'ജയ് ഭീമിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം എന്റേത്, സൂര്യയെ വലിച്ചെഴയ്ക്കരുത്'; വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍

'ജയ് ഭീമിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം എന്റേത്, സൂര്യയെ വലിച്ചെഴയ്ക്കരുത്'; വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍

ജയ് ഭീം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍. സിനിമയിലൂടെ ഏതെങ്കിലും സമുദായത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആരുടെയെങ്കിലും സാമുദായിക വികാരം വ്രണപ്പെട്ടുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്ന് ജ്ഞാനവേല്‍ അറിയിച്ചു. സിനിമയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വിവാദത്തിലേക്ക് നടന്‍ സൂര്യയെ വലിച്ചിഴയ്ക്കരുതെന്നും ജ്ഞാനവേല്‍ ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.

ജയ് ഭീമില്‍ വണ്ണിയാര്‍ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് സമുദായത്തില്‍ പെട്ടവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ ഗുരുമൂര്‍ത്തി എന്ന വില്ലനായ പൊലീസുകാരന്‍ വണ്ണിയാര്‍ സമുദായക്കാരനാണെന്ന് കാണിക്കാന്‍ സ്റ്റേഷന്റെ ഭിത്തിയില്‍ സമുദായത്തിന്റെ ചിത്രമുള്ള കലണ്ടര്‍ തൂക്കിയെന്നാണ് സമുദായ നേതാക്കള്‍ ആരോപിച്ചത്.

അതേസമയം ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തെയോ അവഹേളിക്കണമെന്ന ചെറിയ ചിന്ത പോലും സിനിമയുടെ നിര്‍മ്മാണത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ജ്ഞാനവേല്‍ വ്യക്തമാക്കി. ചിത്രത്തിലെ ഒരു സീനില്‍ തൂക്കിയിട്ടിരിക്കുന്ന കലണ്ടര്‍ ഒരു സമുദായത്തെക്കുറിച്ചുള്ള പരാമര്‍ശമായി വായിക്കപ്പെടുമെന്ന് അറിയില്ലായിരുന്നു. 1995 എന്ന വര്‍ഷത്തെ സൂചിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. ചിത്രീകരണത്തിനിടയിലോ പോസ്റ്റ്-പ്രൊഡക്ഷന്‍ സമയത്തോ, കുറച്ച് സമയം മാത്രം പ്രത്യക്ഷപ്പെടുന്ന കലണ്ടര്‍ ഫൂട്ടേജ് ശ്രദ്ധയില്‍ പെട്ടില്ല. ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ നിരവധി ആളുകള്‍ക്കായി ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ആ സമയത്തെങ്കിലും ശ്രദ്ധയില്‍പെട്ടിരുന്നെങ്കില്‍ റിലീസിന് മുന്‍പായി മാറ്റുമായിരുന്നുവെന്നും ജ്ഞാനവേല്‍ പറയുന്നു.

വിഷയത്തില്‍ ജയ് ഭീമിന്റെ നിര്‍മാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകന്‍ ജ്ഞാനവേലിനും വണ്ണിയാര്‍ സമുദായക്കാര്‍ നോട്ടീസ് അയച്ചിരുന്നു. വണ്ണിയാര്‍ സംഘം സംസ്ഥാന പ്രസിഡന്റാണ് വക്കീല്‍ നോട്ടീസയച്ചത്. സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് നിര്‍മാതാക്കള്‍ മാപ്പ് പറയണം. ഏഴ് ദിവസത്തിനുള്ളില്‍ അഞ്ചു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമാണ് ആവശ്യം. ജ്ഞാനവേല്‍ ചിത്രത്തിന്റെ പേരില്‍ സൂര്യയ്ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in