'100 ശതമാനം സീറ്റിംഗ് എങ്കില്‍ ഇരട്ടി കളക്ഷന്‍ ലഭിച്ചേനെ''; ദുല്‍ഖര്‍ സല്‍മാന്‍ സൂപ്പര്‍ സ്റ്റാറെന്ന് സുരേഷ് ഷേണായ്
കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പിലൂടെ തിയേറ്ററുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് 505 സ്‌ക്രീനില്‍ 2600ലേറെ ഷോകളാണ് നടത്തിയത്. ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ മാത്രം ആറ് കോടി മുപ്പത് ലക്ഷമാണ്. 50 ശതമാനം സീറ്റിംഗിലാണ് ചിത്രത്തിന് റെക്കോഡ് കളക്ഷന്‍ ലഭിച്ചത്. അത് 100 ശതമാനമായിരുന്നെങ്കില്‍ ആദ്യ ദിന കളക്ഷന്‍ ഇരട്ടിയായിരുന്നേനെ എന്ന് ഷേണോയിസ് സിനിമാക്സ് എം.ഡി സുരേഷ് ഷേണായ് ദ ക്യുവിനോട് പറഞ്ഞു.
സുരേഷ് ഷേണായ് പറഞ്ഞത്:
'കേരളത്തിലെ ജനങ്ങളാണ് ദുല്‍ഖര്‍ സല്‍മാനെ സൂപ്പര്‍ സ്റ്റാറാക്കിയത്. ആദ്യ ദിനത്തിലെ തിയേറ്ററിലെ തള്ളിക്കയറ്റവും പ്രേക്ഷകരുടെ പ്രതികരണങ്ങളും കാണുമ്പോള്‍ ഉറപ്പാണ് ഇത് സൂപ്പര്‍ സ്റ്റാര്‍ഡത്തിലേക്കുള്ള ആദ്യ പടിയാണ്. കുറുപ്പ് എന്ന സിനിമയുടെ ക്യാമറ മുതല്‍ ആര്‍ട്ട് ഡയറക്ഷന്‍ വരെ എല്ലാം വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ ജനങ്ങള്‍ സിനിമയെ സ്വീകരിച്ചു. അതിഗംഭീര പ്രതികരണമാണ് സിനിമക്ക് ലഭക്കുന്നത്. അതുകൊണ്ട് ദുല്‍ഖര്‍ ശരിക്കും സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ്. കാരണം പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാന്‍ ദുല്‍ഖറിന് സാധിക്കും. ഇതിന് മുമ്പും ദുല്‍ഖറിന്റെ സിനിമകള്‍ക്ക് നല്ല ആദ്യ ദിന കളക്ഷന്‍ വന്നിട്ടുണ്ട്.
അന്‍പത് ശതമാനം മാത്രം കപ്പാസിറ്റിയിലാണ് ആദ്യ ദിനം ആറ് കോടി കളക്ഷന്‍ വന്നിരിക്കുന്നത്. അത് നൂറ് ശതമാനമായിരുന്നെങ്കില്‍ ഇതിന്റെ ഇരട്ടിയായേനെ ആദ്യ ദിന കളക്ഷന്‍. അത് പറയാനുള്ള പ്രധാന കാരണം ഇന്നലെ ടിക്കറ്റിന്റെ ഡിമാന്റ് കാരണം ഷേണായിസില്‍ 11.30ക്കും 11.50തിനും രണ്ട് ഷോ കൂടി കളിക്കേണ്ടി വന്നു. ഷേണായീസില്‍ മാത്രമല്ല കേരളത്തില്‍ ഉടനീളം ഏകദേശം 80 ശതമാനം തിയേറ്ററുകളില്‍ അങ്ങനെ ഷോ കളിച്ചിട്ടുണ്ട്. കാരണം അത്രയും ഡിമാന്റാണ് ടിക്കറ്റുകള്‍ക്ക്.
തിങ്കളാഴ്ച്ചത്തെ ബുക്കിങ്ങ് വളരെ നല്ല രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. പിന്നെ തിയേറ്ററില്‍ ഫാമലി ഓഡിയന്‍സും വന്ന് തുടങ്ങി. വൈകുന്നേരത്തെയും രാത്രിയിലേയും ഷോയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ ഫാമലി ഓഡിയന്‍സാണ് ഉള്ളത്. രാവിലെയും ഉച്ചക്കുമാണ് കൂടുതല്‍ ചെറുപ്പാക്കാര്‍ ഷോയ്ക്ക് വരുന്നത്. ഈ ഒരു ആദ്യ ദിന കളക്ഷനും ടിക്കറ്റ് ബുക്കിങ്ങും കാണുമ്പോള്‍ ഒരാഴ്ച്ച കൊണ്ട് 10 കോടിയെങ്കിലും കളക്ഷന്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അത് തന്നെ റെക്കോഡാണ്.'