
ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'പാച്ചുവും അൽഭുതവിളക്കും' എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. മലയന്‍കുഞ്ഞിന് ശേഷം തിയ്യേറ്ററിലേക്കെത്തുന്ന ഫഹദ് ചിത്രം കൂടിയാണ് പാച്ചുവും അത്ഭുതവിളക്കും. വിക്രത്തില്‍ നിന്നും മലയന്‍കുഞ്ഞില്‍ നിന്നുമെല്ലാം മാറിനില്‍ക്കുന്ന ഹ്യൂമര്‍ ടച്ചുകൂടെയുള്ള കഥാപാത്രമാണ് ഫഹദ് ചെയ്യുന്നതെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്.
ചിത്രത്തിന്റെ പേരിലെ ഫാന്റസി സിനിമയിലില്ലെന്ന് സംവിധായകന്‍ അഖില്‍ സത്യന്‍ മുന്‍പ് ദ ക്യുവിനോട് പറഞ്ഞിരുന്നു. റിയലിസ്റ്റിക്കായൊരു സിനിമയാണ്. സത്യന്‍ അന്തിക്കാട് ശൈലിയില്‍ അല്ലാത്തൊരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹത്തിന്റെ പുറത്താണ് പാച്ചുവും അത്ഭുത വിളക്കും ചെയ്യാന്‍ തീരുമാനിച്ചതെന്നും അഖില്‍ പറഞ്ഞിരുന്നു.
കൊവിഡ് ലോക്ഡൗണിന് മുന്‍പ് ചിത്രീകരണം ആരംഭിച്ചിരുന്ന സിനിമ ലോക്ഡൗണ്‍ മൂലം മുടങ്ങിയിരുന്നു. ഇന്നസെന്റ്, നന്ദു മുകേഷ്, ഇന്ദ്രന്‍സ്, തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാനവേഷത്തിലെത്തുന്നു, ജസ്റ്റിന്‍ പ്രഭാകരാണ് ചിത്രത്തിന്റെ സംഗീതം. ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം.
വിജി വെങ്കിടേഷ് ആണ് ഫഹദിനൊപ്പം നിര്‍ണായക റോളില്‍ ചിത്രത്തിലുള്ളത്. രാജീവനാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഉത്തരാ മേനോന്‍ കോസ്റ്റിയൂംസും പാണ്ഡ്യന്‍ മേക്കപ്പും മനു മഞ്ജിത്ത് ഗാനരചനയും നിര്‍വഹിക്കുന്നു. കലാസംഘം ഈ വര്‍ഷം ചിത്രം തിയറ്ററുകളിലെത്തിക്കും. ഞാന്‍ പ്രകാശന്‍ എന്ന സിനിമക്ക് ശേഷം ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രവുമാണ് പാച്ചുവും അല്‍ഭുതവിളക്കും.
അഖിലിന്റെ സഹോദരന്‍ അനൂപ് സത്യന്‍ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. രാജ്യാന്തര അംഗീകാരങ്ങള്‍ ലഭിച്ച ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്ററിയുടെ സംവിധായകനുമാണ് അഖില്‍ സത്യന്‍. ഞാന്‍ പ്രകാശന്‍, ജോമോന്റെ സുവിശേഷങ്ങള്‍, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ സത്യന്‍ അന്തിക്കാട് സിനിമകളില്‍ സഹസംവിധായകനായിരുന്നു അഖില്‍ സത്യന്‍.