'ഞങ്ങൾ ഇപ്പോഴും നീതിക്ക് വേണ്ടി അലയുകയാണ്'; ജവാനിലൂടെ സാമൂഹിക പ്രശ്നം ഉന്നയിച്ചതിന് ഷാരൂഖിനും ആറ്റ്ലീക്കും നന്ദി പറഞ്ഞ് ഡോ.കഫീൽ ഖാൻ

'ഞങ്ങൾ ഇപ്പോഴും നീതിക്ക് വേണ്ടി അലയുകയാണ്'; ജവാനിലൂടെ സാമൂഹിക പ്രശ്നം ഉന്നയിച്ചതിന് ഷാരൂഖിനും ആറ്റ്ലീക്കും നന്ദി പറഞ്ഞ് ഡോ.കഫീൽ ഖാൻ

ഷാരൂഖ് ഖാൻ നായകനായ ആറ്റ്ലീ ചിത്രം ജവാനിൽ തന്റെ ജീവിതത്തിന് സമാനമായ അനുഭവം ചിത്രീകരിച്ചതിന് നന്ദി പറഞ്ഞ് ഡോക്ടർ കഫീൽ ഖാൻ. ചിത്രത്തില്‍ സാനിയ മല്‍ഹോത്ര അഭിനയിച്ച കഥാപാത്രത്തിന്റെ പശ്ചാത്തലം യുപിയിലെ 2017 ൽ നടന്ന ഗോരഖ്പൂർ ആശുപത്രി ദുരന്തത്തിന് സമാനമായിരുന്നു. ഇത് ചിത്രീകരിച്ചതിനാണ് കഫീൽ ഖാൻ നടൻ ഷാരൂഖ് ഖാനും സംവിധായകൻ ആറ്റ്ലീക്കും നന്ദി രേഖപ്പെടുത്തിയത്. താൻ ഇതുവരെ സിനിമ കണ്ടിട്ടില്ലെന്നും എന്നാൽ റിലീസ് ചെയ്തതിന് ശേഷം അതേക്കുറിച്ച് സന്ദേശങ്ങളും ആശംസകളും ലഭിക്കുന്നുണ്ടെന്ന് ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കി.

കഫീൽ ഖാന്റെ ട്വീറ്റ്

ഞാൻ ജവാൻ കണ്ടിട്ടില്ല, പക്ഷേ ആളുകൾ എനിക്ക് നിങ്ങളെ മിസ്സ്‌ ചെയ്തുവെന്ന് പറഞ്ഞ് എനിക്ക് മെസ്സേജ് അയയ്‌ക്കുന്നു. സിനിമയും യഥാർഥ ജീവിതവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. സിനിമയിൽ കുറ്റവാളികൾ, ആരോഗ്യമന്ത്രി തുടങ്ങിയവർ ശിക്ഷിക്കപ്പെടുന്നു. പക്ഷെ ഇവിടെ ഞാനും ആ 81 കുടുംബങ്ങളും ഇപ്പോഴും നീതിക്ക് വേണ്ടി അലയുകയാണ്. സാമൂഹിക പ്രശ്നം ഉന്നയിച്ചതിന് നന്ദി ഷാരൂഖ് ഖാൻ സർ, ആറ്റ്ലീ

ചിത്രത്തിൽ സർക്കാർ ആശുപത്രിയിൽ ഓക്‌സിജൻ ലഭ്യതക്കുറവ് പരിഹരിക്കാൻ ശ്രമിക്കുന്ന ഒരു ഡോക്ടറുടെ വേഷമാണ് സാനിയ മൽഹോത്രയുടെ കഥാപാത്രം.

ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളേജിലെ മുൻ അധ്യാപകനും ഡോക്ടറുമാണ് കഫീല്‍ ഖാന്‍. 2017ൽ മെഡിക്കൽ കോളജിൽ 60 കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ച വിവാദ സംഭവവുമായി ബന്ധപ്പെട്ട് യുപി സർക്കാർ അദ്ദേഹത്തെ പിരിച്ചു വിട്ടിരുന്നു. വകുപ്പ് തല അന്വേഷണത്തില്‍ അദ്ദേഹത്തിനെതിരായ പല ആരോപണങ്ങളും തെറ്റാണെന്ന് തെളിഞ്ഞെങ്കിലും സര്‍വീസില്‍ തിരിച്ചെടുത്തില്ല. കൂട്ടമരണത്തിനു പിന്നിലെ സർക്കാർ അനാസ്ഥ പുറംലോകം അറിയാൻ കാരണമായതിന്റെ പേരിൽ യുപി സർക്കാർ ഒന്നിനു പുറകെ ഒന്നായി തന്നെ വേട്ടയാടുകയാണെന്ന് കഫീൽ ഖാൻ ആരോപിച്ചിരുന്നു. കുട്ടികൾ മരിക്കുകയായിരുന്നില്ലെന്നും അതൊരു മനുഷ്യനിർമിത കൂട്ടക്കുരുതിയായിരുന്നുവെന്നും കഫീൽ ഖാൻ പറഞ്ഞിരുന്നു. പിന്നീട് പ്രിയങ്ക ഗാന്ധി കഫീലിന് വേണ്ടി സജീവമായി രംഗത്തുവരികയും സർക്കാരിന്റെ വീഴ്ച മറച്ചുപിടിക്കാൻ ഡോക്ടറെ ഇരയാക്കിയതാണെന്നും ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in