'ടിക്കറ്റ് എടുത്തിട്ടും വേദിയിലേക്ക് പ്രവേശനം ലഭിച്ചില്ല'; എ ആർ റഹ്മാന്റെ സം​ഗീത പരിപാടിക്ക് എതിരെ കടുത്ത വിമർശനവുമായി ആ​രാധകർ

'ടിക്കറ്റ് എടുത്തിട്ടും വേദിയിലേക്ക് പ്രവേശനം ലഭിച്ചില്ല'; എ ആർ റഹ്മാന്റെ സം​ഗീത പരിപാടിക്ക് എതിരെ കടുത്ത വിമർശനവുമായി ആ​രാധകർ

സം​ഗീത സംവിധായകൻ എ ആർ റഹ്‌മാൻ ചെന്നെെയിൽ സംഘടിപ്പിച്ച മ്യൂസിക് പരിപാടിക്കെതിരെ സോഷ്യൽ മീഡിയയിൽ ആരാധക രോഷം. മറക്കുമ നെഞ്ചം എന്ന മ്യൂസിക് ഷോയില്‍ പങ്കെടുക്കാൻ ആയിരക്കണക്കിന് എആർ റഹ്മാൻ ആരാധകരാണ് എത്തിയത്. എന്നാല്‍ പലര്‍ക്കും വേദിക്ക് അടുത്ത് പോലും എത്താന്‍ സാധിച്ചില്ല. ആയിരങ്ങള്‍ മുടക്കി ടിക്കറ്റ് എടുത്തവര്‍ക്ക് മുന്‍പേ അവരുടെ സീറ്റുകള്‍ ആളുകള്‍ കൈയ്യേറിയെന്നാണ് ആരോപണം. ട്വിറ്ററിലൂടെ നിരവധിപ്പേരാണ് സം​ഘാടകർക്ക് സംഭവിച്ച പിഴവിനെ ചൂണ്ടിക്കാട്ടി ​രം​ഗത്ത് വന്നത്. പരിപാടിക്ക് പിന്നാലെ കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ എ ആർ റഹ്‌മാന് നേരെ ഉയരുന്നത്.

സം​ഗീത പരിപാടി ആ​​രംഭിക്കുന്നതിന് മണിക്കൂറുകൾ‌ക്ക് മുമ്പ് എത്തിയിട്ടും പലർക്കും വേദിക്ക് അകത്തേക്ക് പോലും കയറാൻ സാധിച്ചില്ല. വേദിയിലേക്ക് പ്രവേശിക്കാനുള്ള ബഹളത്തിൽ ആളുകൾക്ക് പരിക്കേറ്റതായും ആരോപണമുണ്ട്. തിരക്ക് മൂലം കുട്ടികൾ പലരും മാതാപിതാക്കളിൽ നിന്ന് വേർപെട്ട് പോയതായും ജനക്കൂട്ടത്തിനിടെ മോശം അനുഭം നേരിടേണ്ടി വന്നുവെന്നും നിരവധി സ്ത്രീകൾ സോഷ്യൽ‌ മീഡിയയിലൂടെ ആരോപിക്കുന്നു. ആൾക്കൂട്ട നിയന്ത്രണവും, ഇരിപ്പിട ക്രമീകരണവും, വേദിയുടെ കപ്പാസിറ്റിയുമായി താരതമ്യപ്പെടുത്തുമ്പോൾ ടിക്കറ്റുകളുടെ അമിത വിൽപ്പനയും, ടിക്കറ്റ് വിലയ്ക്ക് അനുസരിച്ച് സോണുകളുടെ അഭാവം, പാർക്കിംഗ് സൗകര്യങ്ങളുടെ അഭാവം തുടങ്ങി നിരവധി പരാതികളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

എന്നാൽ ഇതേ സമയം ട്വീറ്റുകളോട് പ്രതികരിച്ച് റഹ്മാൻ തന്നെ ​രം​ഗത്ത് എത്തിയിട്ടുണ്ട്. ടിക്കറ്റുകൾ വാങ്ങുകയും അതേ സമയം നിർഭാഗ്യകരമായ സാഹചര്യങ്ങൾ കാരണം സം​ഗീത പരിപാടിയിൽ പ്രവേശിക്കാൻ സാധിക്കാത്തവർ നിങ്ങളുടെ പരാതിക്കൊപ്പം arr4chennai@btos.in എന്ന വിലാസത്തിൽ ടിക്കറ്റിന്റെ പകർപ്പ് പങ്കിടുക. ഞങ്ങളുടെ ടീം എത്രയും വേഗം പ്രതികരിക്കുന്നതായിരിക്കും എന്ന് റഹ്മാൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.

എന്നാൽ അവിശ്വസനീയമായ പ്രതികരണമാണ് സം​ഗീത പരിപാടിക്ക് ലഭിച്ചതെന്നും, നിറഞ്ഞ ജനക്കൂട്ടം ഞങ്ങളുടെ ഷോ വൻ വിജയമാക്കിയെന്നും സം​ഗീത പരിപാടിയുടെ സംഘാടകരായ എസിറ്റിസി ഇവന്റ് ട്വീറ്റ് ചെയ്തു. ഒപ്പം തിരക്ക് കാരണം പങ്കെടുക്കാൻ കഴിയാത്തവരോട്, ഞങ്ങളുടെ ആത്മാർത്ഥമായ ക്ഷമാപണം അറിയിക്കുന്നുവെന്നും പിഴവിന്റെ പൂർണ്ണ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു എന്നും എസിറ്റിസി ഇവന്റ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in