
എന്ന് സ്വന്തം പുണ്യാളൻ എന്ന ചിത്രത്തിലെ കഥാപാത്രത്തെ ഗംഭീരമാക്കി ബാലു വർഗീസ്. ഒരു പൊൻകുരിശും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളുമായി എത്തിയിരിക്കുന്ന ഫാമിലി ഫാന്‍റസി സസ്പെൻസ് ത്രില്ലര്‍ എന്ന് സ്വന്തം പുണ്യാളന് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഫാൻ്റസി കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ തോമസ് എന്ന കഥാപാത്രത്തെയാണ് ബാലു വർഗീസ് അവതരിപ്പിക്കുന്നത്. ഫാ. തോമസ് ചാക്കോയുടെ ജീവിതം മുൻനിർത്തിയാണ് സിനിമയുടെ ഭൂരിഭാഗവും മുന്നോട്ടുപോവുന്നത്. മറ്റ് കഥാപാത്രങ്ങളെല്ലാം ഈ കഥാപാത്രത്തിലേക്ക് എത്തിച്ചേരുന്നതാണ് കഥ.
താൻ അവതരിപ്പിക്കുന്ന തോമസ് എന്ന കഥാപാത്രം കുറച്ച് ഓവർ ശുദ്ധനാണെന്നും അതാണ് ആ കഥാപാത്രം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്നും ബാലു വർഗീസ് നേരത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വളരെ നല്ല ആളായതുകൊണ്ടു തന്നെ അയാൾക്ക് ജീവിതത്തിൽ നേരിടേണ്ടി വരുന്ന പണികളാണ് സിനിമയിൽ പറയുന്നതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബാലു വർഗീസ് പറഞ്ഞു.
അർജുൻ അശോകനും ബാലു വർഗ്ഗീസും അനശ്വര രാജനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ. പ്രായഭേദമെന്യേ എല്ലാ പ്രേക്ഷർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരെ തൃപ്തിപെടുത്താൻ കഴിയുന്ന സിനിമയാണെന്ന് 'എന്ന് സ്വന്തം പുണ്യാളൻ' തെളിയിക്കുന്നുണ്ട്
സാംജി എം ആന്‍റണി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം നവാഗതനായ മഹേഷ് മധുവാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫാ. തോമസ് ചാക്കോ എന്ന പള്ളീലച്ചൻ വേഷത്തിൽ ബാലു മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഒപ്പം അർജുൻ അശോകൻ, അനശ്വര രാജൻ ഇവരുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയുടെ ഹൈലൈറ്റാണ്. ബൈജു, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്‍റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റെണദീവ് ഒരുക്കിയിരിക്കുന്ന മനോഹരമായ ദൃശ്യങ്ങളും സാം സിഎസിന്‍റെ സംഗീതവും സോബിൻ സോമന്‍റെ ചിത്ര സംയോജനവും അനീസ് നാടോടിയുടെ കലാസംവിധാനവുമൊക്കെ സിനിമയുടെ പ്രധാന ആകർഷണങ്ങളാണ്.