
അർജുൻ അശോകൻ,ബാലു വർഗീസ് ,അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന എന്ന് സ്വന്തം പുണ്യാളന് മികച്ച തുടക്കം. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. സിനിമ കണ്ടവരിൽ ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2025ൽ ക്ലീൻ യു സെർട്ടിഫിക്കറ്റിൽ റിലീസാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് എന്ന് സ്വന്തം പുണ്യാളൻ.
ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയി ചിത്രം പ്രദർശനത്തിനെത്തും. ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് സിനിമയുടെ ട്രെയ്‌ലർ തന്നത്. വ്യത്യസ്തമായ മേക്കോവറിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇവർ മൂന്നു പേരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് "എന്ന് സ്വന്തം പുണ്യാളൻ". രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.
മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. സിനിമയിലെ താൻ അവതരിപ്പിക്കുന്ന തോമസ് എന്ന കഥാപാത്രത്തിന്റെ പാവത്താൻ സ്വഭാവം കാരണം അയാൾ അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളാണ് ചിത്രത്തിൽ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നതെന്നാണ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മുമ്പ് ബാലു വർഗീസ് പറഞ്ഞത്.