അൻപറിവ് മാസ്റ്റേഴ്സ് ഫൈറ്റിന്റെ ഒരു വെർഷൻ തരും, അപ്ലോഡ് ചെയ്യുന്നതിന് രണ്ട് ദിവസം മുൻപും ആർഡിഎക്സ് എഡിറ്റ് ചെയ്തിരുന്നെന്ന് ചമൻ ചാക്കോ

അൻപറിവ് മാസ്റ്റേഴ്സ് ഫൈറ്റിന്റെ ഒരു വെർഷൻ തരും, അപ്ലോഡ് ചെയ്യുന്നതിന് രണ്ട് ദിവസം മുൻപും ആർഡിഎക്സ് എഡിറ്റ് ചെയ്തിരുന്നെന്ന് ചമൻ ചാക്കോ

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ആക്ഷൻ ചിത്രം ആർഡിഎക്സ് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. അൻപറിവ് മാസ്റ്റേഴ്സ് സ്റ്റണ്ട് കൊറിയോ​ഗ്രഫി നിർവഹിച്ച ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ചമൻ ചാക്കോയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഫൈനൽ എഡിറ്റ് പൂർത്തിയാകുന്നത് റിലീസിന് വേണ്ടി ക്യൂബിൽ അപ്ലോഡ് ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ് മാത്രമാണെന്ന് ചമൻ പറയുന്നു. അൻപറിവ് മാസ്റ്റേഴ്സ് ഒരു സ്പോട്ട് എഡിറ്റ് ചെയ്ത ഫൈറ്റ് സീക്വൻസ് തന്നിട്ടായിരിക്കും പോവുക, അതിൽ നിന്ന് സിനിമയ്ക്ക് വേണ്ട രീതിയിലേക്ക് റീ എഡിറ്റ് ചെയ്യുകയാണ് ചെയ്യുകയെന്നും ചമൻ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ചമൻ പറഞ്ഞത്

ആക്ഷൻ കൊറിയോ​ഗ്രഫി കഴിഞ്ഞ് അവരുടെ ഒരു എഡിറ്റഡ് വെർഷൻ തന്നിട്ടായിരിക്കും അൻപറിവ് മാസ്റ്റേഴ്സ് പോവുക, അത് പക്ഷേ ദൈർഘ്യം കൂടുതലുള്ളതായിരിക്കും. നമുക്ക് അത്രയും ഉപയോ​ഗിക്കാൻ കഴിയില്ല, നമ്മൾ വീണ്ടും എഡിറ്റ് ചെയ്ത് അവരെ കാണിക്കും, അതിൽ അവർ ചില നിർദേശങ്ങൾ തരും, ഉപയോ​ഗിച്ച ഷോട്ടുകൾ നല്ലതാണോ, അല്ലെങ്കിൽ അതിനേക്കാൾ നല്ല ഷോട്ടുകൾ വേറെയുണ്ടെന്നെല്ലാം പറയും. സിനിമയുടെ ഫൈനൽ എഡിറ്റ് ക്യുബിൽ അപ്ലോഡ് ചെയ്യുന്നതിന് രണ്ട് ദിവസം മുൻപും നടന്നിരുന്നു. മ്യൂസിക്ക് ഫൈനൽ കേൾക്കാൻ ചെല്ലുമ്പോൾ സ്കോറിൽ ആദ്യത്തേതിൽ നിന്ന് ചില മാറ്റങ്ങൾ ചെയ്തിട്ടുണ്ടായിരുന്നു. അപ്പോൾ കുറച്ച് ബീറ്റ് മാറി, ചില ഫൈറ്റുകൾ സിങ്ക് ഔട്ടായത് പോലെ തോന്നി. പക്ഷേ മിക്സ് നടക്കുന്നത് കൊണ്ട് ഞാൻ വീണ്ടും എഡിറ്റ് ചെയ്താൽ എല്ലാവരുടെയും ജോലിയെ അത് ബാധിക്കും. പിന്നെ സൗണ്ട് ഡിസൈൻ ചെയ്യുന്ന സച്ചിൻ ചേട്ടനെ ( സച്ചിൻ സുധാകരൻ, സിങ്ക് സിനിമ ) വിളിച്ചു. റീ എഡിറ്റ് ചെയ്തോട്ടെയെന്ന് ചോദിച്ചു ചേട്ടൻ ചെയ്തോളാൻ പറഞ്ഞു, സത്യം പറഞ്ഞാൽ ക്യൂബിൽ അപ്ലോഡ് ചെയ്യുന്നതിന് രണ്ട് ദിവസം മുൻപാണ് ഫൈനൽ എഡിറ്റ് കഴിഞ്ഞത്,

ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം ഒരു മുഴുനീള ആക്ഷൻ എന്റെർറ്റൈനറാണ്. ഓണം റിലീസായി ആ​ഗസ്റ്റ് 25 നാണ് ആർ.ഡി.എക്സ് തിയറ്ററുകളിലെത്തിയത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്‍ ചിത്രമായ 'വിക്രത്തിനു' ആക്ഷന്‍ ചെയ്ത അന്‍പറിവാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കൈതി, വിക്രം വേദ തുടങ്ങി നിരവധി തമിഴ് സിനിമള്‍ക്ക് സംഗീതം നല്‍കിയ സാം.സി.എസ് ആണ് ആര്‍.ഡി.എക്‌സിന് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in