രണ്ട് സിനിമകൾ; ഫഹദ് ഫാസിലിന് കൈ കൊടുത്ത് പനോരമ സ്റ്റുഡിയോസ്

രണ്ട് സിനിമകൾ; ഫഹദ് ഫാസിലിന് കൈ കൊടുത്ത് പനോരമ സ്റ്റുഡിയോസ്
Published on

ഇന്ത്യയിലെ ശ്രദ്ധേയ സിനിമാ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് പുതിയ രണ്ട് മലയാള ചിത്രങ്ങൾ പ്രഖ്യാപിച്ചു. നിർമ്മാതാവ് ജേക്കബ് ബാബുവുമായി സഹകരിച്ചാണ് പനോരമ സ്റ്റുഡിയോസ് രണ്ട് ചിത്രങ്ങളും നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ മികച്ച താരങ്ങളിലൊരാളും കരിയറിൽ ഏറെ വൈവിധ്യങ്ങളുമുള്ള നടൻ ഫഹദ് ഫാസിലാണ് രണ്ട് ചിത്രങ്ങളിലും പ്രധാന വേഷത്തിൽ എത്തുന്നത്.

'മഹേഷിന്റെ പ്രതികാരം', 'കുമ്പളങ്ങി നൈറ്റ്‌സ്', 'ജോജി', 'മാലിക്', 'ആവേശം', ഒപ്പം പാൻ-ഇന്ത്യൻ ഹിറ്റായ 'പുഷ്പ' പരമ്പര തുടങ്ങിയ ചിത്രങ്ങളിലൂടെ സമകാലിക ഇന്ത്യൻ സിനിമയിൽ സ്വന്തമായൊരു ഇടം നേടിയെടുത്ത നടനാണ് ഫഹദ് ഫാസിൽ. ഫഹദിന്റെ ശക്തമായ കഥാപാത്ര തിരഞ്ഞെടുപ്പുകളും അഭിനയശൈലിയും പുതിയ പ്രൊജക്റ്റുകൾക്കും കരുത്താകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

'ഓംകാര', 'പ്യാർ കാ പഞ്ച്‌നാമ', 'ദൃശ്യം', 'റെയ്ഡ്', 'ശൈത്താൻ' തുടങ്ങി നിരവധി സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രങ്ങൾ സമ്മാനിച്ച പനോരമ സ്റ്റുഡിയോസ് ഇപ്പോൾ മലയാള സിനിമയിലും സജീവമാവുകയാണ്. 'ദൃശ്യം 3' കൂടാതെ റഹ്‌മാൻ, ഭാവന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'അനോമി', ആസിഫ് അലിയുടെ 'ടികിടാക', കുഞ്ചാക്കോ ബോബൻ - ലിജോമോൾ ജോസ് ചിത്രം 'ഉന്മാദം', ഒപ്പം നിവിൻ പോളിയുമായുള്ള പുതിയ പ്രൊജക്റ്റ് എന്നിവ പനോരമ സ്റ്റുഡിയോസ് മലയാളത്തിൽ നിർമ്മിക്കുന്ന മറ്റു ചിത്രങ്ങളാണ്.

നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ഈ രണ്ട് ചിത്രങ്ങളും 2027-ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി. ചിത്രങ്ങളുടെ സംവിധായകർ, മറ്റു താരങ്ങൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻതന്നെ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പിആർഒ: ആതിര ദിൽജിത്ത്.

logo
The Cue
www.thecue.in