സ്റ്റാര്‍ എന്ന സിനിമയെ മോശമായി ചിത്രീകരിച്ചു; ഏരീസ് തിയേറ്റര്‍ വിലക്കില്‍ നിന്ന് പിന്‍മാറില്ലെന്ന് വിതരണക്കാര്‍




സ്റ്റാര്‍ എന്ന സിനിമയെ മോശമായി ചിത്രീകരിച്ചു; ഏരീസ് തിയേറ്റര്‍ വിലക്കില്‍ നിന്ന് പിന്‍മാറില്ലെന്ന് വിതരണക്കാര്‍

തിരുവനന്തപുരം ഏരീസ് മള്‍ട്ടിപ്ലെക്സിന് സിനിമകള്‍ വിലക്കിയതിന് പിന്നാലെ തിയറ്റര്‍ കോംപ്ലക്സ് ഉടമ ജോയ് എം പിള്ളയുടെ ഓഡിയോ സന്ദേശം പുറത്ത്. ജോജു ജോര്‍ജ്ജും പൃഥ്വിരാജും അഭിനയിച്ച സ്റ്റാര്‍ എന്ന സിനിമക്ക് വേണ്ടി വിലപേശരുതെന്നും വേസ്റ്റ് സിനിമയാണെന്നും ഇദ്ദേഹം തിയറ്റര്‍ ഉടമകളുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞതിനെ ചൊല്ലിയാണ് വിവാദം.

തിയറ്ററുകള്‍ക്ക് വേണ്ട കണ്ടന്റ് നമ്മള്‍ ആണ് തെരഞ്ഞെടുക്കേണ്ടതെന്നും സ്റ്റാര്‍ വാല്യു ഇല്ലാത്ത സിനിമക്ക് തലവച്ച് കൊടുക്കരുതെന്നും വോയ്സ് ക്ലിപ്പില്‍ പറയുന്നുണ്ട്. ഈ സിനിമകള്‍ വച്ച് വിതരണക്കാരോട് വിലപേശരുതെന്നും ഓഡിയോ ക്ലിപ്പിലുണ്ട്. ജോയ് എം പിള്ളയുടെ ഉടമസ്ഥതയിലുള്ള എസ്. എല്‍ തിയറ്റര്‍ ഏരീസ് ഗ്രൂപ്പ് ഉടമ സോഹന്‍ റോയ് ദീര്‍ഘകാലത്തേക്ക് പാട്ടത്തിനെടുത്ത് അത്യാധുനിക സൗകര്യമുള്ള തിയറ്ററാക്കി സജ്ജീകരിക്കുകയായിരുന്നു

സിനിമ റിലീസാകുന്നതിന് മുമ്പ് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ തിയറ്റര്‍ മാനേജര്‍മാര്‍ മോശമായി ചിത്രീകരിച്ചതിനുള്ള പ്രതികരണമെന്ന നിലക്കാണ് സിനിമ നല്‍കാത്തത് എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വാദം. നിര്‍മ്മാതാക്കളുടെ സംഘടന താലിബാനിസം നടപ്പാക്കുകയാണന്നായിരുന്നു ഏരീസ് മള്‍ട്ടിപ്ലെക്സ് ഉടമയും വ്യവസായിയുമായ സോഹന്‍ റോയിയുടെ വാദം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സിനിമ നല്‍കിയില്ലെങ്കില്‍ തിയറ്റര്‍ അടച്ചിടാനാണ് തീരുമാനമെന്നും സോഹന്‍ റോയ്.

ഏരീസില്‍ ഇംഗ്ലീഷ് സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇത്രയും വലിയ ഒരു തീയേറ്റര്‍ ഇംഗ്ലീഷ് സിനിമകള്‍ മാത്രം ഓടിച്ച് മുന്നോട്ടു കൊണ്ടു പോകാനാവില്ല. സ്റ്റാര്‍, ഡോക്ടര്‍ തുടങ്ങിയ സിനിമകളൊന്നും പ്രദര്‍ശിപ്പിക്കാനായില്ല. ടിക്കറ്റ് തുകയെല്ലാം തിരികെ കൊടുക്കേണ്ടിവന്നുവെന്നും സോഹന്‍ റോയ്.

Related Stories

No stories found.
logo
The Cue
www.thecue.in