
സിനിമാ കോൺക്ലേവിന്റെ സമാപനദിവസം അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിനെതിരെ സംവിധായകൻ ഡോ.ബിജു. പരിശീലനങ്ങൾ ഒന്നും തന്നെയില്ലാതെ സർഗ്ഗശേഷി മാത്രം കൈമുതലാക്കി നിരവധിപ്പേർ ഇവിടെ സിനിമ ചെയ്യുന്നുണ്ട്. പട്ടിക ജാതി-വർഗ്ഗ വിഭാഗത്തിലുള്ളവർക്കും സ്ത്രീകൾക്കും മാത്രം തീവ്രമായ പരിശീലനം വേണം എന്ന് തോന്നുന്നത് അവരെ നോക്കിക്കാണാൻ പ്രത്യേക തരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ടാണ് എന്ന് ഡോ.ബിജു സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ഡോ.ബിജുവിന്റെ വാക്കുകൾ:
യാതൊരു പരിശീലനവും ഇല്ലാതെ സർഗ്ഗശേഷി മാത്രം കൈമുതലാക്കിയ അനേകം മനുഷ്യന്മാർക്ക് ഈ നാട്ടിൽ സിനിമ ചെയ്യാമെങ്കിൽ , അതേപോലെ തന്നെ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട ആളുകൾക്കും വനിതകൾക്കും ഈ നാട്ടിൽ സിനിമ ചെയ്യാം . അത് അത്രമേൽ സ്വാഭാവികമായ ഒന്നാണ് . അല്ലാതെ അവർക്ക് മാത്രം സിനിമ ചെയ്യണമെങ്കിൽ മൂന്ന് മാസത്തെ എങ്കിലും തീവ്രമായ പരിശീലനം വേണം എന്നൊക്കെ തോന്നുന്നത് അവരെ നോക്കിക്കാണാൻ പ്രത്യേക തരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ടാണ് . എന്ന്, യാതൊരു വിധ പരിശീലനവും ലഭിക്കാതെ ഇതുവരെ 15 സിനിമകൾ വിവിധ ഭാഷകളിലും രാജ്യങ്ങളിലും ആയി ചെയ്യുകയും മൂന്ന് ദേശീയ പുരസ്കാരങ്ങളും മുപ്പതിലധികം അന്തർദേശീയ പുരസ്കാരങ്ങളും ലഭിക്കുകയും ചെയ്ത പട്ടിക ജാതി വിഭാഗത്തിൽ പെട്ട ഒരു സംവിധായകൻ.
പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോർപറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.