'ഇനി മലയാളം പടം കൊറിയനിലേക്ക് റീമേക്ക് ചെയ്യട്ടെ' ; ദൃശ്യം ഫിനോമിന തുടരുന്നു

'ഇനി മലയാളം പടം കൊറിയനിലേക്ക് റീമേക്ക് ചെയ്യട്ടെ' ; ദൃശ്യം ഫിനോമിന തുടരുന്നു

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മലയാളത്തിലെ ആദ്യ അന്‍പത് കോടി ചിത്രമായ 'ദൃശ്യം' കൊറിയനിലേക്കും റീമേക്ക് ചെയ്യും. ഇന്ത്യന്‍ നിര്‍മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും കൊറിയന്‍ നിര്‍മാണ കമ്പനിയായ ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നാണ് 'ദൃശ്യം' കൊറിയന്‍ ഭാഷയിലേക്ക് റീമേക് ചെയ്യുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചായിരുന്നു കൊറിയന്‍ റീമേക്കിന്റെ പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ നടത്തിയത്.

ഒരു ഇന്ത്യന്‍ സിനിമ കൊറിയന്‍ ഭാഷയിലേക്ക് റീമേക് ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. കൂടാതെ ഒരു ഇന്ത്യന്‍ നിര്‍മാണ കമ്പനിയുടെയും കൊറിയന്‍ നിര്‍മാണ കമ്പനിയുടെയും ആദ്യത്തെ കൂട്ടായ്മയാണിത്. വാര്‍ണര്‍ ബ്രോസിന്റെ കൊറിയന്‍ മുന്‍കാല ഹെഡ് ആയിരുന്ന ജയ് ചോയി, പാരസൈറ്റിലെ നടനായ സോങ് കാങ് ഹോ, സംവിധായകന്‍ കിം ജീ വൂന്‍ എന്നിവരാണ് ആന്തോളജി സ്‌റുഡിയോസിന്റെ സ്ഥാപകര്‍. സോങ് കാങ് ഹോ തന്നെയാകും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സൗത്ത് കൊറിയയിലെ പ്രധാനപ്പെട്ട ക്രൈം ത്രില്ലറുകളിലൊന്നായ 'ഐ സോ ദ ഡെവിള്‍' സംവിധാനം ചെയ്തയാളാണ് കിം ജീ വൂന്‍. ദൃശ്യം കൊറിയന്‍ റീമേക്കിന്റെ ആദ്യ ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം തുടങ്ങും.

പനോരമ സ്റ്റുഡിയോസ് ആയിരുന്നു ഹിന്ദിയിലെ ദൃശ്യം ഒന്നാം ഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും നിര്‍മാതാക്കള്‍. രണ്ടാമത്തെ തവണയാണ് ദൃശ്യം ഒരു ഇന്റര്‍നാഷണല്‍ ഭാഷയിലേക്ക് റീമേക് ചെയ്യുന്നത്. ചൈനീസ് റീമേക് ആയ 'ഷീപ്പ് വിത്തൗട് എ ഷെപ്പേര്‍ഡ്' ആണ് ആദ്യത്തേത്. ചിത്രം വലിയ രീതിയിലുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ നേരിട്ടിരുന്നു.

2015 ലാണ് ദൃശ്യത്തിന്റെ ഒന്നാം ഭാഗം റിലീസ് ചെയ്യുന്നത്. അന്‍പത് കോടി ക്‌ളബ്ബില്‍ ഇടം പിടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം 2021 ല്‍ റിലീസ് ചെയ്തിരുന്നു. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍ എന്നിവരാണ്. തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ, സിംഹള, ചൈനീസ് തുടങ്ങിയ ഭാഷകളില്‍ ദൃശ്യം റീമേക് ചെയ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in