'എനിക്ക് ഇനിയും കഥയുടെ പകുതി പറയാൻ ബാക്കി കിടക്കുകയാണ്'; സാലാറിന്റെ പ്രേക്ഷക പ്രതികരണത്തെക്കുറിച്ച് പ്രശാന്ത് നീൽ

'എനിക്ക് ഇനിയും കഥയുടെ പകുതി പറയാൻ ബാക്കി കിടക്കുകയാണ്'; സാലാറിന്റെ പ്രേക്ഷക പ്രതികരണത്തെക്കുറിച്ച് പ്രശാന്ത് നീൽ

പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ പാർട്ട് 1 സീസ്‌ഫയർ. ഡിസംബർ ഇരുപത്തി രണ്ടിന് റിലീസ് ചെയ്ത ചിത്രം തിയറ്ററിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് നേടിയത്. സലാര്‍ സിനിമയിലെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം സങ്കീര്‍ണമാണ് എന്നും പിന്തുടരാൻ ബുദ്ധിമുട്ടാണ് എന്നുമുള്ള പ്രേക്ഷക പ്രതികരണങ്ങൾക്ക് ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ. ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ ആദ്യത്തെ മൂന്ന് മണിക്കൂര്‍ മാത്രമാണ് ഇപ്പോൽ കണ്ടിരിക്കുന്നതെന്നും തനിക്ക് ഇനിയും കഥയുടെ പകുതി പറയാൻ ബാക്കി കിടക്കുകയാണ് എന്നും രണ്ടാം ഭാ​ഗം കാണുമ്പോൾ കഥാപാത്രങ്ങൾക്ക് സങ്കീർണ്ണതയുണ്ടോ ഇല്ലയോ എന്ന് പ്രേക്ഷകന് മനസ്സിലാവും എന്നും പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് നീൽ പറഞ്ഞു.

പ്രശാന്ത് നീൽ പറ‍ഞ്ഞത്:

ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ ആദ്യത്തെ മൂന്ന് മണിക്കൂര്‍ മാത്രമാണ് സലാര്‍: പാര്‍ട് വണ്‍ സീസ്‍ഫയര്‍, എന്തായാലും സലാര്‍ 2 റിലീസാകുമ്പോള്‍ സിനിമയുടെ അര്‍ഥം കൃത്യമായി മനസ്സിലാകും. സിനിമയില്‍ ഏതെങ്കിലും ഒരു കഥാപാത്രമെടുത്ത് കഥയില്‍ വ്യക്തതയുണ്ടാക്കാനല്ല ശ്രമിച്ചത്. ഞാൻ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അത് സലാർ എന്ന മുഴുവൻ ചിത്രത്തിനും വേണ്ടിയിട്ടാണ്. എനിക്ക് ഇനിയും കഥയുടെ പകുതി പറയാൻ ബാക്കി കിടക്കുകയാണ്. നിങ്ങൾ മുഴുവൻ സ്റ്റോറി കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും ആ കഥാപാത്രങ്ങൾക്ക് സങ്കീർണ്ണതയുണ്ടോ ഇല്ലയോ എന്ന്. ആളുകൾക്ക് മനസ്സിലാക്കാൻ പറ്റാത്ത തരത്തിൽ എന്തെങ്കിലും സങ്കീർണമായിട്ടുള്ളത് നിർമിക്കുക എന്നായിരുന്നില്ല ഒരിക്കലും എന്റെ ലക്ഷ്യം. പ്രത്യേകിച്ചു ഇതുപോലെ ഒരു ഇമോഷണൽ സിനിമയിൽ.

ഞാൻ സോഷ്യൽ മീഡിയയിൽ ഇല്ല എന്നതു കൊണ്ട് തന്നെ ഞാൻ സോഷ്യൽ മീഡിയയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും ബോധവാനായിരുന്നില്ല. പക്ഷേ സോഷ്യൽ മീഡിയയിലെ റെസ്പോൺസുകൾ വായിച്ച ആളുകൾ എന്നോട് പറഞ്ഞിരുന്നു സലാർ ഫോളോ ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടുണ്ട് എന്ന്. ഈ പ്രതികരണങ്ങളിൽ നിന്നെല്ലാം പഠിച്ച് അടുത്ത തവണ ശരിയാക്കാൻ ശ്രമിക്കാം.

കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിച്ച ചിത്രമായിരുന്നു സലാർ. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ആ​ഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ നേടിയത് 500 കോടിയോളമാണ്. ശ്രുതി ഹാസന്‍, ഈശ്വരി റാവു, ഗരുഡ റാം, ടിനു ആനന്ദ്, ജഗപതി ബാബു, ശ്രേയ റെഡ്ഡി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. പ്രശാന്ത് നീൽ തന്നെയാണ് ചിത്രത്തിന്റെ കഥയും,തിരക്കഥയും. രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിൽ ദേവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്. വരദ രാജ മന്നാർ എന്ന കഥാപാത്രമായാണ് സലാറിൽ പൃഥ്വിരാജ് എത്തിയത്. രണ്ട് സുഹൃത്തുക്കൾ എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Related Stories

No stories found.
logo
The Cue
www.thecue.in