
എമ്പുരാൻ, തുടരും, ഹൃദയപൂർവ്വം... ഹിറ്റുകൾ കൊണ്ട് 2025 നെ തന്റേതാക്കിയിരിക്കുകയാണ് മോഹൻലാൽ. ഈ വേളയിൽ അദ്ദേഹം നായകനാകുന്ന അടുത്ത ചിത്രം റിലീസിന് ഒരുങ്ങുകയാണ്, പ്രശസ്ത സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദ്വിഭാഷ ചിത്രം 'വൃഷഭ'. രണ്ടു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന സിനിമയുടെ വിശേഷങ്ങളും മോഹൻലാലിനൊപ്പമുള്ള ചിത്രീകരണ അനുഭവങ്ങളും ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുകയാണ് നന്ദകിഷോര്‍.
എന്താണ് വൃഷഭ?
വൃഷഭ ശിവന്റെ വാഹനമാണ്, ശിവന്റെ യോദ്ധാവാണ്. വൃഷഭ എങ്ങനെ ശിവന്റെ യോദ്ധാവായി എന്നതിന് പിന്നിൽ ഒരു കഥയുണ്ട്. ആ കഥയും വൃഷഭ എന്ന പേരും എന്റെ നായകന് യോജിക്കുമെന്ന് തോന്നി. അക്കാരണത്താലാണ് വൃഷഭ എന്ന പേര് ഈ സിനിമയ്ക്ക് നൽകിയത്. ഈ ചിത്രം സംസാരിക്കുന്നത് രണ്ടു ടൈംലൈനുകളിലൂടെയാണ്. മുൻജന്മത്തിൽ ശത്രുക്കളായിരുന്ന രണ്ടുപേർ പുനർജന്മത്തിൽ അച്ഛനും മകനുമാകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ഈ സിനിമയുടെ കഥ.
എന്തുകൊണ്ട് മോഹൻലാൽ?
ഈ സിനിമയിലെ നായകൻ ഒരു യോദ്ധാവാണ്, ഒരു രാജാവാണ്, ഒരു പിതാവാണ്. ഈ കഥാപാത്രത്തിന് ഏറെ അഭിനയ സാദ്ധ്യതകൾ ഉണ്ട്. അങ്ങനെയുള്ളപ്പോൾ 'God Of Acting'നേക്കാൾ മികച്ച മറ്റൊരു ഓപ്‌ഷൻ ലഭിക്കില്ലല്ലോ. ഈ കഥാപാത്രത്തിലേക്ക് അദ്ദേഹമല്ലാതെ മറ്റൊരാൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. ഡയലോഗുകൾ ഒന്നും പറയാതിരിക്കുന്ന നിമിഷങ്ങളിൽ കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന പ്രതിഭയാണ് അദ്ദേഹം.
മോഹൻലാൽ എന്ന യൂണിവേഴ്സിറ്റിക്കൊപ്പം
മോഹൻലാൽ സാറിനൊപ്പം വർക്ക് ചെയ്യുക എന്നത് തന്നെ ഒരു ആശിർവാദമായിരുന്നു. ആ ആശീർവാദത്തോടെ തന്നെ, ഏറെ ആത്മാർത്ഥമായാണ് ഈ സിനിമയെ ഞങ്ങൾ സമീപിച്ചതും. മോഹൻലാൽ സാറിനൊപ്പം വർക്ക് ചെയ്യുക എന്നത് ദൈവത്തിനൊപ്പം വർക്ക് ചെയ്യുന്നതിന് തുല്യമായിരുന്നു. ഒരു സൂപ്പർതാരത്തെ പോലെയല്ല ഒരു കൊച്ചുകുഞ്ഞിന്റെ ജിജ്ഞാസയോടെയാണ് അദ്ദേഹം സെറ്റിൽ വരുന്നത്. അദ്ദേഹം തന്നെയാണ് ഈ സിനിമയുടെ നട്ടെല്ലും.
സത്യത്തിൽ ഈ സിനിമയിൽ ഞാൻ ഒരു വിദ്യാർത്ഥിയെ പോലെയായിരുന്നു. മോഹൻലാൽ എന്ന സർവകലാശാലയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനും ഈ സിനിമ കൊണ്ട് അവസരമുണ്ടായി.
മോഹൻലാലിലെ നടനും സൂപ്പർതാരവും തിളങ്ങും
ഈ സിനിമയിൽ മോഹൻലാൽ എന്ന അഭിനേതാവിനെയും സൂപ്പർസ്റ്റാറിനെയും ബാലൻസ് ചെയ്യണമെന്നതിൽ ആദ്യം മുതലേ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. മോഹൻലാലിന്റെ ഇമോഷണൽ സൈഡും കൊമേഴ്ഷ്യൽ സൈഡും ഒരുപോലെ നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങളാരും ഒരുതരത്തിലും അക്കാര്യത്തിൽ നിരാശപ്പെടില്ല.
എന്തുകൊണ്ട് ബൈലിംഗ്വൽ?
മോഹൻലാൽ ഒരു പാൻ ഇന്ത്യൻ സ്റ്റാറാണ്. ഇന്ത്യയിലൊട്ടാകെയുള്ള അദ്ദേഹത്തിന്റെ ആരാധകർക്ക് വേണ്ടിയാണ് ഈ ചിത്രത്തെ പാൻ ഇന്ത്യൻ തലത്തിൽ, അതും ബൈലിംഗ്വലായി ഞങ്ങൾ ട്രീറ്റ് ചെയ്തത്. അതുപോലെ ഈ സിനിമ കാണുന്ന ഒരു പ്രേക്ഷകനും ഇതൊരു ഡബ്ബിങ് പതിപ്പായി തോന്നരുത് എന്ന വാശിയും ഞങ്ങൾക്ക് ഉണ്ടായിരുന്നു. അതിനാലാണ് തെലുങ്കിലും മലയാളത്തിലും ചിത്രീകരിച്ചത്.
മോഹൻലാലിന് ഇതൊക്കെ നിസ്സാരം
അഞ്ച് ഭാഷകൾ നിസ്സാരമായി സംസാരിക്കാൻ കഴിയുന്ന വ്യക്തിയാണ് മോഹൻലാൽ. അദ്ദേഹം തെലുങ്കും നിഷ്പ്രയാസം തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ഡയലോഗുകളിൽ മാത്രമല്ല, തെലുങ്ക് പോർഷൻ ഷൂട്ട് ചെയ്യുമ്പോഴും മലയാളം പോർഷൻ ഷൂട്ട് ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ ശരീരഭാഷ പോലും വ്യത്യസ്തമായിരുന്നു. അതൊക്കെ നേരിൽ കാണുന്നത് ഒരു അത്ഭുതമായിരുന്നു.
എല്ലാം അമൂല്യ നിമിഷങ്ങൾ
ഈ കഥയോട് അദ്ദേഹം ഓക്കേ പറഞ്ഞ നിമിഷം മുതൽ പിന്നീടിങ്ങോട്ട് എല്ലാ നിമിഷങ്ങളും എനിക്ക് അമൂല്യമാണ്. 100 കോടി ജനതയുള്ള നമ്മുടെ രാജ്യത്ത് എത്രപേർ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടാകും. അതിൽ എത്രപേർക്ക് അതിനുള്ള ഭാഗ്യം ലഭിക്കും? എനിക്ക് ആ ഭാഗ്യം ലഭിച്ചു. അതും തെലുങ്കിലും മലയാളത്തിലും അദ്ദേഹത്തെ അഭിനയിപ്പിക്കാൻ കഴിഞ്ഞു. ഇത് എനിക്ക് ലൈഫ് ടൈം അവസരമായിരുന്നു. ഇനിയും ആ ഭാഗ്യം ലഭിക്കണം എന്നാണ് എന്റെ പ്രാർത്ഥന.
സ്റ്റണ്ട് സീനുകൾ നിങ്ങൾക്ക് ഇഷ്ടപ്പെടും
അഞ്ച്-ആറ് അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ ഈ സിനിമയിലുണ്ട്. അതെല്ലാം ഡ്യൂപ്പിന്റെ സഹായമില്ലാതെ മോഹൻലാൽ സാർ തന്നെയാണ് ചെയ്തത്. പുലിമുരുകനിലെ പോലെ 360 ഡിഗ്രി റിഗ്ഗിങ്ങൊക്കെ അദ്ദേഹം ചെയ്തിട്ടുണ്ട്. അതെല്ലാം തിയറ്ററിൽ മികച്ച കയ്യടി നേടുമെന്നാണ് പ്രതീക്ഷ.
കണ്ടന്റ് തന്നെയാണ് 'രാജാവ്'
എല്ലാവരും പറയുന്ന കാര്യമാണ് ഇത്, എങ്കിലും പറയട്ടെ 'Content is the King'. ഈ സിനിമ പറയുന്നത് ഒരു ഇമോഷണൽ കണ്ടന്റാണ്. അതിന് എല്ലാ കൊമേഴ്ഷ്യൽ ചേരുവകളും ആഡ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ശക്തിയും വിശ്വാസവും ഈ സിനിമയുടെ കണ്ടന്റിൽ തന്നെയാണ്.
ഈ ചിത്രം ഒരു Under Dog ആണ്. വൃഷഭ എന്ന സിനിമ വരുന്നതിനെക്കുറിച്ച് ചർച്ചകൾ ഒന്നും നടന്നിരുന്നില്ല. ഈ സിനിമയിൽ ആർക്കും വലിയ പ്രതീക്ഷ പോലുമില്ലായിരുന്നു എന്നതാണ് വസ്തുത. ടീസർ റിലീസായപ്പോൾ പോലും ഈ സിനിമയെ ട്രോൾ ചെയ്യാനാണ് വന്നത് എന്ന് പലരും കമന്റ് ചെയ്തിരുന്നു. എന്നാൽ ഞങ്ങൾ ഈ സിനിമയോട് പുലർത്തിയ സത്യസന്ധത ആ ടീസറിൽ കണ്ടു മനസ്സിലാക്കിയ പ്രേക്ഷകർ ഞങ്ങളിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട്. ആ വിശ്വാസം ഞങ്ങൾ ഒരിക്കലും കളയില്ല. ഈ സിനിമ കണ്ടിറങ്ങുമ്പോൾ നിങ്ങൾക്ക് അത് മനസിലാകും.
ചലഞ്ചുകൾ നിരവധി
ആദ്യമൊന്നും പ്രേക്ഷകർ ആരും ഈ സിനിമയെ വിശ്വസിച്ചിരുന്നില്ല. എന്നാൽ ടീസർ പുറത്തിറങ്ങിയ ശേഷം ആളുകൾക്ക് ഈ സിനിമയിൽ വിശ്വാസം വന്നു തുടങ്ങിയിട്ടുണ്ട്. ആ വിശ്വാസം നഷ്ടപ്പെടുത്തരുത് എന്നത് തന്നെയാണ് ഏറ്റവും വലിയ ചലഞ്ച്. അതുപോലെ മോഹൻലാൽ സാറിനെ രാജ്യം ദാദാസാഹേബ് ഫാൽക്കെ അവാർഡ് നൽകിയ ആദരിച്ചിരിക്കുന്ന വേള കൂടിയാണിത്. അദ്ദേഹത്തെ ഏറ്റവും മികച്ച രീതിയിൽ പ്രെസെന്റ് ചെയ്യുക എന്നത് ഇപ്പോൾ ഒരു ചലഞ്ചാണ്.
പ്രേക്ഷകരിൽ വിശ്വാസം
ഞാൻ സത്യസന്ധമായി, ആത്മാർത്ഥമായി ഈ സിനിമയ്‌ക്കായി പ്രയത്നിച്ചിട്ടുണ്ട്. അത് തിയറ്ററിൽ എത്തുമ്പോൾ മനസ്സിലാകും. ഞാൻ ചെയ്തതിന്റെ നല്ല വശങ്ങളെ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.