
ലോക എന്ന സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ സന്തോഷം പ്രകടിപ്പിച്ച് ദുൽഖർ സൽമാൻ. വേഫെറർ ഫിലിംസിന്റെ ഏഴാമത്തെ പ്രൊഡക്‌ഷനാണ് ലോക. ഇത്രയും പോസിറ്റിവിറ്റിയും സന്തോഷവും നിറഞ്ഞ ക്രൂവും കാസ്റ്റും അണിനിരന്ന മറ്റൊരു സിനിമ ഉണ്ടാകില്ല എന്ന് ദുൽഖർ പറഞ്ഞു. ഹൈദരാബാദിൽ നടന്ന ‘ലോക’യുടെ സക്സസ് ചടങ്ങിലാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്.
നിർമ്മാതാവ് എന്ന നിലയിൽ തനിക്ക് യാതൊരുവിധ ടെൻഷനും ഉണ്ടായിരുന്നില്ല. എന്തൊക്കെയാണ് ചെയ്യണ്ടത് എന്നതിൽ വ്യക്തമായ ധാരണയുള്ളവർ ആയിരുന്നു സിനിമയിൽ പ്രവർത്തിച്ചത്. ഒന്നോ രണ്ടോ തവണ മാത്രമാണ് താൻ സെറ്റ് സന്ദർശിക്കാൻ എത്തിയതെന്നും അത്രത്തോളം താൻ ലോകയുടെ ടീമിൽ വിശ്വാസം അർപ്പിച്ചിരുന്നു എന്നും ദുൽഖർ പറഞ്ഞു.
ചിത്രത്തിന്റെ ബജറ്റ് സംബന്ധിച്ചും ദുൽഖർ വേദിയിൽ വ്യക്തത വരുത്തി. 'എല്ലാവർക്കും ലോക ഒരു ചെറിയ ബജറ്റിൽ ഉള്ള സിനിമയാണെന്ന് തോന്നുന്നുണ്ടാകും, പക്ഷേ മലയാള സിനിമയിൽ ലോകയ്ക്ക് ചിലവഴിച്ചത് കിംഗ് ഓഫ് കൊത്തയ്ക്കും കുറുപ്പിനും ചിലവാക്കിയതിന് ഒപ്പമാണ്. ഞങ്ങൾക്ക് ഇതൊരു വലിയ ബജറ്റ് തന്നെയാണ് ഒരു പൈസ പോലും വെറുതെ പാഴാക്കാതെ ചെലവാക്കിയത് മുഴുവൻ സ്‌ക്രീനിൽ കാണാം', ദുൽഖർ പറഞ്ഞു.
'ഞാൻ നായകനായി 40ലധികം സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു സിനിമയ്ക്കും ഇത്തരത്തിലുള്ള പ്രതികരണം ലഭിച്ചിട്ടില്ല. ലോക രാജ്യം മുഴുവൻ മാത്രമല്ല ലോകമെമ്പാടും ആഘോഷിക്കപ്പെടുകയാണ്, ഇപ്പോൾ ചിത്രം ഒരു വലിയ വിജയമാക്കി മാറ്റിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി,' എന്നും ദുൽഖർ കൂട്ടിച്ചേർത്തു.