
എല്ലാ ഭാഷകളിലും തനിക്ക് ഫാൻസ് ഉണ്ട്, അതിൽ ഒരു ഫാൻ ഞാനാണ് എന്നായിരുന്നു ദുൽഖർ സൽമാൻ ലോകയുടെ റിലീസിന് ശേഷം പറഞ്ഞതെന്ന് സിനിമയിൽ കല്യാണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച ദുർഗ സി വിനോദ്. കല്യാണിയുടെ ചെറുപ്പമാണ് ചെയ്യുന്നത് എന്ന് അറിയാമായിരുന്നെങ്കിലും ലോകയിലേക്ക് വരുമ്പോൾ, ടൊവിനോയും ദുൽഖറുമൊന്നും സിനിമയിൽ ഉള്ള കാര്യം അറിയില്ലായിരുന്നു. സമയം കിട്ടുമ്പോൾ തന്നെ കാണാൻ വരാമെന്ന് ടൊവിനോയും പറഞ്ഞതായി ദുർഗ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ദുർഗ സി വിനോദിന്റെ വാക്കുകൾ
കള്ളിയങ്കാട്ട് നീലിയെക്കുറിച്ചുള്ള കുറച്ച് കഥകളെല്ലാം അച്ഛനും അമ്മയും പറഞ്ഞുതന്നിട്ടുണ്ടായിരുന്നു. സിനിമയ്ക്ക് ശേഷം ഞാൻ കുറേ ചോദിച്ച് മനസിലാക്കിയിരുന്നു. അച്ഛൻ സ്ക്രിപ്റ്റ് ചെയ്യുന്നതുകൊണ്ടുതന്നെ ഗോസ്റ്റിനെക്കുറിച്ച് പറയുമ്പോൾ അതിനോടൊപ്പം ഒരു ഫൈറ്റും ഉൾക്കൊള്ളിച്ചുകൊണ്ടാണ് കഥ പറഞ്ഞു തരാറ്. കല്യാണിയുടെ ചെറുപ്പമാണ് ചെയ്യുന്നത് എന്ന് അറിയാമായിരുന്നെങ്കിലും ലോകയിലേക്ക് വരുമ്പോൾ, ടൊവിനോയും ദുൽഖറുമൊന്നും സിനിമയിൽ ഉള്ള കാര്യം അറിയില്ലായിരുന്നു. എല്ലാ ഭാഷകളിലും എനിക്ക് ഫാൻസ് ഉണ്ട്, അതിൽ ഒരു ഫാൻ ഞാനാണ് എന്നായിരുന്നു ദുൽഖർ ചാറ്റ് ചെയ്ത് പറഞ്ഞത്. ടൊവിനോ പറഞ്ഞത്, നന്നായി ചെയ്തിട്ടുണ്ടെന്നും ഒഴിവുള്ള ഒരു ദിവസം കളരിയിലേക്ക് വരാമെന്നുമാണ്. ആരും എന്നോട് സിനിമ ചെയ്യണ്ട എന്ന് പറഞ്ഞിട്ടില്ല. എല്ലാവരും നല്ല സപ്പോർട്ടായിരുന്നു. സ്കൂളിൽ സുഹൃത്തുക്കൾ ഞാൻ ഇല്ലാത്ത സമയത്ത് എടുത്ത നോട്ടുകളെല്ലാം എനിക്ക് അയച്ചുതരുമായിരുന്നു.
ലോക സിനിമ സീരീസിലെ ആദ്യത്തെ ഭാഗമായ ചന്ദ്രയിൽ കല്യാണിയുടെ ചെറുപ്പകാലം ചെയ്ത ദുർഗ എന്ന കൊച്ചുകുട്ടിയാണ് റിലീസിന് ശേഷം ഏവരുടെയും സംസാര വിഷയം. ദുർഗയുടെ പെർഫോമൻസിനെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും രോമാഞ്ചം വരും എന്നായിരുന്നു സിനിമയുടെ എഴുത്തുകാരി കൂടിയായ ശാന്തി ബാലചന്ദ്രൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞത്. സിനിമ ആഗോള ബോക്സ് ഓഫീസിൽ 200 കോടിയും കടന്ന് മുന്നേറുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ പ്രശംസിക്കുന്നതും തിരിച്ചറിയുന്നതും ദുർഗയുടെ പെർഫോമൻസ് തന്നെയാണ്.