റീമേക്കുകളുടെയും ഫ്രാഞ്ചൈസികളുടെയും കാലമാണ് ഇത്, ഒന്നുകിൽ പുതിയതെന്തെങ്കിലും ചെയ്യുക, അല്ലെങ്കിൽ വീട്ടിലിരിക്കുക: ക്ലിന്റ് ഈസ്റ്റ്‌വുഡ്

റീമേക്കുകളുടെയും ഫ്രാഞ്ചൈസികളുടെയും കാലമാണ് ഇത്, ഒന്നുകിൽ പുതിയതെന്തെങ്കിലും ചെയ്യുക, അല്ലെങ്കിൽ വീട്ടിലിരിക്കുക: ക്ലിന്റ് ഈസ്റ്റ്‌വുഡ്
Published on

പുതിയതെന്തെങ്കിലും ചെയ്യുക അല്ലെങ്കിൽ വീട്ടിലിരിക്കുക എന്നതാണ് തന്റെ ഫിലോസഫി എന്ന് ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ്‌വുഡ്. റീമേക്കുകളുടെയും ഫ്രാഞ്ചൈസികളുടെയും കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത് എന്നും പ്രായം കൂടും തോറും മനുഷ്യൻ കൂടുതൽ മെച്ചപ്പെടുകയാണ് വേണ്ടതെന്നും ക്ലിന്റ് ഈസ്റ്റ്‌വുഡ് പറയുന്നു. ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ ഒരു ബ്രാന്റ് ആയ ക്ലിന്റ് ഈസ്റ്റ്‌വുഡിന് അടുത്ത മാസം 95 വയസ്സ് തികയും. പ്രായമേറുമ്പോൾ ടച്ച് വിട്ടു പോകുന്ന നിരവധി സംവിധായകർ ഇവിടെയുണ്ട്, എന്നാൽ തന്നെ ആ ​ഗണത്തിൽപ്പെടുത്തേണ്ടതില്ലെന്നും എന്തെങ്കിലും പഠിക്കാൻ സാധിക്കുന്നിടത്തോളം കാലം താൻ ഈ ജോലി ചെയ്തുകൊണ്ടേയിരിക്കുമെന്നും ആസ്ട്രേലിയൻ ന്യൂസ് പേപ്പർ ആയ കുറിയറിന് നൽകിയ അഭിമുഖത്തിൽ ക്ലിന്റ് ഈസ്റ്റ്‌വുഡ് പറഞ്ഞു. ഒപ്പം തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് താൻ ഇപ്പോൾ എന്നും ക്ലിന്റ് ഈസ്റ്റ്‌വുഡ് അറിയിച്ചു.

ക്ലിന്റ് ഈസ്റ്റ്‌വുഡ് പറഞ്ഞത്:

റീമേക്കുകളുടെയും ഫ്രാഞ്ചൈസികളുടെയും കാലത്താണ് നമ്മളിപ്പോൾ ജീവിക്കുന്നത്. ഞാൻ മൂന്ന് തവണ സീക്വലുകൾ ചെയ്തിട്ടുണ്ട്. പക്ഷേ കുറച്ച് കാലങ്ങളായി എനിക്ക് അതിൽ താൽപര്യം തോന്നുന്നില്ല. എന്റെ ഫിലോസഫി എന്നു പറയുന്നത് ഒന്നുകിൽ പുതിയതെന്തെങ്കിലും ചെയ്യുക അല്ലെങ്കിൽ വീട്ടിലിരിക്കുക എന്നതാണ്. പ്രായം കൂടും തോറും ഒരു മനുഷ്യന് മികച്ചതായി മാറേണ്ടിയിരിക്കുന്നു. കൂടാതെ ഇന്ന് എനിക്ക് ഒരുപാട് അനുഭവ സമ്പത്തുണ്ട്. തീർച്ചയായും ഒരു പ്രായം കഴിഞ്ഞാൽ ടച്ച് വിട്ടു പോകുന്ന സംവിധായകർ ഇവിടെയുണ്ട്. പക്ഷേ ഞാൻ ഒരിക്കലും ആ ​ഗണത്തിൽപ്പെട്ട ആൾ അല്ല. ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ ഇപ്പോഴും ഒരു സ്റ്റുഡിയോയുമായി കരാറിൽ ആണ്. അതുകൊണ്ട് തന്നെ എല്ലാ വർഷവും പുതുതായി എന്തെങ്കിലും പഠിക്കാൻ ഞാൻ നിർബന്ധിതനായി. അതുകൊണ്ടാണ് ഞാൻ എനിക്ക് എന്തെങ്കിലും പഠിക്കാൻ കഴിയുന്നിടത്തോളം കാലം ഞാൻ ജോലി ചെയ്യുന്നത്. അല്ലെങ്കിൽ എനിക്ക് ശരിക്കും പ്രായം ആകണം.

രണ്ട് തവണ മികച്ച നടനും സംവിധായകനുമായി നാമനിര്‍ദേശം ചെയ്യപ്പെട്ട രണ്ടുപേരില്‍ ഒരാളാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ്. ഒപ്പം നാല് തവണ ഓസ്‌കാര്‍ പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. നാല് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍, മൂന്ന് സീസര്‍ അവാര്‍ഡുകള്‍, എഎഫ്‌ഐ ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് എന്നിവയും ഈസ്റ്റ്‌വുഡിന്റെ അംഗീകാരങ്ങളില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വർഷമാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത നാല്‍പ്പതാമത് ചിത്രം ജ്യൂറര്‍ 2 റിലീസ് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in