'മണിച്ചേട്ടന്റെയും എന്റെയും ബന്ധം എത്രയോ വലുതാണ്, എനിക്കറിയാം അതിന്റെ സത്യാവസ്ഥ'; വ്യാജ പ്രചരണങ്ങളിൽ പ്രതികരിക്കാനില്ലെന്ന് ദിവ്യ ഉണ്ണി

'മണിച്ചേട്ടന്റെയും എന്റെയും ബന്ധം എത്രയോ വലുതാണ്, എനിക്കറിയാം അതിന്റെ സത്യാവസ്ഥ'; വ്യാജ പ്രചരണങ്ങളിൽ പ്രതികരിക്കാനില്ലെന്ന് ദിവ്യ ഉണ്ണി

കലാഭവൻ മണിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്തയിൽ പ്രതികരണവുമായി നടി ദിവ്യ ഉണ്ണി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം വാർത്തകളോട് പ്രതികരിക്കാൻ താൽപര്യമില്ലെന്നും വ്യാജ പ്രചരണം നടത്തുന്നവർ മറുപടി അർഹിക്കുന്നില്ലെന്നും എൻടിവി യുഎഇ എന്ന യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിൽ ദിവ്യ ഉണ്ണി വ്യക്തമാക്കി.

ദിവ്യ ഉണ്ണി പറഞ്ഞത്:

ഞാൻ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. എന്താണ് കാരണമെന്നാൽ പ്രധാനമായും ഈ കമന്റ് കൊണ്ട് തന്നെയാണ്. നമ്മൾ എന്തൊക്കെ പറഞ്ഞാലും അതൊരു ന്യായീകരണം പോലെയാവും. നമ്മൾ നമ്മളെ തന്നെ ജസ്റ്റിഫെെ ചെയ്യുന്നത് പോലെയാകും അത് പറഞ്ഞാൽ. അതുകൊണ്ട് ഞാൻ അതിനെക്കുറിച്ച് കമന്റ് ചെയ്യാനായി താൽപര്യപ്പെടുന്നില്ല, മണിച്ചേട്ടന്‍ പോയില്ലേ, മണിച്ചേട്ടന്റെയും എന്റെയും ബന്ധം എത്രയോ വലുതാണ്. ആദ്യ സിനിമ മുതൽ എത്രയോ സിനിമ ചെയ്തിട്ടുള്ളതാണ്. അതുകൊണ്ട് ഇക്കാര്യത്തോട് പ്രതികരിക്കുന്നത് തന്നെ അനാദരവാകുമെന്ന് തോന്നുന്നു. ആ ആത്മാവിനോടുള്ള റെസ്പെക്ട് കാണിച്ചു കൊണ്ട് തന്നെ ഞാൻ പറയുന്നു. എനിക്കറിയാം അതിന്റെ സത്യാവസ്ഥ. ഇങ്ങനെയുള്ള കമന്റ് ഇടുന്നവർ മറുപടി അർഹിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. മറുപടിയും എന്റെ സമയവും അവർ അർഹിക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഞാൻ കമന്റ് വായിക്കാറില്ല എന്ന്. നമ്മൾ അവരെക്കുറിച്ച് സംസാരിക്കുന്നതു പോലും അവർക്കു കിട്ടുന്ന സപ്പോർട്ട് പോലെയാണ്.

വിനയൻ സംവിധാനം ചെയ്ത കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി നായികയായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തില്‍ ദിവ്യയുടെ മുറചെറുക്കന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവൻ മണിയായിരുന്നു. സിനിമയിൽ ഇരുവരും പ്രണയിക്കുന്ന ഒരു ​ഗാന രംഗത്തിൽ കലാഭവൻ മണിക്കൊപ്പം ദിവ്യ ഉണ്ണി അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞുവെന്നും തുടർന്ന് ആ ​ഗാന രം​ഗം ഒഴിവാക്കുകയായിരുന്നു എന്നുമാണ് പ്രചരിച്ച ആരോപണം. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച് തുടങ്ങിയതോടെ ദിവ്യ ഉണ്ണിയ്ക്ക് നേരെ വ്യാപക വിമര്‍ശനവും ഉയര്‍ന്ന് വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in