ദൃശ്യം സെക്കന്‍ഡ് ഇനി ബോളിവുഡില്‍, റീമേക്ക് അവകാശം വന്‍തുകയ്ക്ക്

Drishyam 2: The Resumption to get a Hindi remake
Drishyam 2: The Resumption to get a Hindi remake

ദൃശ്യം സെക്കന്‍ഡ് ഇനി ബോളിവുഡില്‍. ഹിന്ദി പകര്‍പ്പവകാശം കുമാര്‍ മംഗത് പതക് സ്വന്തമാക്കി. പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷനലിന്റെ ബാനറിലാണ് ഹിന്ദി പതിപ്പൊരുങ്ങുന്നത്. റെക്കോര്‍ഡ് തുകയ്ക്കാണ് ദൃശ്യം റീമേക്ക് അവകാശം വിറ്റുപോയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ദൃശ്യം സെക്കന്‍ഡ് വന്‍ വിജയമായ സാഹചര്യത്തില്‍ ബോളിവുഡിലും മലയാളം പതിപ്പിന്റെ അതേ മികവോടെ ചിത്രമൊരുക്കുമെന്ന് കുമാര്‍ മംഗത് പതക്. അജയ് ദേവ്ഗണ്‍, തബു, ശ്രിയ സരണ്‍ എന്നിവരായിരുന്നു ദൃശ്യം ആദ്യഭാഗം ഹിന്ദി പതിപ്പില്‍. ഇവര്‍ തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും. നിഷികാന്ത് കാമത്ത് ആണ് ദൃശ്യം ആദ്യപതിപ്പൊരുക്കിയത്.

ദൃശ്യം സെക്കന്‍ഡ് ബോളിവുഡ് പതിപ്പ് സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.ഹിന്ദി റീമേക്കിലൂടെ ദൃശ്യം 2 കൂടുതല്‍ പേരിലെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ജീത്തു ജോസഫ്. ഒറിജിനലിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന റീമേക്കായിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.

ദൃശ്യം രണ്ടാം ഭാഗം ആമസോണ്‍ റിലീസായാണ് പ്രേക്ഷകരിലെത്തിയത്. 30 കോടിയോളം മുടക്കിയാണ് ആമസോണ്‍ പ്രൈം വീഡിയോ ദൃശ്യം സെക്കന്‍ഡ് സ്വന്തമാക്കിയതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ദൃശ്യം തെലുങ്ക് പതിപ്പും പൂര്‍ത്തിയായിരിക്കുയാണ്. വെങ്കടേഷും മീനയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്.

മലയാളത്തില്‍ ദൃശ്യം രണ്ട് പതിപ്പുകളും നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസാണ് തെലുങ്ക് ദൃശ്യം നിര്‍മ്മിക്കുന്നത്. നടിയും സംവിധായികയുമായ സുപ്രിയയാണ് ദൃശ്യം ആദ്യഭാഗം തെലുങ്കില്‍ സംവിധാനം ചെയ്തിരുന്നത്. ജോര്‍ജുകുട്ടി തെലുങ്കിലെത്തിയപ്പോള്‍ രാമബാബു എന്നായിരുന്നു നായകന്റെ പേര്. രണ്ടാം ഭാഗത്തിലും തെലുങ്കില്‍ മീനയാണ് നായിക. ആശാ ശരത് അവതരിപ്പിച്ച് പൊലീസ് ഓഫീസറുടെ റോളില്‍ നദിയാ മൊയ്തുവുമാണ് തെലുങ്കില്‍.

മൂന്നാം ദൃശ്യത്തിന്റെ സാധ്യതകൾ

മൂന്നാം ദൃശ്യത്തിന്റെ സാധ്യതകൾ രണ്ടാം ദൃശ്യത്തിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന സൂചന നൽകി സംവിധായകൻ ജീത്തു ജോസഫ്. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ദൃശ്യം മൂന്നിനെക്കുറിച്ചുള്ള സൂചനകൾ രണ്ടാം ഭാഗത്തിൽ ചർച്ച ചെയ്യുന്നതായി പറഞ്ഞത്. സിനിമയിൽ സായികുമാർ അവതരിപ്പിക്കുന്ന വിനയചന്ദ്രൻ എന്ന കഥാപാത്രമാണ് ജോർജ്കുട്ടിയുടെ കഥ പറയുന്നത്. അതെ സമയം ആ കഥ സത്യമാണോയെന്നു സിനിമയിൽ പറയുന്നില്ല. വിനയചന്ദ്രൻ പറയുന്നത് യഥാർത്ഥ കഥയാണോയെന്നു ചോദിക്കുമ്പോൾ ചിരിച്ചുകൊണ്ടാണ് ജീത്തു ജോസഫ് മറുപടി നൽകിയത്. ഒരു മൂന്നാം ഭാഗത്തിനുള്ള ഗ്യാപ്പ് രണ്ടാം ദൃശ്യത്തിലുണ്ട് . ഇതിനെക്കുറിച്ച് കൂടുതലൊന്നും ഇപ്പോൾ പറയുവാൻ സാധിക്കില്ലെന്ന് പറഞ്ഞു ജീത്തു ചിരിച്ചുകൊണ്ടു തന്നെ ആ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in