോട് പറഞ്ഞു. ഈ അവകാശവാദം ശരിയല്ല. ധാരണാലംഘനം നടത്തിയ സാഹചര്യത്തില്‍ ഫെഫ്ക വിപിനുമായി യാതൊരു രീതിയിലും സഹകരിക്കില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഫെഫ്ക അറിയിച്ചു.

ശനിയാഴ്ച നടന്ന ചര്‍ച്ചയ്ക്ക് ശേഷം ഉണ്ണി മുകുന്ദനും വിപിനും പരസ്പരം തുറന്ന് സംസാരിച്ചുവെന്നും കുറേയധികം കാര്യങ്ങളില്‍ അവര്‍ക്ക് വ്യക്തത വരുത്താന്‍ സാധിച്ചുവെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. രണ്ട് സംഘടനകളും ഇരുവരുടെയും ഭാഗങ്ങള്‍ കേട്ടു. ഇരുവരും വളരെയടുത്ത സുഹൃത്തുക്കളാണെന്നാണ് മനസിലാക്കുന്നത്. വളരെയടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള്‍ തീക്ഷ്ണത കൂടും. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇവരുടെ വിഷയത്തില്‍ മറ്റു നടീനടന്‍മാരുടെ പേരുകള്‍ ഉള്‍പ്പെട്ടു കണ്ടിട്ടുണ്ട്. എന്നാല്‍ മറ്റാരും ഇവരുടെ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് മനസിലാകുന്നത്. വൈകാരികമായി സംസാരിച്ചപ്പോള്‍ രണ്ടുപക്ഷവും പറഞ്ഞ സംഗതികളാണ് അവ.

വിപിന്‍ ഉണ്ണിയുടെ പിആര്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈകാരികമായി സംസാരിച്ചപ്പോള്‍ അത് നിഷേധിച്ചതാണ്. വിപിന്റെ അച്ഛന്റെ ചികിത്സക്ക് പണം നല്‍കിയതായി ഉണ്ണി പറഞ്ഞത് വിപിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ അങ്ങനെയുള്ള ഇടപാടുകള്‍ കാണാന്‍ സാധിച്ചില്ല. ഇരുവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യങ്ങളുണ്ടായിട്ടുണ്ട്. ഇരുവരും തമ്മില്‍ തുറന്ന് സംസാരിക്കാന്‍ അവസരമുണ്ടാക്കി. വിപിന്റെ പേരില്‍ നടിമാര്‍ ആരും പരാതി നല്‍കിയിട്ടില്ല. ഇപ്പോള്‍ ഉണ്ടായ വിഷയത്തില്‍ ഒരു പരാതിയുണ്ട്. അത് ഒത്തുതീര്‍പ്പില്‍ എത്തണമെങ്കില്‍ പോലും കോടതിയില്‍ എത്തണമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആ കേസില്‍ ഇടപെടാനില്ലെന്നും ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in