എമ്പുരാന് മുമ്പുള്ള പൃഥ്വിരാജ് സിനിമയൊന്നുമല്ല, സംഗതി ഡോണ്‍ ലീയെ 'ലാലേട്ടനാ'ക്കി ഇറക്കിയതാണ്

എമ്പുരാന് മുമ്പുള്ള പൃഥ്വിരാജ് സിനിമയൊന്നുമല്ല, സംഗതി ഡോണ്‍ ലീയെ 'ലാലേട്ടനാ'ക്കി ഇറക്കിയതാണ്

ആശിര്‍വാദ് സിനിമാസിന്റെ നിര്‍മ്മാണത്തില്‍ മോഹന്‍ലാലും ഫഹദ് ഫാസിലും ഗ്യാംഗ്സ്റ്റര്‍ പശ്ചാത്തലത്തിലുള്ള സിനിമയില്‍, സംവിധാനം പൃഥ്വിരാജ് സുകുമാരന്‍. ഒറിജിനലിനെ വെല്ലുന്ന പോസ്റ്ററിനൊപ്പം ദ ഗ്യാംഗ്സ്റ്റര്‍ ദ കോപ്, ദ ഡെവിള്‍ എന്നൊരു പോസ്റ്റര്‍ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും കണ്ടപ്പോള്‍ ചിലരെങ്കിലും അമ്പരന്നു. 2019ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള കൊറിയന്‍ ആക്ഷന്‍ ത്രില്ലര്‍ കണ്ടവരും, ഡോണ്‍ ലീ എന്ന മാ ഡോങ്ങ് സിയോകിന്റെ കടുത്ത ആരാധകര്‍ ആരും തന്നെ ഏതായാലും ഈ ഞെട്ടിയവരുടെ കൂട്ടത്തിലില്ല.

ലൂസിഫര്‍ സീക്വല്‍ എമ്പുരാന് മുമ്പ് ഫഹദ് ഫാസിലിനെ ഗ്യാംഗ്സ്റ്ററായും, മോഹന്‍ലാലിനെ അന്വേഷണഉദ്യോഗസ്ഥനായും അവതരിപ്പിച്ച് പൃഥ്വിരാജ് സുകുമാരന്‍ പുതിയ സിനിമയിലേക്ക് കടന്നുവെന്ന അഭ്യൂഹവും ഈ പോസ്റ്ററിനൊപ്പം ഉണ്ടായിരുന്നു. സമീപ ദിവസങ്ങളില്‍ ഫഹദ് ഫാസിലും പൃഥ്വിരാജും തമ്മിലുണ്ടായ കൂടിക്കാഴ്ചയും ഇത്തരമൊരു സിനിമയുടെ സാധ്യതയായി വ്യാഖ്യാനിക്കപ്പെട്ടു. പോസ്റ്റര്‍ ഡിസൈനിംഗിലും ഫാന്‍ മേയ്ഡ് ട്രെയിലറുകളിലും മാഷപ്പുകളിലുമൊക്കെ മിടുക്ക് കാട്ടി ഞെട്ടിക്കുന്നവരില്‍ ചിലര്‍ ഇതുപോലൊരു സിനിമ മലയാളത്തില്‍ വന്നാല്‍ പൊളിക്കുമെന്ന് ചിന്തിച്ചപ്പോള്‍ പിറന്നതാണ് ഈ കണ്‍സെപ്റ്റ് പോസ്റ്റര്‍. പോസ്റ്ററിനൊപ്പം ക്രെഡിറ്റ് ലിസ്റ്റിലുള്ളത് ലൂസിഫറിന്റെ അതേ ടീമും. അതിനൊപ്പം മോഹന്‍ലാലുമായി സിനിമകളുടെ പേരില്‍ താരതമ്യം ചെയ്യപ്പെടുന്ന ട്രെയിന്‍ ടു ബുസാന്‍ താരം ഡോണ്‍ ലീയുടെ സിനിമ ആരാധകര്‍ മലയാളത്തിലൊന്ന് ചിന്തിച്ച് നോക്കിയതുമാണ് ഈ പോസ്റ്ററിന്റെ പിറവിക്ക് പിന്നില്‍.

ഈ പോസ്റ്റര്‍ പ്രചോദനമായി കണ്ട് മോഹന്‍ലാലും ഫഹദ് ഫാസിലും ഒന്നിച്ചെത്തുന്ന മാസ് സിനിമ പൃഥ്വിരാജ് ആലോചിച്ചെങ്കിലെന്ന് ഇരുവരുടെയും ഫാന്‍സ് ആഗ്രഹിക്കുന്നുണ്ട്. പോസ്റ്റര്‍ ഷെയര്‍ ചെയ്ത പേജുകളിലെയും ഗ്രൂപ്പുകളിലെയും കമന്റുകള്‍ സൂചിപ്പിക്കുന്നത് അതാണ്.

ഡോണ്‍ ലീ എന്ന് കൂടി അറിയപ്പെടുന്ന മാ ഡോങ് സിയോക്ക് ട്രെയിന്‍ ടു ബുസാനിലെ ഗംഭീര പ്രകടത്തിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ട്രെയിന്‍ ടു ബുസാന്‍ മാ ഡോങ്ങിനെ രാജ്യാന്തര പ്രേക്ഷക സമൂഹത്തിന് കൂടുതല്‍ സുപരിചിതനുമാക്കി. മാര്‍വലിന്റെ ദ എറ്റേണല്‍സിലേക്ക് ഡോണ്‍ ലീയെ കാസ്റ്റ്് ചെയ്തതും വലിയ ചര്‍ച്ചയായിരുന്നു. മാസ് ഹീറോ കഥാപാത്രങ്ങളുടെ ലുക്കിന്റെ ശരീരഭാഷയും മുന്‍നിര്‍ത്തിയാണ് മോഹന്‍ലാലുമായി ലീയെ താരതമ്യം ചെയ്തിരുന്നത്. കൊറിയന്‍ ലാലേട്ടന്‍ എന്ന് സിനിമാ ഗ്രൂപ്പുകളില്‍ വിളിപ്പേരുള്ള താരവുമാണ് ഡോണ്‍ ലീ.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം സെക്കന്‍ഡ് ആണ് മോഹന്‍ലാലിന്റെ അടുത്ത സിനിമ. സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഷൂട്ടിംഗെന്ന് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് അറിയിച്ചിട്ടുണ്ട്. റാം ആണ് മോഹന്‍ലാലിന്റെ ഇനി പൂര്‍ത്തിയാകാനുള്ള സിനിമ.

Related Stories

No stories found.
logo
The Cue
www.thecue.in