
ലോക റിലീസിന് ശേഷം ലഭിക്കുന്ന വളരെ മികച്ച പ്രതികരണങ്ങൾ പ്രതീക്ഷിച്ചതായിരുന്നില്ല എന്ന് സംവിധായകൻ ഡൊമിനിക് അരുൺ. മോശം പറയില്ല എന്ന് ഉറപ്പായിരുന്നു, പക്ഷെ ഇത്രയും വലിയ പ്രതികരണങ്ങൾ ഞെട്ടിച്ചുകളഞ്ഞു. ദുൽഖർ പോലും ആ ഒരു അവസ്ഥയിലൂടെയായിരിക്കും കടന്നുപോയിട്ടുണ്ടാവുക എന്നും ഡൊമിനിക് അരുൺ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഡൊമിനിക് അരുണിൻ്റെ വാക്കുകൾ
ലോക റിലീസ് ആയതിനു ശേഷം വളരെ മികച്ച റെസ്‌പോൺസ് ആണ് കിട്ടികൊണ്ട് ഇരിക്കുന്നത്. ഇത്രയും ഞങ്ങളും പ്രതീക്ഷിച്ചില്ല. ഓകെ ആയിരിക്കും എന്ന് അറിയാമായിരുന്നു, പക്ഷേ പ്രതികരണങ്ങൾ ഞെട്ടിച്ചു. എന്താ ഇവിടെ സംഭവിക്കുന്നെ എന്നൊരു ഫീലിൽ ആയിരുന്നു ഞങൾ. എന്തിന്, ദുൽഖർ വരെ അതേ സ്റ്റേജിൽ ആയിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഭയങ്കര സന്തോഷത്തോടെ പ്രേക്ഷകർ നമ്മുടെ സിനിമയെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ നമുക്കും ഭയങ്കര ഹാപ്പി ആണ്. നമ്മൾ എന്തോ ചെയ്തിട്ടുണ്ട് എന്നൊരു ഫീൽ തരാൻ അതിനു സാധിച്ചു.
ലോക നടക്കുന്ന സ്ഥലവും അപ്പാർട്മെൻ്റും എല്ലാം കിട്ടിയത് വന്ദനത്തിൽ നിന്നാണ്. ഞാനൊരു വലിയ പ്രിയദർശൻ ആരാധകനാണ്. ഒരു ഗേൾ നെക്സ്ട് ഡോർ അല്ലെങ്കിൽ ബോയ് നെക്സ്‌റ്റ് ഡോർ എന്നത് മനസിൽ വന്നപ്പോൾ തന്നെ എനിക്ക് കത്തിയത് വന്ദനം തന്നെയാണ്. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് നമ്മൾ അത് നമ്മുടേത് ആക്കി മാറ്റാൻ നോക്കി. അതാണ് സംഭവിച്ചത്. ഡൊമിനിക് അരുൺ പറഞ്ഞു.