ആ ഫൈറ്റ് കുറച്ചുകൂടി എളുപ്പമുള്ളതായിരുന്നു, പക്ഷെ ഞാന്‍ വന്നപ്പോള്‍ ടഫ് ആക്കി: ദുര്‍ഗ സി വിനോദ്

ആ ഫൈറ്റ് കുറച്ചുകൂടി എളുപ്പമുള്ളതായിരുന്നു, പക്ഷെ ഞാന്‍ വന്നപ്പോള്‍ ടഫ് ആക്കി: ദുര്‍ഗ സി വിനോദ്
Published on

ലോകയിലെ ഇന്റർവെൽ ഫൈറ്റ് സീക്വൻസ് കുറച്ചുകൂടി എളുപ്പമുള്ള രീതിയിലുള്ള ഒന്നായിരുന്നുവെന്നും താൻ വന്നതിന് ശേഷം ഫൈറ്റ് മാസ്റ്റർ അത് മറ്റൊരു രീതിയിലേക്ക് മാറ്റിയെന്നും ബാലതാരം ദുർ​ഗ സി വിനോദ്. തുടക്കത്തിൽ എന്താണ് സിനിമയുടെ കഥ എന്ന് അറിയില്ലായിരുന്നു. ലൊക്കേഷനിൽ എത്തിയതിന് ശേഷമാണ് വാംപയറായാണ് അഭിനയിക്കുന്നതെന്നും സംഘട്ടന രം​ഗങ്ങളുണ്ട് എന്ന് അറിയുന്നതെന്നും ദുർ​ഗ സി വിനോദ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ദുർ​ഗ സി വിനോദിന്റെ വാക്കുകൾ

ലോക കണ്ട് ആരും മോശം അഭിപ്രായം പറഞ്ഞിട്ടില്ല, എല്ലാവരും നല്ല അഭിപ്രായമാണ് അറിയിച്ചത്. ചിലരൊക്കെ സിനിമ കണ്ട് കരഞ്ഞുപോയി എന്നുവരെ പറഞ്ഞിരുന്നു. തുടക്കത്തിൽ ആക്ഷൻ സീക്വൻസുകളുള്ള ഒന്ന് രണ്ട് ഷോട്ട് ഫിലിമുകളളെല്ലാം ചെയ്തിരുന്നു. അതിന് ശേഷമം രണ്ട് സിനിമകളിൽ മുഖം കാണിച്ചു. എന്നിട്ടാണ് ലോകയിലേക്ക് എത്തുന്നത്. ലോകയുടെ സെറ്റിലേക്ക് വരുമ്പോൾ ഫൈറ്റിന്റെ കാര്യത്തിൽ യാതൊരു ടെൻഷനും എനിക്ക് ഉണ്ടായിരുന്നില്ല. എന്തായാലും ചെയ്യാൻ പറ്റും എന്നൊരു കോൺഫിഡൻസ് ഉണ്ടായിരുന്നു. ആ ഫൈറ്റ് സീക്വൻസ് ആദ്യം മറ്റൊരു രീതിയിൽ ആയിരുന്നു, പക്ഷെ, ഞാൻ സ്കിൽഡാണ് എന്ന് മനസിലാക്കിയപ്പോൾ ഫൈറ്റ് മാസ്റ്റർ അത് മറ്റൊരു രീതിക്ക് ആക്കുകയായിരുന്നു. ആദ്യമൊന്നും കഥ അറിയില്ലായിരുന്നു. പിന്നെയാണ് മനസിലായത്, വാംപയറായാണ് സിനിമയിൽ വേഷമിടുന്നത് എന്ന്. അത് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി. പിന്നെ, ഫൈറ്റ് കൂടിയുണ്ട് എന്നറിഞ്ഞപ്പോൾ ഇരട്ടി സന്തോഷമായി.

കള്ളിയങ്കാട്ട് നീലിയെക്കുറിച്ചുള്ള കുറച്ച് കഥകളെല്ലാം അച്ഛനും അമ്മയും പറഞ്ഞുതന്നിട്ടുണ്ടായിരുന്നു. സിനിമയ്ക്ക് ശേഷം ഞാൻ കുറേ ചോദിച്ച് മനസിലാക്കിയിരുന്നു. അച്ഛൻ സ്ക്രിപ്റ്റ് ചെയ്യുന്നതുകൊണ്ടുതന്നെ ​ഗോസ്റ്റിനെക്കുറിച്ച് പറയുമ്പോൾ അതിനോടൊപ്പം ഒരു ഫൈറ്റും ഉൾക്കൊള്ളിച്ചുകൊണ്ടാണ് കഥ പറഞ്ഞു തരാറ്. കല്യാണിയുടെ ചെറുപ്പമാണ് ചെയ്യുന്നത് എന്ന് അറിയാമായിരുന്നെങ്കിലും ലോകയിലേക്ക് വരുമ്പോൾ, ടൊവിനോയും ദുൽഖറുമൊന്നും സിനിമയിൽ ഉള്ള കാര്യം അറിയില്ലായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in