ദൃശ്യം 2 ഹിന്ദി റീമേക്ക്; ചിത്രീകരണം ഡിസംബറില്‍

ദൃശ്യം 2 ഹിന്ദി റീമേക്ക്; ചിത്രീകരണം ഡിസംബറില്‍

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2-ന്റെ ഹിന്ദി റീമേക്ക് ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. ദൃശ്യം ആദ്യ ഭാഗത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ അഭിഷേക് പതക് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ആദ്യഭാഗം ഒരുക്കിയ നിഷികാന്ത് കാമത്ത് കഴിഞ്ഞ വര്‍ഷം അന്തരിച്ചതിനെ തുടര്‍ന്നാണ് സംവിധാനം അഭിഷേക് എറ്റെടുത്തത്.

അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍, തബു തുടങ്ങി ആദ്യഭാഗത്തിലെ താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ അവസാനത്തേക്കാണ് അജയ് ദേവ്ഗണ്‍ ഡേറ്റ് നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. മെയ്‌ഡേ, മൈദാന്‍, താങ്ക് ഗോഡ് എന്നീ സിനിമകളും വെബ് സീരീസ് ആയ 'രുദ്ര'യും പൂര്‍ത്തിയാക്കിയ ശേഷമാകും ദൃശ്യം 2-ല്‍ നടന്‍ ജോയിന്‍ ചെയ്യുക.

അന്താരാഷ്ട്ര തലത്തിലുള്‍പ്പടെ ചര്‍ച്ചയായ സിനിമയായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റീലീസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു.

ദൃശ്യം ഒന്നാം ഭാഗം 4 ഇന്ത്യന്‍ ഭാഷകളിലും, 2 വിദേശ ഭാഷകളിലുള്‍പ്പടെ റീമേക്ക് ചെയ്തിരുന്നു. ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്കും ചിത്രം റീമേക്ക് ചെയ്യാനൊരുങ്ങുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in