
പ്രേക്ഷക പ്രീതിയോടെ തിയറ്റർ നിറഞ്ഞോടുകയാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക. സിനിമയുടെ കഥ പറയാൻ ദുൽഖർ സൽമാന്റെ അടുത്തേക്ക് പോയപ്പോൾ മമ്മൂട്ടിയുമായി നടന്ന ഒരു ചെറിയ സംഭാഷണ ശകലത്തെക്കുറിച്ച് വിവരിക്കുകയാണ് ഡൊമിനിക് അരുൺ. ദുൽഖർ എപ്പോഴെങ്കിലുമാണ് വീട്ടിലേക്ക് വരാറുള്ളത് എന്നതുകൊണ്ട് വരുമ്പോഴെല്ലാം കുടുംബത്തോട് ഒന്നിച്ചാണ് ഭക്ഷണം കഴിക്കാറുള്ളൂവെന്നും അതിനായി മമ്മൂട്ടി തങ്ങളോട് വന്ന് ദുൽഖറിനെ കുറച്ച് നേരത്തേക്ക് വിട്ടുതരണം എന്നു പറഞ്ഞുവെന്നും ഡൊമിനിക് അരുൺ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഡൊമിനിക് അരുണിന്റെ വാക്കുകൾ
ദുൽഖറിനോട് നരേറ്റ് ചെയ്തതും ഭയങ്കര രസമായിരുന്നു. തുടക്കത്തിൽ കുറച്ച് സ്ലോ ആയി ഇന്റർവെൽ എത്തിയപ്പോഴാണ് കുറച്ച് വലുതാകുന്നത്. അത് കേട്ടപ്പോൾ പുള്ളിക്ക് സമാധാനമായി. അപ്പോഴാണ് മമ്മൂക്ക അവിടേക്ക് വരുന്നത്. എന്നിട്ട് പറഞ്ഞു, എനിക്ക് എന്റെ മകന്റെ കൂടെ ഭക്ഷണം കഴിച്ചാൽ കൊള്ളാമെന്നുണ്ട് എന്ന്. അതുകേട്ട് ഞങ്ങൾ എല്ലാവരും ഒന്ന് ചെറുതായി ചമ്മി. എപ്പോഴെങ്കിലുമാണ് ദുൽഖർ വീട്ടിലേക്ക് എത്തുന്നത്. അപ്പോഴെല്ലാം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക എന്നത് അവർ ശീലിച്ച് പോരുന്ന കാര്യമാണ്.
അങ്ങനെ ആ ദിവസം പോയി. പിന്നെ അടുത്ത ദിവസം ബാക്കി കൂടി പറഞ്ഞു. അപ്പോൾ തന്നെ പുള്ളി ഓക്കെയാണ് എന്ന് പറഞ്ഞിരുന്നു. ദുൽഖറുമായുള്ള മീറ്റിംഗ് കഴിഞ്ഞപ്പോഴാണ് ഈ ഫ്രാൻഞ്ചൈസിയിൽ 5 സിനിമകൾ ചെയ്യാം എന്ന് തീരുമാനിച്ചത്. പ്ലേസ് ചെയ്യുന്നെങ്കിൽ അതിനെല്ലാം കൃത്യമായ കഥ വേണം എന്ന് പറയുന്നത് അദ്ദേഹമാണ്.